Monday, July 16, 2012

രേഷ്മ: വിദ്യാഭ്യാസനയത്തിന്റെ രക്തസാക്ഷ്യം


യുഡിഎഫ് സര്‍ക്കാരിന്റെ വികല വിദ്യാഭ്യാസനയത്തിന്റെ രക്തസാക്ഷിയാണ് പട്ടാമ്പി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനിയായിരുന്ന രേഷ്മ. പട്ടാമ്പി ശങ്കരമംഗലം കുന്നക്കാട്ടുപറമ്പില്‍ രാജുവിന്റെയും സത്യഭാമയുടെയും മകളായ രേഷ്മ കഴിഞ്ഞ ബുധനാഴ്ച തൂങ്ങിമരിക്കുകയായിരുന്നു. എസ്എസ്എല്‍സിക്ക് മികച്ച വിജയം നേടിയിട്ടും പ്ലസ്വണ്‍ പ്രവേശനം ലഭിക്കാത്തതിനാലാണ് ഈ മിടുക്കി ജീവനൊടുക്കിയത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷംവരെ ഫലപ്രദമായി നടപ്പാക്കിയ പ്ലസ്വണ്‍ ഏകജാലക പ്രവേശനം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അട്ടിമറിച്ചതിന്റെ ഫലം. പ്ലസ് വണ്‍ പ്രവേശനത്തിന് ഇത്തവണ 4,77,760 കുട്ടികളാണ് അപേക്ഷിച്ചത്. ഇതില്‍ 2,50,393 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിച്ചു. രണ്ടു ഘട്ടമായി നടന്ന പ്രവേശന നടപടിക്കുശേഷം 2,27,367 പേര്‍ പുറത്തായി. അപേക്ഷകരില്‍ പകുതിയിലധികം പുറത്താകുന്നത് ഇതാദ്യം. പൊതുവിദ്യാലയത്തില്‍നിന്നുള്ള എസ്എസ്എല്‍സിക്കാരില്‍ ബഹുഭൂരിപക്ഷത്തിനും പ്രവേശനം ലഭിക്കാത്തതിന് സിബിഎസ്ഇ, ഐസിഎസ്ഇക്കാരുടെ തള്ളിക്കയറ്റവും കാരണമായി. കഴിഞ്ഞവര്‍ഷം 20,000 സിബിഎസ്ഇക്കാരാണ് അപേക്ഷിച്ചത്. ഇത്തവണ പ്രവേശനം തേടിയ നാലരലക്ഷം വിദ്യാര്‍ഥികളില്‍ 33,000 പേരും സിബിഎസ്ഇ- ഐസിഎസ്ഇക്കാരായിരുന്നു. എസ്എസ്എല്‍സിക്കാരെ പിന്തള്ളി സയന്‍സ്, കംപ്യൂട്ടര്‍ സീറ്റില്‍ പ്രവേശനം നേടിയതിലും ഭൂരിപക്ഷം സിബിഎസ്ഇക്കാരാണ്.

അപേക്ഷകരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതിനാല്‍ പ്രതിസന്ധി മറികടക്കാന്‍ ഫലപ്രദ നടപടിയാണ് എല്‍ഡിഎഫ് കഴിഞ്ഞ വര്‍ഷംവരെ സ്വീകരിച്ചത്. നടപടി സുതാര്യമാക്കാന്‍ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തി. കൂടുതല്‍ സ്കൂളില്‍ പ്ലസ്വണ്ണും കൂടുതല്‍ ബാച്ചും അനുവദിച്ചു. ഉന്നത പഠനത്തിന് അര്‍ഹരായവര്‍ക്കെല്ലാം പ്രവേശനം ഉറപ്പാക്കിയിട്ടാണ് ക്ലാസു തുടങ്ങിയത്. പ്രവേശനം ലഭിക്കണമെങ്കില്‍ നേരത്തെ പല സ്കൂളിലും അപേക്ഷ നല്‍കി നെട്ടോട്ടമോടണമായിരുന്നു. എല്ലാ സ്കൂളിലും പ്രവേശന നടപടി ഒരേ ദിവസമായതും വിദ്യാര്‍ഥികള്‍ക്ക് പ്രതിസന്ധിയായി. ഈ ദുരവസ്ഥയ്ക്കാണ് ഏകജാലകത്തിലൂടെ എല്‍ഡിഎഫ് അന്ത്യംകുറിച്ചത്. പ്രവേശനം സുതാര്യമാക്കാന്‍ അഞ്ച് ഘട്ടമായാണ് പ്രവേശനം പൂര്‍ത്തിയാക്കിയത്. ആദ്യ രണ്ട് ഘട്ടം എസ്എസ്എല്‍സി കേരള സിലബസുകാര്‍ക്ക് സംവരണം ചെയ്തു. അര്‍ഹിച്ച സ്കൂളും കോഴ്സും വിദ്യാര്‍ഥികള്‍ക്കു ലഭിച്ചു.

എന്നാല്‍, മുന്‍ വര്‍ഷത്തെ പ്രവേശന നടപടി യുഡിഎഫ് അട്ടിമറിച്ചു. വിദ്യാഭ്യാസ കച്ചവടക്കാരുടെ താല്‍പ്പര്യം അനുസരിച്ച് പ്രവേശനം രണ്ടു ഘട്ടമാക്കി. ആദ്യമേ സിബിഎസ്ഇ-ഐസിഎസ്ഇക്കാര്‍ക്ക് അവസരം നല്‍കി. കഴിഞ്ഞ വര്‍ഷംവരെ സിബിഎസ്ഇ ബോര്‍ഡ് പരീക്ഷ നടത്തിയിട്ടും ആദ്യ പരിഗണനയില്‍ അവരെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത്തവണ സിബിഎസ്ഇ പരീക്ഷ നടത്തിപ്പ് പൂര്‍ണമായും അതത് സ്കൂളിനായിരുന്നു. ചോദ്യം തയ്യാറാക്കലും ഉത്തരക്കടലാസ് നോക്കലുമെല്ലാം സ്കൂള്‍ അധികൃതര്‍തന്നെ. അതുകൊണ്ട് പൊതുവിദ്യാലയത്തിലെ വിദ്യാര്‍ഥികളെക്കാള്‍ മാര്‍ക്കുമായാണ് സിബിഎസ്ഇക്കാര്‍ എത്തിയത്. ഇതോടെ ബഹുഭൂരിപക്ഷം കേരള സിലബസ് എസ്എസ്എല്‍സിക്കാര്‍ പുറത്തായി. രേഷ്മയെപ്പോലുള്ളവരുടെ ജീവന്‍ നഷ്ടമാകാനും ഇത് ഇടയാക്കി. പ്ലസ്വണ്‍ പ്രവേശനം അവതാളത്തിലായെങ്കിലും രേഷ്മയുടെ ജീവത്യാഗം വേണ്ടിവന്നു അധികൃതരുടെ കണ്ണുതുറക്കാന്‍. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് ആഗ്രഹിക്കുന്ന കോഴ്സും സ്കൂളും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചു. എന്നാല്‍, ഇത് പ്രാവര്‍ത്തികമാക്കുന്നതില്‍ അവ്യക്തത തുടരുകയാണ്. വിദ്യാഭ്യാസ കച്ചവടത്തിനു കുഴലൂതുന്ന ഉമ്മന്‍ചാണ്ടിയും കൂട്ടരും രേഷ്മയുടെ കുടുംബത്തിന്റെ കണ്ണീരിന് എങ്ങനെ കണക്കുപറയും.

deshabhimani 160712

1 comment:

  1. യുഡിഎഫ് സര്‍ക്കാരിന്റെ വികല വിദ്യാഭ്യാസനയത്തിന്റെ രക്തസാക്ഷിയാണ് പട്ടാമ്പി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനിയായിരുന്ന രേഷ്മ. പട്ടാമ്പി ശങ്കരമംഗലം കുന്നക്കാട്ടുപറമ്പില്‍ രാജുവിന്റെയും സത്യഭാമയുടെയും മകളായ രേഷ്മ കഴിഞ്ഞ ബുധനാഴ്ച തൂങ്ങിമരിക്കുകയായിരുന്നു. എസ്എസ്എല്‍സിക്ക് മികച്ച വിജയം നേടിയിട്ടും പ്ലസ്വണ്‍ പ്രവേശനം ലഭിക്കാത്തതിനാലാണ് ഈ മിടുക്കി ജീവനൊടുക്കിയത്.

    ReplyDelete