Monday, July 16, 2012

ഫാക്ടിന് വെയര്‍ഹൗസും നഷ്ടപ്പെടുന്നു


ഫാക്ടിന്റെ ഉദ്യോഗമണ്ഡല്‍ ഡിവിഷനില്‍ കേന്ദ്ര വെയര്‍ഹൗസിങ് കോര്‍പറേഷന്‍ സ്ഥാപിക്കാനിരുന്ന വെയര്‍ഹൗസ് നഷ്ടപ്പെടാന്‍ സാധ്യത. 5000 കോടിയുടെ വികസന-വിപുലീകരണ പദ്ധതി നടപ്പാക്കാന്‍ പങ്കാളിയെ കിട്ടാതെ ഫാക്ട് പ്രതിസന്ധിയിലായതിനുപിന്നാലെയാണ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വെയര്‍ഹൗസും കൈവിടുന്നത്. കേന്ദ്രമന്ത്രി കെ വി തോമസ് പ്രത്യേക താല്‍പ്പര്യമെടുത്ത് വെയര്‍ഹൗസ് തലശേരിയിലെ കിന്‍ഫ്ര പാര്‍ക്കിലേക്ക് മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്. സ്വകാര്യമേഖലയില്‍ വെയര്‍ഹൗസ് സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഇതേക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഫാക്ടിന്റെയും വ്യവസായവകുപ്പിന്റെയും കിന്‍ഫ്രയുടെയും പ്രതിനിധികളുടെ യോഗം തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് ചേരുന്നുണ്ട്. കെ വി തോമസും പങ്കെടുക്കും.

വെയര്‍ഹൗസ് സ്ഥാപിക്കാനുള്ള സന്നദ്ധത മൂന്നുവര്‍ഷംമുമ്പ് കേന്ദ്ര സര്‍ക്കാരിനെ ഫാക്ട് അറിയിച്ചിരുന്നതാണ്. താല്‍പ്പര്യപത്രം ഒപ്പിടുന്നതിന് മുന്നോടിയായി സംസ്ഥാന സര്‍ക്കാര്‍ അനുമതിക്കായി കത്തെഴുതുകയും ചെയ്തു. ഈ അനുമതി തരുന്നതിനുപകരം കിന്‍ഫ്ര പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തി വെയര്‍ഹൗസിന്റെ കാര്യം ചര്‍ച്ചചെയ്യാന്‍ യോഗം വിളിച്ചത് പദ്ധതി തലശേരിക്ക് കൊണ്ടുപോകാനാണെന്ന സംശയം ഫാക്ട് മാനേജ്മെന്റിനുമുണ്ട്. വെയര്‍ഹൗസ് തലശേരിക്ക് മാറ്റാനുള്ള നീക്കം ശക്തമായത് അടുത്തിടെയാണ്. 130 കോടി ചെലവുള്ള പദ്ധതിയില്‍ പങ്കാളിയാകുന്നതിന്റെ ഭാഗമായി ഉദ്യോഗമണ്ഡല്‍ ഡിവിഷനിലെ 25 ഏക്കര്‍ സ്ഥലം വെയര്‍ഹൗസിനായി നീക്കിവച്ചിരുന്നു. വെയര്‍ഹൗസിന്റെ രൂപരേഖ, വിദഗ്ധാഭിപ്രായം എന്നിവയും ഫാക്ട് വാഗ്ദാനംചെയ്തു. ഇക്കാര്യത്തില്‍ കേന്ദ്ര വെയര്‍ഹൗസിങ് കോര്‍പറേഷനുമായി പ്രാഥമിക ധാരണയിലുമെത്തി. എന്നാല്‍ 10 വര്‍ഷംമുമ്പ് കിന്‍ഫ്രയുടെ തലശേരി പാര്‍ക്കില്‍ എടുത്ത മൂന്നര ഏക്കറോളം സ്ഥലത്ത് വെയര്‍ഹൗസ് സ്ഥാപിക്കാനാണ് കോര്‍പറേഷന്‍ ഇപ്പോള്‍ ആലോചിക്കുന്നത്. ഈ സ്ഥലം വെറുതെയിട്ടിരിക്കുകയായിരുന്നു. അത് തിരിച്ചെടുക്കാനുള്ള നടപടി കിന്‍ഫ്ര തുടങ്ങിയിരുന്നു. സ്ഥലം തിരിച്ചെടുക്കരുതെന്നും അവിടെ വെയര്‍ഹൗസ് സ്ഥാപിക്കാന്‍ പദ്ധതിയുണ്ടെന്നും ജൂണില്‍ കോര്‍പറേഷന്‍ കിന്‍ഫ്രയെ രേഖാമൂലം അറിയിച്ചു. കേന്ദ്രമന്ത്രി കെ വി തോമസിന്റെ ഇടപെടല്‍കൂടി ഉണ്ടായതോടെ കിന്‍ഫ്ര ആ നീക്കം തല്‍ക്കാലം നിര്‍ത്തി. ഇതിന്റെ തുടര്‍ച്ചയായാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തിങ്കളാഴ്ച യോഗം ചേരുന്നത്.

ഫാക്ട് എല്ലാ സൗകര്യവും വാഗ്ദാനംചെയ്ത് വെയര്‍ഹൗസിങ് കോര്‍പറേഷനുമായി പ്രഥമിക ധാരണയിലെത്തിയ വെയര്‍ഹൗസ് സ്വകാര്യമേഖലയില്‍ കിന്‍ഫ്ര പാര്‍ക്കില്‍ നിര്‍മിക്കാനുള്ള നീക്കം ദുരൂഹമാണ്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഫാക്ട് വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായാണ് വെയര്‍ഹൗസിന് സ്ഥലവും പങ്കാളിത്തവും വാഗ്ദാനംചെയ്തത്. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന്റെ സാമീപ്യവും ഗുണമാണ്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പദ്ധതി രൂപപ്പെടുത്തിയത്. വെയര്‍ഹൗസ് ഇവിടെനിന്ന് മാറ്റുന്നതോടൊപ്പം ഫാക്ടിെന്‍റ സ്ഥലം മറ്റ് പദ്ധതികള്‍ക്കായി ഏറ്റെടുത്ത് നല്‍കാനും സര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചനയുണ്ട്. ഗെയിലിന് പവര്‍ സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ഫാക്ടിന്റെ സ്ഥലം നല്‍കാനുള്ള പദ്ധതിയും ഇക്കൂട്ടത്തിലുണ്ട്. അത്തരം പദ്ധതികള്‍ വരുന്നതുകൊണ്ട് ഫാക്ടിന് ഗുണമൊന്നുമില്ല. വൈവിധ്യ-വിപുലീകരണത്തിന്റെ ഭാഗമായി ഫാക്ട് പ്രഖ്യാപിച്ച 5000 കോടി രൂപയുടെ പദ്ധതികള്‍ ഇപ്പോഴും പങ്കാളികളെ കിട്ടാതെ പ്രതിസന്ധിയിലാണ്. രണ്ടുവട്ടം ഇതിന്റെ സമയപരിധി നീട്ടിനല്‍കുകയും ഏതുതരം സഹകരണത്തിനും സന്നദ്ധമാകുകയും ചെയ്തിട്ടും കേന്ദ്ര രാസവളം നയത്തിലെ വൈകല്യംമൂലം സ്വകാര്യ സംരംഭകരൊന്നും താല്‍പ്പര്യം കാണിച്ചിട്ടില്ല.
(എം എസ് അശോകന്‍)

deshabhimani 160712

1 comment:

  1. ഫാക്ടിന്റെ ഉദ്യോഗമണ്ഡല്‍ ഡിവിഷനില്‍ കേന്ദ്ര വെയര്‍ഹൗസിങ് കോര്‍പറേഷന്‍ സ്ഥാപിക്കാനിരുന്ന വെയര്‍ഹൗസ് നഷ്ടപ്പെടാന്‍ സാധ്യത. 5000 കോടിയുടെ വികസന-വിപുലീകരണ പദ്ധതി നടപ്പാക്കാന്‍ പങ്കാളിയെ കിട്ടാതെ ഫാക്ട് പ്രതിസന്ധിയിലായതിനുപിന്നാലെയാണ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വെയര്‍ഹൗസും കൈവിടുന്നത്. കേന്ദ്രമന്ത്രി കെ വി തോമസ് പ്രത്യേക താല്‍പ്പര്യമെടുത്ത് വെയര്‍ഹൗസ് തലശേരിയിലെ കിന്‍ഫ്ര പാര്‍ക്കിലേക്ക് മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്. സ്വകാര്യമേഖലയില്‍ വെയര്‍ഹൗസ് സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഇതേക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഫാക്ടിന്റെയും വ്യവസായവകുപ്പിന്റെയും കിന്‍ഫ്രയുടെയും പ്രതിനിധികളുടെ യോഗം തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് ചേരുന്നുണ്ട്. കെ വി തോമസും പങ്കെടുക്കും.

    ReplyDelete