Wednesday, May 9, 2012

അന്വേഷണ നിര്‍ദേശം വൈകിയതിന് വിശദീകരണമില്ലാതെ ആന്റണി


ടട്ര ട്രക്ക് അഴിമതി ഇടപാടിനെക്കുറിച്ച് കരസേനാ മേധാവി നേരിട്ട് വന്ന് പരാതിപ്പെട്ടിട്ടും എന്തുകൊണ്ട് അന്വേഷണത്തിന് ഉത്തരവിട്ടില്ലെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിനു മുന്നില്‍ രാജ്യസഭയില്‍ മറുപടിയില്ലാതെ പ്രതിരോധമന്ത്രി എ കെ ആന്റണി. 2010ല്‍ കരസേനാ മേധാവി ജനറല്‍ വി കെ സിങ് നേരിട്ട് കോഴ വാഗ്ദാനം വെളിപ്പെടുത്തിയപ്പോള്‍ തലയില്‍ കൈവച്ചതല്ലാതെ നടപടികളിലേക്ക് കടക്കാന്‍ ആന്റണിക്ക് കഴിഞ്ഞില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. രാജ്യസഭയില്‍ പ്രതിരോധവകുപ്പിന്റെ പ്രവര്‍ത്തനം വിലയിരുത്തിയ ചര്‍ച്ചയിലാണ് ആന്റണി പ്രതിക്കൂട്ടിലായത്.

2012 ആഗസ്ത് 26ന് "ദ് ഹിന്ദു" ദിനപത്രത്തില്‍ ജനറല്‍ സിങ്ങിന്റെ വെളിപ്പെടുത്തല്‍ വന്നപ്പോള്‍ത്തന്നെ താന്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടെന്ന് ആന്റണി പറഞ്ഞു. വാര്‍ത്തയായതോടെ പൊതുവിഷയമായി മാറിയതുകൊണ്ടാണ് അന്വേഷണം നിര്‍ദേശിച്ചതെന്ന് ആന്റണി വിശദീകരിച്ചപ്പോള്‍ പ്രതിപക്ഷാംഗങ്ങള്‍ ഇടപെട്ടു. ജനറല്‍ സിങ് ഇക്കാര്യം പരസ്യമാക്കിയിരുന്നില്ലെങ്കില്‍ ഒരിക്കലും അന്വേഷണം ഉണ്ടാകുമായിരുന്നില്ലെന്ന് പ്രതിപക്ഷ എംപിമാര്‍ പറഞ്ഞു. അഴിമതിക്ക് മൗനമായി കൂട്ടുനില്‍ക്കുകയാണ് ആന്റണിയെന്ന് അവര്‍ തുടര്‍ന്നു.

ചെക്കോസ്ലോവാക്യയില്‍നിന്ന് 1973 മുതല്‍ സൈന്യത്തിന് ടട്ര ട്രക്ക് വാങ്ങുന്നുണ്ടെന്ന് ആന്റണി മറുപടിയില്‍ പറഞ്ഞു. തദ്ദേശീയമായി ട്രക്ക് നിര്‍മാണം സാധ്യമാക്കാന്‍ 1986ല്‍ ലൈസന്‍സ് കരാറില്‍ ഒപ്പുവച്ചു. 1990കളുടെ തുടക്കത്തില്‍ ചെക്കോസ്ലോവാക്യ രണ്ടായി വിഭജിക്കപ്പെട്ടതോടെ വിതരണം തടസ്സപ്പെട്ടു. തുടര്‍ന്ന് 1997ല്‍ ടട്ര സൈപ്പോക്സ് യുകെയുമായി കരാര്‍ ഒപ്പിട്ടു. തുടര്‍ന്നിങ്ങോട്ട് ഈ കമ്പനി മുഖാന്തരമാണ് ഇറക്കുമതി. 2008 സെപ്തംബറില്‍ ട്രക്കുകളുടെ നിലവാര മാനദണ്ഡത്തില്‍ സൈന്യം ആദ്യമായി മാറ്റം വരുത്തി. അതിനുശേഷം ഇറക്കുമതിയുണ്ടായിട്ടില്ല. പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം രണ്ട് ട്രയലുകള്‍ നടന്നു. ആദ്യ ട്രയലില്‍ ആറ് ഇന്ത്യന്‍ കമ്പനികള്‍ യോഗ്യത നേടി. ഈ പ്രക്രിയ അന്തിമഘട്ടത്തിലാണ്. രണ്ടാം ട്രയലില്‍ ടട്ര ഉള്‍പ്പെടെ നാല് കമ്പനി യോഗ്യത നേടി. അശോക് ലെയ്ലാന്‍ഡ്, ഗാബോണ്‍ തുടങ്ങിയ കമ്പനികളും യോഗ്യരായവരില്‍ ഉള്‍പ്പെടും. 2010 മാര്‍ച്ചില്‍ 788 ടട്ര ട്രക്കുകളുടെ ആവശ്യകത കരസേനാസര്‍ക്കാര്‍മുമ്പാകെ വച്ചിട്ടുണ്ട്. ഈ ഘട്ടത്തിലാണ് ആരോപണം- ആന്റണി പറഞ്ഞു.

സൈന്യത്തിനാവശ്യമായ ആയുധങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കുംഇറക്കുമതിയെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കുമെന്ന് ആന്റണി പറഞ്ഞു. പ്രതിരോധ ഉപകരണ നിര്‍മാണരംഗത്ത് സ്വകാര്യമേഖലയെ പരമാവധി പ്രോത്സാഹിപ്പിക്കും. ആയുധനിര്‍മാണരംഗത്ത് സ്വകാര്യമേഖലയ്ക്ക് നൂറുശതമാനം നിക്ഷേപാനുമതിയുണ്ട്. 26 ശതമാനംവരെ വിദേശനിക്ഷേപവുമാകാം. പ്രതിരോധ ഉപകരണങ്ങളുടെ കാര്യത്തില്‍ എപ്പോഴും പൊതുമേഖലയെമാത്രം ആശ്രയിക്കാനാകില്ല. പൊതു-സ്വകാര്യ സംയുക്ത സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കും. പോരായ്മയുണ്ടെങ്കിലും ഇന്ത്യന്‍സേന ലോകത്തിലെ മികച്ചവയില്‍ ഒന്നാണ്. രാജ്യത്തിന്റെ പ്രതിരോധ ബജറ്റ് 1,93,000 കോടി രൂപയാണ്. സൈന്യം ആവശ്യപ്പെടുന്നതിന്റെ 15 ശതമാനം കുറവാണിത്. സൈന്യത്തിന്റെ ആവശ്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 45,000 കോടിയുടെയെങ്കിലും കുറവുണ്ട്. പ്രതിരോധ ബജറ്റില്‍ വര്‍ധന വേണമെന്നാണ് മന്ത്രിയെന്ന നിലയില്‍ തന്റെ അഭിപ്രായം- ആന്റണി പറഞ്ഞു.

deshabhimani 090512

1 comment:

  1. ടട്ര ട്രക്ക് അഴിമതി ഇടപാടിനെക്കുറിച്ച് കരസേനാ മേധാവി നേരിട്ട് വന്ന് പരാതിപ്പെട്ടിട്ടും എന്തുകൊണ്ട് അന്വേഷണത്തിന് ഉത്തരവിട്ടില്ലെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിനു മുന്നില്‍ രാജ്യസഭയില്‍ മറുപടിയില്ലാതെ പ്രതിരോധമന്ത്രി എ കെ ആന്റണി. 2010ല്‍ കരസേനാ മേധാവി ജനറല്‍ വി കെ സിങ് നേരിട്ട് കോഴ വാഗ്ദാനം വെളിപ്പെടുത്തിയപ്പോള്‍ തലയില്‍ കൈവച്ചതല്ലാതെ നടപടികളിലേക്ക് കടക്കാന്‍ ആന്റണിക്ക് കഴിഞ്ഞില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. രാജ്യസഭയില്‍ പ്രതിരോധവകുപ്പിന്റെ പ്രവര്‍ത്തനം വിലയിരുത്തിയ ചര്‍ച്ചയിലാണ് ആന്റണി പ്രതിക്കൂട്ടിലായത്.

    ReplyDelete