Thursday, April 5, 2012

ഉയര്‍ത്തിയത് ജീവിതത്തിന്റെ കൊടിപ്പടം

കളിച്ചും പഠിച്ചും പോരാടിയും വളര്‍ന്ന മണ്ണിലേക്ക് പ്രായം തളര്‍ത്താത്ത സമരവീര്യത്തിന്റെ ഉള്‍ക്കരുത്തുമായി ഉമാനാഥ് എത്തി. ഇന്ത്യന്‍ വിപ്ലവപ്രസ്ഥാനത്തിന്റെ ഐതിഹാസിക മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ വേദിയില്‍ ഇനിയുള്ള അഞ്ച് നാളും ഈ സമരനായകന്റെ നിറസാന്നിധ്യമുണ്ടാകും. ഇന്റര്‍മീഡിയറ്റ് കഴിഞ്ഞ് മലയാളക്കരയില്‍നിന്ന് ഉന്നതവിദ്യാഭ്യാസം തേടി ചെന്നൈയിലേക്ക് വണ്ടികയറിയ കൗമാരക്കാരന്‍ പിന്നീട് ഒരു പുരുഷായുസ്സ് മുഴുവന്‍ തമിഴ്നാട്ടിലെ നിസ്വവര്‍ഗത്തിന്റെ അവകാശ സമരങ്ങളിലെ മുന്നണിപ്പോരാളിയായി മാറുകയായിരുന്നു.

പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായംകൂടിയ നേതാവായ ഈ തൊണ്ണൂറ്റൊന്നുകാരനാണ് പ്രതിനിധി സമ്മേളന നഗറില്‍ പതാക ഉയര്‍ത്തിയത്. തന്റെ കുട്ടിക്കാലം ചെലവഴിച്ച മണ്ണില്‍ പാര്‍ടി പതാക ഉയര്‍ത്താന്‍ കഴിഞ്ഞതില്‍ നിറഞ്ഞ അഭിമാനവും അതിലേറെ ആവേശവുമുണ്ടെന്ന് ഉമാനാഥ് "ദേശാഭിമാനി" യോട് പറഞ്ഞു. കാസര്‍കോട്ട് ജനിച്ച ഉമാനാഥ് റാവു എന്ന ആര്‍ ഉമാനാഥ് സ്കൂള്‍ വിദ്യാഭ്യാസത്തിനാണ് കോഴിക്കോട്ടെ സഹോദരിയുടെ വീട്ടിലെത്തിയത്. ചാലപ്പുറം ഗവ. ഗണപത് ഹൈസ്കൂളില്‍ പഠിക്കവെ സഹപാഠിയായ ഇ കെ ഇമ്പിച്ചിബാവയുമായുള്ള ചങ്ങാത്തമാണ് കമ്യൂണിസ്റ്റ് പാര്‍ടിയിലേക്ക് ആകര്‍ഷിച്ചത്. തേര്‍ഡ് ഫോറം പൂര്‍ത്തിയാക്കി മലബാര്‍ ക്രിസ്ത്യന്‍കോളേജില്‍ ഇന്ററര്‍മിഡിയറ്റിന് പഠിക്കുമ്പോഴും കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ മനസ്സില്‍ മുറുകെ പിടിച്ചു. കോഴിക്കോട് കടപ്പുറത്ത് നിര്‍ത്തിയിട്ട തോണികളുടെ തണലില്‍ ചെന്നിരുന്ന് ഇമ്പിച്ചിബാവയോടൊപ്പം ഒഴിവ് സമയങ്ങളില്‍ ആശയവിനിമയം നടത്തി. ഇന്റര്‍മീഡിയറ്റ് പൂര്‍ത്തിയാക്കിയ ഉമാനാഥിന് ഉന്നത വിദ്യാഭ്യാസം നല്‍കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ജ്യേഷ്ഠസഹോദരന്‍ അണ്ണാമലൈ യൂണിവേഴ്സിറ്റിയില്‍ ബിഎ ഓണേഴ്സിന് ചേര്‍ത്തത്.
അവിടെയെത്തിയതോടെ ക്യാമ്പസിലെ വിദ്യാര്‍ഥി സൗഹൃദങ്ങള്‍ ഉമാനാഥിലെ കമ്യൂണിസ്റ്റുകാരനെ വീണ്ടുമുണര്‍ത്തി. കമ്യൂണിസ്റ്റ് പാര്‍ടി നിരോധിച്ച കാലമായിരുന്നു അത്. കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കളായ പി രാമമൂര്‍ത്തിയും മോഹന്‍ കുമരമംഗലവും ഉള്‍പ്പെടെ ഒളിവില്‍. ഈ ഒളിപ്രവര്‍ത്തന ഗ്രൂപ്പിലേക്ക് ഉമാനാഥിനെയും നിയോഗിച്ചു. മുംബെയില്‍നിന്നും മറ്റും അതീവ രഹസ്യമായി എത്തിക്കുന്ന പാര്‍ടി പ്രസിദ്ധീകരണങ്ങളും ലഘുലേഖകളുമെല്ലാം ബന്ധപ്പെട്ട കേന്ദ്രങ്ങളിലെത്തിക്കുന്ന ജോലി ഉള്‍പ്പെടെയാണ് ഏറ്റെടുത്തത്. ഇതിനിടയില്‍ രഹസ്യ കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ് നടത്തി. മദിരാശി ഗൂഢാലോചനാ കേസില്‍പ്പെടുത്തി പി രാമമൂര്‍ത്തിയോടൊപ്പം ജയിലിലടച്ചു. പിന്നീട് നീണ്ട ജയില്‍വാസം. പിന്നീടങ്ങോട്ട് മുഴുവന്‍ സമയ കമ്യൂണിസ്റ്റുകാരനായി ജീവിതം തുടര്‍ന്നു.

പുതുക്കോട്ടയില്‍നിന്ന് 1962ലും 1968ലും ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഇവിടെനിന്നും തമിഴ്നാട് നിയമസഭാംഗവുമായി. കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകയും സഖാവുമായിരുന്ന പാപ്പയെ ജീവിത പങ്കാളിയാക്കി. പാര്‍ടി കേന്ദ്രകമ്മിറ്റി അംഗമായിരുന്ന പാപ്പാ ഉമാനാഥ് ഈ സമ്മേളന കാലയളവിലാണ് വിട്ടുപിരിഞ്ഞത്. മകള്‍ യു വാസുകിയും കേന്ദ്രകമ്മിറ്റി അംഗമാണ്. വാസുകിയും പാര്‍ടി കോണ്‍ഗ്രസിലെ സജീവ സാന്നിധ്യം. മറ്റൊരു മകള്‍ നിര്‍മലാറാണി അഭിഭാഷകയാണ്. പാര്‍ടിയുമായി ബന്ധപ്പെട്ട കേസുകള്‍ സൗജന്യമായി വാദിച്ച് പാര്‍ടി സഹയാത്രികയായി തുടരുന്നു. തൃശ്ശിനാപ്പള്ളിയില്‍ താമസിക്കുന്ന ഉമാനാഥ് എല്ലാ ദിവസവും രാവിലെ പത്തരയോടെ പാര്‍ടി ഓഫീസില്‍ എത്തുകയും ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയുംചെയ്യുന്നു. പ്രായം ഈ സമരനായകനെ തളര്‍ത്തിയില്ല. ശാരീരിക അവശതകളെ തെല്ലും കൂസാതെ പുതിയ പ്രഭാതത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ വിശ്രമമില്ലാതെ മുന്നേറുന്നു.
(എം രഘുനാഥ്)

deshabhimani 050412

1 comment:

  1. കളിച്ചും പഠിച്ചും പോരാടിയും വളര്‍ന്ന മണ്ണിലേക്ക് പ്രായം തളര്‍ത്താത്ത സമരവീര്യത്തിന്റെ ഉള്‍ക്കരുത്തുമായി ഉമാനാഥ് എത്തി. ഇന്ത്യന്‍ വിപ്ലവപ്രസ്ഥാനത്തിന്റെ ഐതിഹാസിക മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ വേദിയില്‍ ഇനിയുള്ള അഞ്ച് നാളും ഈ സമരനായകന്റെ നിറസാന്നിധ്യമുണ്ടാകും. ഇന്റര്‍മീഡിയറ്റ് കഴിഞ്ഞ് മലയാളക്കരയില്‍നിന്ന് ഉന്നതവിദ്യാഭ്യാസം തേടി ചെന്നൈയിലേക്ക് വണ്ടികയറിയ കൗമാരക്കാരന്‍ പിന്നീട് ഒരു പുരുഷായുസ്സ് മുഴുവന്‍ തമിഴ്നാട്ടിലെ നിസ്വവര്‍ഗത്തിന്റെ അവകാശ സമരങ്ങളിലെ മുന്നണിപ്പോരാളിയായി മാറുകയായിരുന്നു.

    ReplyDelete