Thursday, April 5, 2012

കരാര്‍ത്തൊഴിലാളികളെ സ്ഥിരപ്പെടുത്തണം; കെഎംഎംഎല്ലില്‍ പണിമുടക്ക് ശക്തം


ആനുകൂല്യം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ കരിദിനം ആചരിച്ചു

ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കെഎംഎംഎല്‍ തൊഴിലാളികള്‍ കരിദിനം ആചരിച്ചു. കമ്പനിക്കുമുന്നില്‍ ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ തൊഴിലാളികള്‍ പ്രതീകാത്മകമായി സര്‍ക്കാര്‍ ഉത്തരവ് കത്തിച്ചു. പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയായി ധര്‍ണയും സെക്രട്ടറിയറ്റ് മാര്‍ച്ചും സംഘടിപ്പിക്കുമെന്ന് കെഎംഎം ടൈറ്റാനിയം എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) സെക്രട്ടറി എം ജി ഓസ്റ്റിന്‍, ടൈറ്റാനിയം എംപ്ലോയീസ് യൂണിയന്‍ (യുടിയുസി) സെക്രട്ടറി എന്‍ സി ബാബുചന്ദ്രന്‍, കേരള മിനറല്‍സ് ടൈറ്റാനിയം എംപ്ലോയീസ് അസോസിയേഷന്‍ (എഐടിയുസി) സെക്രട്ടറി എ ഷറഫുദിന്‍ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

നഷ്ടത്തിലോടിയിരുന്ന പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലില്‍ 1993നുശേഷമാണ് നേട്ടമുണ്ടായത്. തുടര്‍ച്ചയായുള്ള ഉല്‍പ്പാദന വര്‍ധനയിലൂടെ 2011-12 വര്‍ഷം 153 കോടിയുടെ ലാഭമുണ്ടാക്കി. മികച്ച പ്രവര്‍ത്തനത്തിന് സംസ്ഥാന വ്യവസായ വകുപ്പിന്റെ പുരസ്കാരവും ഇക്കാലത്ത് കെഎംഎംഎല്ലിനെ തേടിയെത്തി. ജീവനക്കാരുടെ സേവന- വേതന പരിഷ്കാരവുമായി ബന്ധപ്പെട്ട് ഏഴ് കരാറുകളാണ് കമ്പനി ഇതുവരെ ഒപ്പുവച്ചിട്ടുളളത്. 2011 ഫെബ്രുവരി 11ന് ഒപ്പിട്ട നാലുവര്‍ഷത്തേക്ക് നടപ്പാക്കുന്ന ഏഴാം ദീര്‍ഘകാല കരാര്‍ തൊഴിലാളികള്‍ക്ക് ഏറെ നേട്ടമുണ്ടാക്കുന്നതായിരുന്നു. അന്നത്തെ വ്യവസായമന്ത്രി എളമരം കരിം, തൊഴില്‍മന്ത്രി പി കെ ഗുരുദാസന്‍, കെഎംഎംഎല്‍ മാനേജ്മെന്റ് പ്രതിനിധികള്‍, തൊഴിലാളി യൂണിയനുകള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പിട്ടത്. ശമ്പളവര്‍ധന അതേമാസം തന്നെ നിലവില്‍ വരികയും ചെയ്തു.

എന്നാല്‍, മന്ത്രിസഭ മാറി യുഡിഎഫ് അധികാരത്തില്‍ എത്തിയതോടെ സ്ഥിതിമാറി. 2011ല്‍ നടപ്പാക്കിയ പരിഷ്കാരത്തിന്റെ ഉത്തരവിറങ്ങിയത് 2012 മാര്‍ച്ച് 31നാണ്. ഈ ഉത്തരവാകട്ടെ ഏഴാം കരാറിനെ പൂര്‍ണമായി നിഷേധിക്കുന്നു. കരാറില്‍ ധാരണയായ ശമ്പളസ്കെയില്‍, ഇന്‍ക്രിമെന്റ്, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയില്‍ കുറവ് വരുത്തി. വീട്, വാഹന വായ്പകളുടെ പരിധിയും കുറച്ചു. ലഭിച്ചുകൊണ്ടിരുന്ന ശമ്പളത്തില്‍ മാസം ആയിരത്തിലേറെ രൂപയുടെ കുറവുണ്ടായി. തൊഴിലാളികളെ ദ്രോഹിക്കുന്ന ഈ ഉത്തരവ് പിന്‍വലിക്കണമെന്നും ഏഴാം ദീര്‍ഘകാലകരാര്‍ പൂര്‍ണമായും നടപ്പാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

കരാര്‍ത്തൊഴിലാളികളെ സ്ഥിരപ്പെടുത്തണം; കെഎംഎംഎല്ലില്‍ പണിമുടക്ക് ശക്തം

ചവറ: കെഎംഎംഎല്ലില്‍ വര്‍ഷങ്ങളായി തൊഴിലെടുക്കുന്ന കരാര്‍ത്തൊഴിലാളികള്‍ക്ക് സ്ഥിരംനിയമനം നല്‍കണമെന്ന ആവശ്യവുമായി സംയുക്ത ട്രേഡ്യൂണിയന്‍ ആരംഭിച്ച പണിമുടക്ക് ശക്തമാകുന്നു. പണിമുടക്കില്‍ കൂടുതല്‍ വിഭാഗം കരാര്‍ത്തൊഴിലാളികള്‍കൂടി ചേര്‍ന്നതോടെ കെഎംഎംഎല്ലിനുള്ളിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിലച്ചു. ചില പ്ലാന്റുകളുടെ പ്രവര്‍ത്തനവും നിലയ്ക്കുന്ന അവസ്ഥയിലേക്കെത്തി. ക്യാന്റീനിലെ കരാര്‍ത്തൊഴിലാളികള്‍കൂടി പണിമുടക്കില്‍ പങ്കെടുക്കാന്‍ തയ്യാറാകുന്നതോടെ കെഎംഎംഎല്ലിന്റെ പ്രവര്‍ത്തനം നിശ്ചലമാകും. 30 വര്‍ഷമായി തൊഴിലെടുക്കുന്ന കരാര്‍ത്തൊഴിലാളികളെ സ്ഥിരപ്പെടുത്താതെ പുതിയ നിയമനസമ്പ്രദായത്തിന് ശ്രമിക്കുന്ന സര്‍ക്കാര്‍ നീക്കത്തിനെതിരെ ജനകീയമുന്നേറ്റമായി സമരം മാറും. വ്യാഴാഴ്ച രാവിലെ ആറിന് കെഎംഎംഎല്ലിനു മുന്നില്‍ വിശദീകരണയോഗം നടക്കും. സംയുക്ത ട്രേഡ്യൂണിയന്‍ ജനറല്‍ബോഡി ബുധനാഴ്ച ചേര്‍ന്ന് സമരം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചു.

കെഎംഎംഎല്‍: മന്ത്രിയുടെ വിശ്വസ്തനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത്

ചവറ: കെഎംഎംഎല്ലില്‍ അനധികൃത നിയമനം നടത്തുന്നത് വ്യവസായമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫാണെന്ന് യൂത്ത് കോണ്‍ഗ്രസ്. വ്യവസായമന്ത്രിയുടെ പേഴ്സണ്‍ സ്റ്റാഫ്അംഗവും യുഡിഎഫ് ഭരണകാലത്ത് കെഎംഎംഎല്ലില്‍ അനധികൃത നിയമനത്തിന് ചുക്കാന്‍ പിടിക്കുന്നയാളുമായ വ്യവസായമന്ത്രിയുടെ വിശ്വസ്തനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് രംഗത്ത് എത്തിയിരിക്കുന്നത്.

ഒരാഴ്ചയ്ക്കുള്ളില്‍ കെഎംഎംഎല്ലില്‍ മൂന്ന് അനധികൃത നിയമനം നടത്തിയ മന്ത്രിയുടെ ഈ വിശ്വസ്തനെ നിലയ്ക്കുനിര്‍ത്താന്‍ യുഡിഎഫ് നേതൃത്വം തയ്യാറാകണമെന്ന് യൂത്ത് കോണ്‍ഗ്രസ് ചവറ നിയോജകമണ്ഡലം പ്രസിഡന്റ് ഷിജു നെല്ലിപ്പറമ്പില്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കെഎംഎംഎല്ലില്‍ പുതിയ മാനേജിങ് ഡയറക്ടറെ നിയമിക്കാന്‍ വ്യവസായമന്ത്രിയുടെ ഓഫീസില്‍ കോടികളുടെ വിലപേശലാണ് നടക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നല്‍കിയശേഷം പിന്‍വാതിലിലൂടെ സ്ഥിരം നിയമനം നല്‍കുന്നതിന്റെ ഭാഗമായാണ് ഒരാഴ്ചയ്ക്കുള്ളില്‍ മൂന്നു നിയമനം നടത്തിയത്. ഇക്കാര്യം "ദേശാഭിമാനി" നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

deshabhimani 050412

1 comment:

  1. കെഎംഎംഎല്ലില്‍ വര്‍ഷങ്ങളായി തൊഴിലെടുക്കുന്ന കരാര്‍ത്തൊഴിലാളികള്‍ക്ക് സ്ഥിരംനിയമനം നല്‍കണമെന്ന ആവശ്യവുമായി സംയുക്ത ട്രേഡ്യൂണിയന്‍ ആരംഭിച്ച പണിമുടക്ക് ശക്തമാകുന്നു. പണിമുടക്കില്‍ കൂടുതല്‍ വിഭാഗം കരാര്‍ത്തൊഴിലാളികള്‍കൂടി ചേര്‍ന്നതോടെ കെഎംഎംഎല്ലിനുള്ളിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിലച്ചു. ചില പ്ലാന്റുകളുടെ പ്രവര്‍ത്തനവും നിലയ്ക്കുന്ന അവസ്ഥയിലേക്കെത്തി. ക്യാന്റീനിലെ കരാര്‍ത്തൊഴിലാളികള്‍കൂടി പണിമുടക്കില്‍ പങ്കെടുക്കാന്‍ തയ്യാറാകുന്നതോടെ കെഎംഎംഎല്ലിന്റെ പ്രവര്‍ത്തനം നിശ്ചലമാകും. 30 വര്‍ഷമായി തൊഴിലെടുക്കുന്ന കരാര്‍ത്തൊഴിലാളികളെ സ്ഥിരപ്പെടുത്താതെ പുതിയ നിയമനസമ്പ്രദായത്തിന് ശ്രമിക്കുന്ന സര്‍ക്കാര്‍ നീക്കത്തിനെതിരെ ജനകീയമുന്നേറ്റമായി സമരം മാറും.

    ReplyDelete