Friday, April 6, 2012

അഗ്നിശമനസേനയില്‍ അനധികൃത സംഘടനാ പ്രവര്‍ത്തനം; അന്വേഷണം അട്ടിമറിക്കുന്നു


അഗ്നിശമനസേനയില്‍ സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സംഘടനാപ്രവര്‍ത്തനം നടത്തിയ സംഭവത്തില്‍ അന്വേഷണം ഇല്ലാതാക്കുന്നു. കേരള ഫയര്‍ സര്‍വീസ് വെല്‍ഫയര്‍ കമ്മിറ്റി എന്ന പേരിലാണ് ചിലര്‍ സംഘടന രൂപീകരിച്ച് പ്രവര്‍ത്തിച്ചത്. ഇതു സംബന്ധിച്ച സുപ്രധാന രേഖ ഫയലില്‍ കാണാനില്ലെന്നും വിവരം ലഭിച്ചു. ഉമ്മന്‍ചാണ്ടി വകുപ്പിന്റെ ചുമതല ഏറ്റെടുത്തശേഷമാണ് സംഘടന രംഗത്തെത്തിയത്. ഫയര്‍ സര്‍വീസിന്റെ നവീകരണമുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് സംഘടനയുടെ ലെറ്റര്‍പാഡില്‍ നിവേദനവും നല്‍കി. നിവേദനം മുഖ്യമന്ത്രി ഒപ്പിട്ട് അഭ്യന്തരവകുപ്പ് സെക്രട്ടറി വഴി അഗ്നിശമന സേനാ വകുപ്പിന് കൈമാറി.

ഇതിനിടയില്‍ അനധികൃത സംഘടനയ്ക്കെതിരെ ജീവനക്കാര്‍ പരാതി നല്‍കി. 1966ലെ അച്ചടക്ക നിയന്ത്രണനിയമത്തിനു വിധേയമായി പൊലീസിന് തുല്യമായ സംഘടനാ സ്വാതന്ത്രം മാത്രമാണ് അഗ്നിശമന സേനയിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്സ് ഡിജിപി പ്രേംശങ്കര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാര്‍ കുടുങ്ങുമെന്നായപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി. തുടര്‍ന്ന് തിരുവനന്തപുരം ഡിവിഷണല്‍ ഓഫീസര്‍ക്കായി അന്വേഷണചുമതല. ഇതോടെ നടപടി ഇഴയാന്‍ തുടങ്ങി. പരാതിയുമായി ബന്ധപ്പെട്ട പ്രധാന രേഖകളൊന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പരിശോധിക്കാന്‍ തയ്യാറാകുന്നില്ല. അംഗീകാരമില്ലാത്ത സംഘടനയുടെ പേരില്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നെന്ന് വിവരാവകാശ നിയമപ്രകാരം 2011 ജൂണ്‍ 30ന് നല്‍കിയ അപേക്ഷയില്‍ ഫയര്‍ സര്‍വീസ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ പകര്‍പ്പ് അപേക്ഷകന് ലഭ്യമാക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍, പകര്‍പ്പ് ലഭ്യമാക്കാത്തതിനെത്തുടര്‍ന്ന് 2012 ഫെബ്രുവരി 16ന് വീണ്ടും അപേക്ഷ നല്‍കിയപ്പോള്‍ അന്വേഷണം ഭാഗികമായേ നടന്നിട്ടുള്ളുവെന്ന് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു.

തുടര്‍ന്ന്, അപ്പലേറ്റ് അതോറിറ്റിയായ ജോയിന്റ് കമീഷണര്‍ക്ക് നല്‍കിയ അപേക്ഷയിലാണ് അന്വേഷണം ഇല്ലാതാകുന്നതിന്റെ സൂചന പുറത്തായത്. നിവേദനം ബന്ധപ്പെട്ട ഫയലില്‍നിന്ന് നഷ്ടപ്പെട്ടെന്നും പകര്‍പ്പ് നല്‍കാന്‍ കഴിയില്ലെന്നുമാണ് ജോയിന്റ് സെക്രട്ടറിയുടെ മറുപടിയില്‍ പറയുന്നത്.
(ജി രാജേഷ്കുമാര്‍)

deshabhimani 060412

No comments:

Post a Comment