Thursday, April 5, 2012

നോമിനികളുടെ ഭരണം ; കലക്ടര്‍ നോക്കുകുത്തി


ശിശുക്ഷേമസമിതിയില്‍ കലക്ടര്‍ ചുമതലയേറ്റിട്ടും ഭരണം സര്‍ക്കാര്‍ നോമിനികളുടെ കൈയില്‍. ഇവരുടെ ഭീഷണിയെത്തുടര്‍ന്ന് താല്‍ക്കാലിക ജീവനക്കാര്‍ സമിതിയില്‍നിന്നു പിരിഞ്ഞുപോകാന്‍ സാധ്യത. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സമിതിയുടെ ചുമതല കലക്ടര്‍ ഏറ്റെടുത്തത്. എന്നാല്‍, സര്‍ക്കാര്‍ നോമിനികളാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഇതിന് ഒടുവിലത്തെ ഉദാഹരണമാണ് താല്‍ക്കാലിക ജീവനക്കാരിയെ സുനില്‍ സി കുര്യന്‍ ഭീഷണിപ്പെടുത്തിയ സംഭവം. ദത്ത് നടപടിക്രമം പൂര്‍ത്തിയാക്കാനെത്തിയ ദമ്പതികള്‍ക്ക് കലക്ടരുടെ നിര്‍ദേശത്തെതുടര്‍ന്ന് കുഞ്ഞിനെ കാണിച്ചതിനാണ് ശിശുഗൃഹ അഡോപ്ഷന്‍ സെന്ററിലെ സോഷ്യല്‍വര്‍ക്കറായ സരിതയെ ഭീഷണിപ്പെടുത്തിയത്. ദമ്പതികള്‍ കുഞ്ഞിനെ കണ്ട് നിമിഷങ്ങള്‍ക്കകം മദ്രാസിലുള്ള സുനില്‍ സി കുര്യന്‍ ഫോണില്‍ വിളിച്ചത് സമിതിയിലെ ചില ജീവനക്കാര്‍ നല്‍കിയ വിവരം അനുസരിച്ചാണ്. ഇവരുമായി കൂട്ടുചേര്‍ന്നുകൊണ്ടാണ് സര്‍ക്കാര്‍ നോമിനികള്‍ ഭരണം നടത്തുന്നത്. ഇതേത്തുടര്‍ന്ന് താല്‍ക്കാലിക ജീവനക്കാര്‍ ജോലി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. ഇതോടെ കുട്ടികളുടെ പരിചരണം പ്രതിസന്ധിയിലാകും. കുട്ടികളെ പരിചരിക്കുന്ന 34 ല്‍ 11 പേര്‍ താല്‍ക്കാലികജീവനക്കാരാണ്. ഇവര്‍ ഭരണപ്രതിസന്ധിയെത്തുടര്‍ന്ന് മൂന്നു മാസം ശമ്പളം ലഭിക്കാതിരുന്നിട്ടും ജോലിക്കെത്തിയിരുന്നു.

ഭരണപ്രതിസന്ധി പരിഹരിക്കാന്‍ ജനറല്‍ബോഡി വിളിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. 880 അംഗങ്ങളാണ് സമിതിയിലുള്ളത്. സമിതിയുടെ ഭരണം പിടിക്കാന്‍ 1736 പേരുടെ ലിസ്റ്റ് സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുകയാണ്. വ്യാജമായി ചേര്‍ത്ത അംഗങ്ങള്‍ക്ക് വോട്ടവകാശം ഉറപ്പാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഡയറക്ടറെ മറയാക്കി ജനറല്‍ബോഡി നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമവും നടത്തുന്നുണ്ട്. മൂന്നാഴ്ചയ്ക്കകം യോഗം വിളിച്ചുചേര്‍ക്കണമെന്നാണ് കോടതി നിര്‍ദേശം. ഇതിനുള്ള പ്രാരംഭനടപടി ആരംഭിച്ചില്ല. പകരം ഇതിന് കൂടുതല്‍ സമയം വേണമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ ഉന്നയിക്കാന്‍ പോകുന്നത്.
(രജിലാല്‍)

കലക്ടറുടെ നിര്‍ദേശം അനുസരിച്ചതിന് ഭീഷണി: ശിശുക്ഷേമസമിതി ജീവനക്കാരി കുഴഞ്ഞുവീണു

കലക്ടറുടെ നിര്‍ദേശപ്രകാരം ശിശുക്ഷേമസമിതിയില്‍ ദത്തെടുക്കാന്‍ വന്ന ദമ്പതികള്‍ക്ക് കുഞ്ഞിനെ കാണിച്ചതിന് ജീവനക്കാരിക്ക് ഭീഷണി. ഇതിനെ തുടര്‍ന്ന് കുഴഞ്ഞുവിണ ജീവനക്കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശിശുഗൃഹ പ്രോജക്ട് അഡോപ്ഷന്‍ സെന്ററിലെ താല്‍ക്കാലിക ജീവനക്കാരി സരിത (25)യെ, സമിതി മുന്‍ ജനറല്‍സെക്രട്ടറി സുനില്‍ സി കുര്യനാണ് സെല്‍ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്.

ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ദത്തെടുക്കലുമായി ബന്ധപ്പെട്ട് സമിതി നടത്തുന്ന ഹോംസ്റ്റെഡിയുടെ ഫീസ് അടയ്ക്കാനാണ് തിരുവനന്തപുരം സ്വദേശികളായ ദമ്പതികള്‍ സമിതിയിലെത്തിയത്. ഇവര്‍ കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന്, അഡ്മിനിസ്ട്രേറ്റര്‍ ഓഫീസര്‍ വഴി സമിതിയുടെ ചുമതല വഹിക്കുന്ന കലക്ടറുമായി ബന്ധപ്പെട്ടു. കുട്ടിയെ കാണിക്കുവാന്‍ അനുവാദവും നല്‍കി. തുടര്‍ന്ന് സരിത ദത്തെടുക്കാന്‍ പോകുന്ന കുട്ടിയെ ദമ്പതികള്‍ക്ക് കാണിച്ചുകൊടുത്തു. ദമ്പതികള്‍ കുട്ടിയെ കണ്ട് ഇറങ്ങി നിമിഷങ്ങള്‍ക്കകമാണ് സരിതയുടെ സെല്‍ ഫോണില്‍ വിളി വന്നത്. 9447710600 എന്ന നമ്പറില്‍നിന്നാണ് ബുധനാഴ്ച പകല്‍ 1.20ന് ഭീഷണിപ്പെടുത്തിയത്. സുനില്‍ സി കുര്യനാണെന്ന് പരിചയപ്പെടുത്തിയാണ് സംസാരം തുടങ്ങിയത്. കൈക്കൂലി വാങ്ങിയാണോ കുട്ടിയെ കാണിച്ചതെന്നും വിജിലന്‍സില്‍ അറിയിച്ച് കേസെടുക്കുമെന്നും പറഞ്ഞു. മോശമായ ഭാഷയിലുള്ള സംസാരം കേട്ട് സരിത കുഴഞ്ഞുവീണു. ഉടന്‍തന്നെ മറ്റു ജീവനക്കാര്‍ ചേര്‍ന്ന് തൈക്കാട് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിശദമായ പരിശോധനയ്ക്ക് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു.

സമിതിയുടെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നോമിനികളായ ചെമ്പഴന്തി അനിലിനെയും സുനില്‍ സി കുര്യനെയും അറിയിക്കാന്‍ ചില ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് തെളിവാണ് ബുധനാഴ്ചത്തെ സംഭവം. മുന്‍ഗണനാ ലിസ്റ്റ് അനുസരിച്ച് വിശദമായ പഠനം നടത്തിയതിനു ശേഷമാണ് ദത്ത് നല്‍കുന്നത്. എന്നാല്‍, ഈ ലിസ്റ്റ് മറികടന്ന് എറണാകുളം സ്വദേശികളായ ദമ്പതികള്‍ക്ക് കുഞ്ഞിനെ കൊടുക്കാനുള്ള നീക്കവും നടക്കുന്നു. ഇതിന് വഴങ്ങാത്തതിനെത്തുടര്‍ന്നാണ് ജീവനക്കാരിയെ ഫോണില്‍ ഭീഷണിപ്പെടുത്തിയത്.

deshabhimani 050412

1 comment:

  1. ശിശുക്ഷേമസമിതിയില്‍ കലക്ടര്‍ ചുമതലയേറ്റിട്ടും ഭരണം സര്‍ക്കാര്‍ നോമിനികളുടെ കൈയില്‍. ഇവരുടെ ഭീഷണിയെത്തുടര്‍ന്ന് താല്‍ക്കാലിക ജീവനക്കാര്‍ സമിതിയില്‍നിന്നു പിരിഞ്ഞുപോകാന്‍ സാധ്യത. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സമിതിയുടെ ചുമതല കലക്ടര്‍ ഏറ്റെടുത്തത്. എന്നാല്‍, സര്‍ക്കാര്‍ നോമിനികളാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഇതിന് ഒടുവിലത്തെ ഉദാഹരണമാണ് താല്‍ക്കാലിക ജീവനക്കാരിയെ സുനില്‍ സി കുര്യന്‍ ഭീഷണിപ്പെടുത്തിയ സംഭവം. ദത്ത് നടപടിക്രമം പൂര്‍ത്തിയാക്കാനെത്തിയ ദമ്പതികള്‍ക്ക് കലക്ടരുടെ നിര്‍ദേശത്തെതുടര്‍ന്ന് കുഞ്ഞിനെ കാണിച്ചതിനാണ് ശിശുഗൃഹ അഡോപ്ഷന്‍ സെന്ററിലെ സോഷ്യല്‍വര്‍ക്കറായ സരിതയെ ഭീഷണിപ്പെടുത്തിയത്. ദമ്പതികള്‍ കുഞ്ഞിനെ കണ്ട് നിമിഷങ്ങള്‍ക്കകം മദ്രാസിലുള്ള സുനില്‍ സി കുര്യന്‍ ഫോണില്‍ വിളിച്ചത് സമിതിയിലെ ചില ജീവനക്കാര്‍ നല്‍കിയ വിവരം അനുസരിച്ചാണ്. ഇവരുമായി കൂട്ടുചേര്‍ന്നുകൊണ്ടാണ് സര്‍ക്കാര്‍ നോമിനികള്‍ ഭരണം നടത്തുന്നത്. ഇതേത്തുടര്‍ന്ന് താല്‍ക്കാലിക ജീവനക്കാര്‍ ജോലി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. ഇതോടെ കുട്ടികളുടെ പരിചരണം പ്രതിസന്ധിയിലാകും. കുട്ടികളെ പരിചരിക്കുന്ന 34 ല്‍ 11 പേര്‍ താല്‍ക്കാലികജീവനക്കാരാണ്. ഇവര്‍ ഭരണപ്രതിസന്ധിയെത്തുടര്‍ന്ന് മൂന്നു മാസം ശമ്പളം ലഭിക്കാതിരുന്നിട്ടും ജോലിക്കെത്തിയിരുന്നു.

    ReplyDelete