Sunday, July 15, 2012

പി സി ജോര്‍ജ് കൂറുമാറാന്‍ തയ്യാറായി സമീപിച്ചു: ഇ പി


തൃശൂര്‍: മൂന്ന് എംഎല്‍എമാരുടെ പിന്തുണയുമായി യുഡിഎഫില്‍ നിന്ന് കൂറുമാറാന്‍ തയ്യാറായി ഗവണ്‍മെന്റ് ചീഫ് വിപ്പ് പി സി ജോര്‍ജ് തന്നെ സമീപിച്ചിരുന്നതായി സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ പറഞ്ഞു. പിറവം ഉപതെരഞ്ഞെടുപ്പിനു മുമ്പായിരുന്നു ഇത്. കൂറുമാറി വരുന്നവരില്‍ തനിക്കും മറ്റൊരാള്‍ക്കും മന്ത്രിസ്ഥാനം വേണമെന്നായിരുന്നു ജോര്‍ജിന്റെ ആവശ്യം. പി ജെ ജോസഫുമായി എല്‍ഡിഎഫ് ഒരുതരത്തിലും സഹകരിക്കരുതെന്നും ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കൂറുമാറ്റത്തെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്ന എല്‍ഡിഎഫ് നിലപാട് ബോധ്യപ്പെടുത്തി പി സി ജോര്‍ജിനെ മടക്കി അയയ്ക്കുകയായിരുന്നുവെന്ന് ഇ പി പറഞ്ഞു.

എല്‍ഡിഎഫില്‍നിന്ന് ഒരാളെ കൂറുമാറ്റിയെന്നും നാലുപേര്‍ കൂടി കൂറുമാറാന്‍ തയ്യാറായിരുന്നുവെന്നുമുള്ള പി സി ജോര്‍ജിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു ഇ പി. "സ്വയം കൂറുമാറാന്‍ തയ്യാറായി വന്ന പി സി ജോര്‍ജാണ് ഇപ്പോള്‍ എല്‍ഡിഎഫുകാര്‍ കൂറുമാറ്റക്കാരാണെന്ന് ആക്ഷേപിക്കുന്നതെന്നും ഇ പി പറഞ്ഞു. ഒരു കാരണവശാലും ജോര്‍ജിനെപ്പോലെ ഒരാളെ എല്‍ഡിഎഫ് അംഗീകരിക്കില്ല. കൂറുമാറ്റത്തിലൂടെ മന്ത്രിസഭ രൂപീകരിക്കലും എല്‍ഡിഎഫ് പരിപാടിയല്ല. സ്വയം മന്ത്രിയാകണമെന്നു പറഞ്ഞ പി സി ജോര്‍ജ്, പി ജെ ജോസഫിനെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് വെളിവാക്കിയത്. ഇത്തരമൊരാളെ ആര്‍ക്ക് വിശ്വസിക്കാനാവുമെന്നും ഇ പി ജയരാജന്‍ ചോദിച്ചു.

ജോര്‍ജിന്റേത് ശരിയായ നടപടിയല്ല: കെ മുരളീധരന്‍

ഗുരുവായൂര്‍: മന്ത്രി കെ ബി ഗണേശ്കുമാറിനെതിരെ പരസ്യപ്രസ്താവന നടത്തിയ പി സി ജോര്‍ജിന്റെ നടപടി ശരിയല്ലെന്ന് കെ മുരളീധരന്‍ എംഎല്‍എ പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ അദ്ദേഹം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു. മന്ത്രിക്കെതിരെ അഭിപ്രായമുണ്ടെങ്കില്‍ യുഡിഎഫ് നേതൃത്വത്തെ അറിയിക്കുകയായിരുന്നു വേണ്ടത്. പരസ്യപ്രസ്താവന നടത്തിയ ശേഷം യുഡിഎഫ് നേതൃത്വത്തെ സമീപിക്കുന്നത് ശരിയല്ല. മാധ്യമ പ്രവര്‍ത്തകനോട് ജോര്‍ജ് അപമര്യാദയായി പെരുമാറിയതും ശരിയല്ല. ചിലരുടെ സ്വഭാവം അത്രപെട്ടെന്ന് മാറ്റിയെടുക്കാനാകില്ലെന്നും മുരളീധരന്‍ പറഞ്ഞു. മലബാര്‍ മേഖലയിലെ സ്കൂളുകള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മുസ്ലിംലീഗിന്റെ സമ്മര്‍ദങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരുകാരണവശാലും വഴങ്ങരുത്. അഞ്ചാംമന്ത്രി വിവാദം ഉയര്‍ന്നതോടെ നാട്ടിലെ സാമുദായിക സൗഹാര്‍ദം ഇല്ലാതായി. മുസ്ലിം സമൂഹത്തിന്റെ ആവശ്യമെന്നത് മുസ്ലിംലീഗിന്റെ ആവശ്യമല്ല. മലബാറില്‍ സര്‍ക്കാര്‍ സ്കൂളുകളുണ്ടാകുന്നതാണ് ആ സമുദായത്തിന് നല്ലത്. എയ്ഡഡ് മേഖലയില്‍ വന്നാല്‍ മുസ്ലിംലീഗിന് മാത്രമാണ് നേട്ടമുണ്ടാകുക- അദ്ദേഹം പറഞ്ഞു.

ജോര്‍ജിന് ഗൂഢതാല്‍പ്പര്യം: പി സി തോമസ്

തൃശൂര്‍: നെല്ലിയാമ്പതിയിലെ തോട്ടങ്ങളുടെ കാര്യത്തില്‍ പി സി ജോര്‍ജിന് ഗൂഢതാല്‍പ്പര്യമുണ്ടെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി സി തോമസ് പറഞ്ഞു. എന്തിലും പ്രശ്നമുണ്ടാക്കുന്ന ജോര്‍ജിന് ഇക്കാര്യത്തിലും സ്വകാര്യ അജന്‍ഡയുണ്ടെന്ന് പി സി തോമസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. നെല്ലിയാമ്പതിയിലെ പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം. ഇക്കാര്യത്തില്‍ മന്ത്രി ഗണേശ്കുമാറും ചീഫ്വിപ്പും തമ്മിലുള്ള തര്‍ക്കം പരിഹാസ്യമാണ്. സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണംവേണം. കഴിഞ്ഞ ദിവസം നിയമസഭയില്‍ യുഡിഎഫ് അംഗങ്ങള്‍ പ്രതിപക്ഷ നേതാവിനെയടക്കം കൂവിവിളിച്ചത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. തെരഞ്ഞെടുത്ത് വിട്ട ജനങ്ങളെയും അവഹേളിക്കുകയായിരുന്നുവെന്ന് തോമസ് പറഞ്ഞു.

ജോര്‍ജിനെ ചുമക്കേണ്ട ഗതികേട് എല്‍ഡിഎഫിനില്ല: വൈക്കം വിശ്വന്‍

പി സി ജോര്‍ജിനെ ചുമക്കേണ്ട ഗതികേട് എല്‍ഡിഎഫിനില്ലെന്ന് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. മന്ത്രിസ്ഥാനം നല്‍കിയാല്‍ താനടക്കം നാല് യുഡിഎഫ് എംഎല്‍എമാര്‍ എല്‍ഡിഎഫിനൊപ്പം വരാമെന്ന് ജോര്‍ജ് പറഞ്ഞിരുന്നുവെന്ന ഇ പി ജയരാജന്റെ വെളിപ്പെടുത്തല്‍ ശരിയായിരിക്കാം. യുഡിഎഫ് സര്‍ക്കാരില്‍ മന്ത്രിസ്ഥാനം കിട്ടാതെവന്നപ്പോള്‍ ജോര്‍ജ് ഇത്തരം ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടാകാമെന്നും വിശ്വന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മാത്യു സ്റ്റീഫന്റെ കുളമാവിലെ കൈയേറ്റം ഒഴിപ്പിച്ചു

തൊടുപുഴ: കേരള കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി മാത്യു സ്റ്റീഫന്റെ കുളമാവിലെ കൈയേറ്റം വനംവകുപ്പ് ഉദ്യോസ്ഥര്‍ ഒഴിപ്പിച്ചു. റിസോര്‍ട്ട് നിര്‍മാണത്തിന്റെ ഭാഗമായി പണിത വാട്ടര്‍ ടാങ്ക് അടക്കമുള്ള നിര്‍മിതികളാണ് ഉദ്യോഗസ്ഥര്‍ പൊളിച്ചുനീക്കിയത്. തൊടുപുഴ റേഞ്ച് ഓഫീസര്‍ കെ ജെ ജോസഫ്, കാളിയാര്‍ റേഞ്ച് ഓഫീസര്‍ പി എന്‍ രാജന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ 16 അംഗസംഘം വെള്ളിയാഴ്ച പകല്‍ 11നാണ് ഒഴിപ്പിക്കല്‍ നടത്തിയത്. കേരള കോണ്‍ഗ്രസ് മാണിവിഭാഗവും മന്ത്രി ഗണേഷ്കുമാറും തമ്മില്‍ രൂപപ്പെട്ട ഭിന്നതയുടെ ഭാഗമായാണ് നടപടിയെന്ന് സൂചനയുണ്ട്. തൃശൂര്‍ സ്വദേശിയില്‍നിന്നും മറ്റുചിലരില്‍നിന്നുമായി ഒരു കോടിയോളം രൂപ മാത്യു സ്റ്റീഫനും ഒപ്പമുള്ള ചിലരും ചേര്‍ന്ന് തട്ടിയെടുത്തുവെന്ന ആരോപണവുമായി ബന്ധപ്പെട്ട സ്ഥലത്താണ് ഒഴിപ്പിക്കല്‍ നടന്നത്്. റിസോര്‍ട്ട് നിര്‍മാണത്തിന്റെ കരാര്‍ നല്‍കാമെന്ന പേരിലാണ് തുക തട്ടിച്ചെടുത്തതെന്നാരോപിച്ച് മാത്യു സ്റ്റീഫനെതിരെ കോടതിയില്‍ കേസ് നിലവിലുണ്ട്. ഇതുസംബന്ധിച്ച അന്വേഷണം തൊടുപുഴ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കാണ്. മാത്യു സ്റ്റീഫനെ ചോദ്യം ചെയ്യുന്നതിന് വിളിച്ചുവരുത്തുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഇതുവരെ വിളിപ്പിച്ചിട്ടില്ല.

deshabhimani 150712

No comments:

Post a Comment