Tuesday, May 8, 2012

സുധാകരന്റെ ക്വട്ടേഷന്‍ പാരിതോഷികം: ഡിസിസി അംഗത്തെ ജീവച്ഛവമാക്കി


ക്വട്ടേഷന്‍ സംഘത്തെ വിട്ട് സ്വന്തം പാര്‍ടിയുടെ ജില്ലാകമ്മിറ്റി അംഗത്തിന്റെ കാല്‍ തല്ലിയൊടിച്ച് ശയ്യാവലംബിയാക്കിയ പാരമ്പര്യം കോണ്‍ഗ്രസ് നേതാവ് കെ സുധാകരനു മാത്രം അവകാശപ്പെട്ടത്. കണ്ണൂര്‍ ഡിസിസി അംഗവും എ കെ ആന്റണിയുടെ അടുത്ത അനുയായിയുമായിരുന്ന സി പി പുഷ്പരാജിനെ കൊല്ലാന്‍ ക്വട്ടേഷന്‍ സംഘത്തെ അയച്ചത് സുധാകരനാണ്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. 2003 സെപ്തംബര്‍ 23നാണ് ഒട്ടോറിക്ഷാതൊഴിലാളിയായ പുഴാതി കൊറ്റാളി സ്വദേശി പുഷ്പരാജിനെ ക്വട്ടേഷന്‍ സംഘം വകവരുത്താന്‍ ശ്രമിച്ചത്. ക്വട്ടേഷന്‍ സംഘാംഗം പുഷ്പരാജിന്റെ ഓട്ടോ ട്രിപ്പ് വിളിച്ച് പയ്യാമ്പലത്ത് എത്തിച്ചു. അവിടെ ആയുധ സജ്ജരായി നിന്ന നാലുപേര്‍ പിടിച്ചിറക്കി ഇരുമ്പുദണ്ഡുകൊണ്ട് തലയ്ക്കിടിച്ചു വീഴ്ത്തി. ഇരു കാലുകളും തല്ലിയൊടിച്ചു. റിക്ഷ പെട്രോളൊഴിച്ച് തീയിട്ടു. നിലവിളി കേട്ട് സമീപമുള്ളവര്‍ ഓടിയെത്തിയതിനാലാണ് പുഷ്പരാജ് രക്ഷപ്പെട്ടത്. മംഗളൂരുവിലെ പ്രശ്സതമായ ആശുപത്രികളില്‍ വിദഗ്ധ ചികിത്സ നടത്തിയിട്ടും പുഷ്പരാജിന് തൊഴിലെടുത്ത് ജീവിക്കാനുള്ള ശേഷി വീണ്ടെടുക്കാനായില്ല.

സഹോദരി ഷര്‍മിളയെ മന്ത്രിയായിരുന്ന സുധാകരന്‍ കടത്തിക്കൊണ്ടുപോയി ചെന്നൈയില്‍ രഹസ്യ ഭാര്യയാക്കി വച്ചിരിക്കയാണെന്ന് പുഷ്പരാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതാണ് പ്രകോപനത്തിനു കാരണം. 2003 ആഗസ്ത് പതിനാറിനായിരുന്നു വാര്‍ത്താസമ്മേളനം. തൊട്ടടുത്ത ദിവസം സുധാകരന്റെ ക്വട്ടേഷന്‍ സംഘാംഗം വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിമുഴക്കി. തന്റെ നേതാവും അന്ന് മുഖ്യമന്ത്രിയുമായ എ കെ ആന്റണിക്ക് ഒരു പരാതി അയച്ചുപോയി എന്ന കുറ്റവും അക്രമത്തിന് കാരണമായി.

"പെങ്ങളെ അങ്ങയുടെ മന്ത്രി തട്ടിക്കൊണ്ടുപോയി താമസിപ്പിച്ചിരിക്കുന്നു, മോചിപ്പിക്കണം" എന്നായിരുന്നു പരാതി. പരാതി കിട്ടിയിട്ടുണ്ട്, അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി മന്ത്രിസഭായോഗാനന്തരം പത്രസമ്മേളനത്തില്‍ പറഞ്ഞതാണ്. അന്വേഷിക്കുകയും ചെയ്തു. നടപടിയുമുണ്ടായി. നടപടി പരാതിക്കാരനുനേരെയുള്ള വധശ്രമത്തിന്റെ രൂപത്തിലാണെന്നു മാത്രം. കൊല്ലാന്‍ ശ്രമിച്ച പലരെയും രക്ഷിച്ചെങ്കിലും ചിലരെ പിടിക്കേണ്ടിവന്നു. അതില്‍ പ്രധാനി മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗം. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ മണ്ഡലം സെക്രട്ടറി, കണ്ണൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി, ജില്ലാ നിര്‍വാഹക സമിതിയംഗം, പുഴാതിമണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച പുഷ്പരാജ് 13 വര്‍ഷം ഡിസിസി അംഗമായിരുന്നു.

കോണ്‍ഗ്രസില്‍ രൂപപ്പെട്ട ക്വട്ടേഷന്‍ സംസ്കാരത്തിനെതിരായ പോരാട്ടത്തിലെ ജീവിക്കുന്ന രക്തസാക്ഷിയാണ് പുഷ്പരാജ്. ക്വട്ടേഷന്‍ സംഘത്തിലൂടെ കണ്ണൂരിലെ കോണ്‍ഗ്രസിനെ സ്വന്തം കാല്‍ക്കീഴിലാക്കിയ സുധാകരന്റെ സദാചാരവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിനാണ് എല്ലാം അനുഭവിക്കേണ്ടി വന്നത്. സ്വന്തമായി എഴുന്നേറ്റുനടക്കാന്‍പോലും കഴിയാതെ, പരസഹായത്തോടുകൂടി മാത്രം ജീവിക്കാന്‍ കഴിയുന്ന അവസ്ഥയിലാണ് ഇന്ന് പുഷ്പരാജ്. സ്വാതന്ത്ര്യസമര സേനാനിയും കെപിസിസിയംഗവുമായ അച്ഛന്‍ സി എച്ച് മാധവന്റെ കാല്‍പാടുകള്‍ പിന്തുടര്‍ന്ന് മൂന്നര പതിറ്റാണ്ടിലേറെ കോണ്‍ഗ്രസുകാരനായി പ്രവര്‍ത്തിച്ചതിന് സുധാകരന്‍ നല്‍കിയ "പാരിതോഷികം"

deshabhimani 080512

1 comment:

  1. ക്വട്ടേഷന്‍ സംഘത്തെ വിട്ട് സ്വന്തം പാര്‍ടിയുടെ ജില്ലാകമ്മിറ്റി അംഗത്തിന്റെ കാല്‍ തല്ലിയൊടിച്ച് ശയ്യാവലംബിയാക്കിയ പാരമ്പര്യം കോണ്‍ഗ്രസ് നേതാവ് കെ സുധാകരനു മാത്രം അവകാശപ്പെട്ടത്. കണ്ണൂര്‍ ഡിസിസി അംഗവും എ കെ ആന്റണിയുടെ അടുത്ത അനുയായിയുമായിരുന്ന സി പി പുഷ്പരാജിനെ കൊല്ലാന്‍ ക്വട്ടേഷന്‍ സംഘത്തെ അയച്ചത് സുധാകരനാണ്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. 2003 സെപ്തംബര്‍ 23നാണ് ഒട്ടോറിക്ഷാതൊഴിലാളിയായ പുഴാതി കൊറ്റാളി സ്വദേശി പുഷ്പരാജിനെ ക്വട്ടേഷന്‍ സംഘം വകവരുത്താന്‍ ശ്രമിച്ചത്.

    ReplyDelete