Sunday, July 15, 2012

കെ സുധാകരനെതിരായ വെളിപ്പെടുത്തല്‍: രണ്ടാം അന്വേഷണവും അനിശ്ചിതത്വത്തില്‍


കോണ്‍ഗ്രസ് എംപി കെ സുധാകരനെതിരായ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിച്ച രണ്ടാംസംഘവുംഅന്വേഷണം ഏറ്റെടുത്തില്ല. തിരുവനന്തപുരം റെയ്ഞ്ച് ഐജി ഷെയ്ഖ് ദര്‍ബേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള രണ്ടാംസംഘത്തില്‍ എസ്പിയും സിഐയും ഒഴികെ മറ്റ് ഉദ്യോഗസ്ഥരെ ഇതുവരെ നിയമിച്ചിട്ടില്ല. സുധാകരന് കൂടി താല്‍പ്പര്യമുള്ളവരെ മാത്രമേ സംഘത്തില്‍ ഉള്‍പ്പെടുത്താവൂവെന്നാണ് രഹസ്യനിര്‍ദേശം.

അതിനിടെ നാല്‍പ്പാടി വാസു വധക്കേസുമായി ബന്ധപ്പെട്ട ചില സുപ്രധാന റിപ്പോര്‍ട്ടുകള്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തുനിന്ന് കാണാതായി. അന്വേഷണം സംബന്ധിച്ച ക്രൈംബ്രാഞ്ച് മുന്‍ ഡിഐജി നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടാണ് കാണാതായത്. കൊലപാതകത്തില്‍ കെ സുധാകരന്റെ പങ്ക് വെളിവാക്കുന്ന ചില വിവരം ഈ റിപ്പോര്‍ട്ടിനോപ്പം ഉണ്ടായിരുന്നെന്നാണ് സൂചന.

തിരുവനന്തപുരം ഐജിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ ക്രൈംബ്രാഞ്ച് എസ്പി ഉണ്ണിരാജ, കാസര്‍കോട് സ്പെഷ്യല്‍ ബ്രാഞ്ച് സിഐ ബാലകൃഷ്ണന്‍ എന്നിവരെ മാത്രമാണ് ഇതുവരെ ഉള്‍പ്പെടുത്തിയത്. സുധാകരന്‍ പേര് നിര്‍ദേശിച്ച ചില ഉദ്യോഗസ്ഥരെ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ പൊലീസ് ആസ്ഥാനത്തു നിന്ന് സമ്മര്‍ദം തുടരുകയാണ്. തൃശൂര്‍ റെയ്ഞ്ച് ഐജി എസ് ഗോപിനാഥിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ആദ്യസംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന രണ്ട് എസ്പിമാരെ പുതിയ സംഘത്തില്‍ ഒഴിവാക്കി. അതേസമയം പുതിയ സംഘത്തില്‍ എസ്പിമാരുടെ എണ്ണം ഒന്നാക്കി. പുതിയ സംഘത്തിലെ എസ്പി ഉണ്ണിരാജയ്ക്ക് നിരവധി കേസുകളുടെ അന്വേഷണച്ചുമതലയുണ്ട്. പരവൂര്‍, വരാപ്പുഴ പെണ്‍വാണിഭക്കേസ്, കോഴിക്കോട് എന്‍ഐടി ഗവേഷകവിദ്യാര്‍ഥിനി ഇന്ദുവിന്റെ ദുരൂഹമരണം തുടങ്ങിയ കേസുകള്‍ അന്വേഷിക്കുന്നത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.

കെ സുധാകരനെതിരായ വെളിപ്പെടുത്തല്‍ പുറത്തുവന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും എഫ്ഐആര്‍ തയ്യാറാക്കിയിട്ടില്ല. സുധാകരന്റെ മുന്‍ ഡ്രൈവറും കോണ്‍ഗ്രസ് മുന്‍ കൗണ്‍സിലറുമായ പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തല്‍ കഴിഞ്ഞ ജൂണ്‍ 30നാണ് പുറത്തുവന്നത്. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനെ കൊലപ്പെടുത്താന്‍ കെ സുധാകരന്‍ തന്റെ വീട്ടില്‍ വച്ച് ഗൂഢാലോചന നടത്തിയെന്ന് പ്രശാന്ത്ബാബു വെളിപ്പെടുത്തി. നാല്‍പ്പാടി വാസു വധത്തിലും സേവറി ഹോട്ടലില്‍ നാണുവിനെ ബോംബ് എറിഞ്ഞുകൊന്ന കേസിലും സുധാകരന് പങ്കുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു.

ഈ വെളിപ്പെടുത്തല്‍ സംബന്ധിച്ച് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയം അവതരിപ്പിച്ച വേളയിലാണ് അന്വേഷണത്തിന് രണ്ടാംസംഘത്തെ നിയോഗിച്ചതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. കണ്ണൂര്‍ എസ്പി രാഹുല്‍ ആര്‍ നായര്‍, വയനാട് എസ്പി എ വി ജോര്‍ജ് എന്നിവരെ ആദ്യസംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഇവരെ രണ്ടാംസംഘത്തില്‍നിന്ന് ഒഴിവാക്കി. ഉദ്യോഗസ്ഥര്‍ ഓരോ കാരണം പറഞ്ഞ് പിന്മാറുകയാണെന്നും പ്രശാന്ത്ബാബുവിന്റെ വെളിപ്പെടുത്തല്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ടെന്നുമാണ് പൊലീസ് ഉന്നതര്‍ പറയുന്നത്. അന്വേഷണം വസ്തുനിഷ്ഠമായും സത്യസന്ധമായും നടത്താന്‍ കഴിയാത്തവിധം ഇടപെടല്‍ ഉണ്ടാകുമെന്ന് തീര്‍ച്ചയായതിനാലാണ് സംഘത്തില്‍ ഉള്‍പ്പെടാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കാത്തതെന്ന് പേര് നിര്‍ദേശിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു.
(കെ ശ്രീകണ്ഠന്‍)

deshabhimani 150712

1 comment:

  1. hey thanks i found a few followable blogs ....
    have a loook at my blog too
    http://malayalamcartoonz.blogspot.in/

    ReplyDelete