Tuesday, May 8, 2012

കോഴിക്കോട്ടെ സി എച്ച് സെന്ററിനും 2.5 കോടി നല്‍കാന്‍ ഉത്തരവ്


മുസ്ലിംലീഗ് നേതാക്കള്‍ ഭാരവാഹികളായ ഒരു സ്വകാര്യ ട്രസ്റ്റിനുകൂടി കോടികള്‍ നല്‍കാന്‍ മന്ത്രി എം കെ മുനീറിന്റെ വകുപ്പ് ഉത്തരവിറക്കി. കോഴിക്കോട് മെഡിക്കല്‍ കോളേജിനടുത്ത് പ്രവര്‍ത്തിക്കുന്ന സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ചാരിറ്റബിള്‍ സെന്ററിന് ആറ് വടക്കന്‍ ജില്ലകളിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ പണം നല്‍കണമെന്നാണ് ഉത്തരവിലുള്ളത്. അമ്പതിനായിരം രൂപയില്‍ കവിയാത്ത തുക ധനസഹായം നല്‍കണമെന്ന ഉത്തരവ് പ്രകാരം സി എച്ചിന്റെ പേരിലുള്ള കേന്ദ്രത്തിന് 2.5 കോടി രൂപ പിരിഞ്ഞുകിട്ടും. പിതാവിന്റെ പേരിലുള്ള സ്ഥാപനങ്ങള്‍ക്ക് പണം നല്‍കാന്‍ മന്ത്രി മുനീര്‍ തുടര്‍ച്ചയായി ഉത്തരവ് ഇറക്കുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനടുത്ത സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ചാരിറ്റബിള്‍ സെന്ററിന് തിരുവനന്തപുരം ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഫണ്ട് നല്‍കണമെന്ന ഉത്തരവ് വിവാദമായിരുന്നു. ആ ഉത്തരവ്വഴി 1.09 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടത്.

കലിക്കറ്റ് സര്‍വകലാശാലയിലെ ഭൂമിദാനത്തില്‍ ഉള്‍പ്പെട്ട സി എച്ച് ചെയറിന് സംസ്ഥാനത്തെ 978 പഞ്ചായത്തുകള്‍ അരലക്ഷം രൂപ നല്‍കണമെന്ന് തദ്ദേശഭരണവകുപ്പ് നേരത്തെ ഉത്തരവിറക്കിയിരുന്നു. സംഭവം വിവാദമായതിനെതുടര്‍ന്ന് സി എച്ച് ചെയറിന് ഭൂമിനല്‍കാനുള്ള തീരുമാനം കലിക്കറ്റ് സിന്‍ഡിക്കേറ്റ് പിന്‍വലിച്ചു. കോഴിക്കോട്ടെ സി എച്ച് സെന്റര്‍ മുഖ്യരക്ഷാധികാരിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശസ്ഥാപനങ്ങള്‍ പണം നല്‍കണമെന്ന ഉത്തരവിറക്കിയത്.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് മുഖ്യ രക്ഷാധികാരി. സെന്ററിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവയാണ് പണം നല്‍കേണ്ടത്. പാലക്കാട്ട് 90 പഞ്ചായത്തും 13 ബ്ലോക്ക് പഞ്ചായത്തും നാല് മുനിസിപ്പാലിറ്റിയുമുണ്ട്. കോഴിക്കോട്ട് കോര്‍പറേഷനും 75 പഞ്ചായത്തും 12 ബ്ലോക്കും രണ്ട് മുനിസിപ്പാലിറ്റിയുമാണുള്ളത്. കണ്ണൂരില്‍ 89 പഞ്ചായത്ത്, ആറ് മുനിസിപ്പാലിറ്റി, 11 ബ്ലോക്ക് പഞ്ചായത്ത്. വയനാട്ടില്‍ 24 പഞ്ചായത്ത്, നാല് ബ്ലോക്ക,് ഒരു മുനിസിപ്പാലിറ്റി. കാസര്‍കോട്ട് 38 പഞ്ചായത്തും ആറ് ബ്ലോക്കും മൂന്ന് മുനിസിപ്പാലിറ്റിയും മലപ്പുറത്ത് 100 പഞ്ചായത്തും 15 ബ്ലോക്ക് പഞ്ചായത്തും ഏഴ് മുനിസിപ്പാലിറ്റിയുമുണ്ട്. ഇവയില്‍ ആരൊക്കെ സി എച്ച് സെന്ററിന് പണം നല്‍കിയെന്ന് വ്യക്തമല്ല.
(ആര്‍ രഞ്ജിത്)

deshabhimani 080512

1 comment:

  1. മുസ്ലിംലീഗ് നേതാക്കള്‍ ഭാരവാഹികളായ ഒരു സ്വകാര്യ ട്രസ്റ്റിനുകൂടി കോടികള്‍ നല്‍കാന്‍ മന്ത്രി എം കെ മുനീറിന്റെ വകുപ്പ് ഉത്തരവിറക്കി. കോഴിക്കോട് മെഡിക്കല്‍ കോളേജിനടുത്ത് പ്രവര്‍ത്തിക്കുന്ന സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ചാരിറ്റബിള്‍ സെന്ററിന് ആറ് വടക്കന്‍ ജില്ലകളിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ പണം നല്‍കണമെന്നാണ് ഉത്തരവിലുള്ളത്. അമ്പതിനായിരം രൂപയില്‍ കവിയാത്ത തുക ധനസഹായം നല്‍കണമെന്ന ഉത്തരവ് പ്രകാരം സി എച്ചിന്റെ പേരിലുള്ള കേന്ദ്രത്തിന് 2.5 കോടി രൂപ പിരിഞ്ഞുകിട്ടും. പിതാവിന്റെ പേരിലുള്ള സ്ഥാപനങ്ങള്‍ക്ക് പണം നല്‍കാന്‍ മന്ത്രി മുനീര്‍ തുടര്‍ച്ചയായി ഉത്തരവ് ഇറക്കുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനടുത്ത സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ചാരിറ്റബിള്‍ സെന്ററിന് തിരുവനന്തപുരം ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഫണ്ട് നല്‍കണമെന്ന ഉത്തരവ് വിവാദമായിരുന്നു. ആ ഉത്തരവ്വഴി 1.09 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടത്.

    ReplyDelete