Monday, July 16, 2012

കൊടി കെട്ടിയ നുണകള്‍


മനോരമ പത്രത്തില്‍ 'കൊടി കെട്ടിയ കോട്ടകള്‍' എന്ന പേരില്‍ പരമ്പര വായിക്കാനിടയായി. കണ്ണൂരിലെ ഗ്രാമങ്ങളെ പാര്‍ടിഗ്രാമങ്ങള്‍ എന്ന് പേരിട്ട് വികസനവിരുദ്ധവും അപരിഷ്കൃതവുമായി ചിത്രീകരിച്ച് കണ്ണൂരിനെ ഭീകരജില്ലയാക്കി കാണിക്കുകയാണ് അതിന്റെ ലക്ഷ്യം. പുറത്തുനിന്നുള്ളവരും വികസനവും വരാതിരിക്കാനാണ് പാര്‍ടിഗ്രാമങ്ങള്‍ ഉണ്ടാക്കുന്നത് എന്നും പറയുന്നു.

പരമ്പരയില്‍ പറയുന്ന ഭീകരത നിറഞ്ഞ ഗ്രാമങ്ങളല്ല കണ്ണൂരിലേത്. 'കൊടി കെട്ടിയ നുണകള്‍' എഴുതി മനോരമപോലുള്ള പത്രങ്ങളാണ് കണ്ണൂരിനെ ഭീകരജില്ലയാക്കി പുറത്തുനിന്നുള്ളവരുടെ വരവിന് കോട്ടകെട്ടുന്നത്. അല്ലാതെ കണ്ണൂരിലെ പാര്‍ടിയോ ഗ്രാമങ്ങളോ അല്ല. പരമ്പരയില്‍ പറയുന്ന മുടക്കോഴിയെപ്പറ്റി എനിക്ക് കുട്ടിക്കാലംമുതല്‍ അറിയാം. ഈ പ്രദേശത്തെയും ഇവിടത്തെ ജനങ്ങളെയുംക്കുറിച്ച് നന്നായി അറിയാവുന്ന ഞാന്‍ പരമ്പര വായിച്ച് ഞെട്ടി. നിഷ്കളങ്കരും അധ്വാനശീലരും സഹായമനസ്സ്കരുമായ മുടക്കോഴിക്കാര്‍, അവരുടെ ശ്രമഫലമായി ഉണ്ടാക്കിയ വിദ്യാലയങ്ങള്‍, വായനശാലകള്‍, റോഡുകള്‍.... നല്ല ജീവിതനിലവാരം പുലര്‍ത്തുന്ന കുടുംബങ്ങള്‍, കാര്‍ഷിക സമൃദ്ധമായ പ്രദേശം- വര്‍ഷങ്ങള്‍ക്കുമുമ്പ് കാടുപിടിച്ച് കിടന്ന ഇവിടത്തെ കനകം വിളയുന്ന മണ്ണില്‍ കൃഷിയിറക്കി കാര്‍ഷിക വിപ്ളവം തീര്‍ത്ത കര്‍ഷകര്‍. കൂട്ടായ്മയുടെയും ദീര്‍ഘവീക്ഷണത്തിന്റെയും ഫലമായി വികസനത്തിന്റെ വെള്ളിവെളിച്ചം നാടിനേകിയ യുവജനത. ഇന്ന് ഇവിടെനിന്നും ഇരിട്ടിയിലേക്കും കണ്ണൂരിലേക്കും കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ഗതാഗതസൌകര്യമുണ്ട്. വൈദ്യുതീകരിക്കാത്ത ഒരു വീടുപോലും പ്രദേശത്തില്ല. സ്ത്രീകളും കുട്ടികളും സുരക്ഷിതരാണ്. ഒരു വിധത്തിലുള്ള ക്രമസമാധാനപ്രശ്നവും ഇവിടെയില്ല. മതസൌഹാര്‍ദത്തിന് ഇവിടെ ഇന്നുവരെക്ക് കോട്ടം സംഭവിച്ചിട്ടില്ല.

ഇത്തരത്തില്‍ പുലരുന്ന ഗ്രാമമാണ് വികസനമില്ലാതെ എഴുപതുകളിലെ സിനിമകളെ ഓര്‍മിപ്പിക്കുന്ന കവലകളോട് കൂടിയ കുഗ്രാമമായി പറയുന്നത്. ലേഖകന്‍ എന്നെങ്കിലും ഒരിക്കല്‍ ഈ പ്ര ദേശത്ത് വന്നിരുന്നെങ്കില്‍ ഇങ്ങനെ പറയാന്‍ കഴിയില്ലായിരുന്നു.

വിദ്യാഭ്യാസ- കലാ- കായികരംഗങ്ങളില്‍ മികവ് പുലര്‍ത്തുന്നവരാണ് ഇവിടത്തെ യുവജനത. യുവജനങ്ങളുടെയും സ്ത്രീകളുടെയും സ്വയംസഹായ സംഘങ്ങള്‍, ചെറുകിടവ്യവസായം, കൃഷി, സേവനം എന്നീ മേഖലകളില്‍ നടത്തുന്ന സംരംഭങ്ങളെ പാര്‍ടി നടത്തുന്ന സംരംഭങ്ങളാക്കി കാണിക്കുന്നു. അത് സിപിഐ എമ്മിന്റെ കോട്ടയായി നിര്‍ത്താനുള്ള ഒരു പരിപാടിയായാണ് പരമ്പരയില്‍ പറയുന്നത്. ചില ഗ്രാമങ്ങളില്‍ ക്ളബ്ബുകള്‍ നടത്തുന്ന ചിട്ടികളെപ്പറ്റി പരാമര്‍ശിച്ചുകാണുന്നു. ഇത്തരം ചിട്ടികള്‍ സാധാരണക്കാരെയും ചെറുകിടകര്‍ഷകരെയും ബ്ളേഡ്കാരുടെ ചൂഷണത്തില്‍നിന്ന് രക്ഷിക്കുന്നതായാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഈ പ്രദേശത്തുകാര്‍ കമ്യൂണിസ്റുകാര്‍ ആയിപ്പോയതിനാല്‍ അവര്‍ ഈ ഗ്രാമത്തിന്റെ നന്മയ്ക്കും അഭിവൃദ്ധിക്കും വേണ്ടി ആവിഷ്കരിച്ചതെല്ലാം 'കൊടി കെട്ടിയ നുണകള്‍' എഴുതുന്നവര്‍ക്ക് കുറ്റമായി.

പഴശിരാജ സിനിമ എടുക്കാന്‍ വന്നവര്‍ എത്തിപ്പെട്ടത് പാര്‍ടി ഗ്രാമത്തിലാണെന്നും പഴശിരാജ ഒളിപ്പോരിന് തെരഞ്ഞെടുത്ത പ്രദേശങ്ങള്‍ അതേപോലെ കിടക്കുന്നതുകണ്ട് അത്ഭുതപ്പെട്ടു എന്നും പറയുന്നു. അദ്ദേഹം ഒളിപ്പോരിന് തെരഞ്ഞെടുത്തത് 'പുരളിമല'നിരകളാണ് (അല്ലാതെ മുടക്കോഴിയല്ല). രാജാവ് നിര്‍മിച്ച ഹരിചന്ദ്ര കോട്ടയും ആരാധിച്ച ശിവലിംഗവും പുരളിമലയിലുണ്ട്. സാധാരണക്കാരന്റെ ആരാധനാമൂര്‍ത്തിയായ മുത്തപ്പന്റെ തോറ്റംപാട്ടുകളില്‍ പറയുന്ന ഹരിചന്ദ്ര കോട്ടയും കുളവും പുരളിമലയിലുണ്ട്. ചരിത്രസ്മാരകങ്ങള്‍ സംരക്ഷിച്ചുനിര്‍ത്തേണ്ടവ തന്നെയാണ്. ഇവ ഇത്രയുംകാലം സംരക്ഷിച്ച ഇവിടത്തുകാരുടെ നല്ല മനസ്സിനെ മനോരമ കാണാതെപോയി. അവരെ പ്രശംസിക്കുകയല്ലേ വേണ്ടത്?

പഴശിരാജാവിന്റെ കോവിലകം (മട്ടന്നൂരിനടുത്ത് പഴശി വില്ലേജില്‍) അദ്ദേഹത്തോടുള്ള വൈരാഗ്യത്തിന്റെ ഫലമായി ബ്രിട്ടീഷുകാര്‍ തകര്‍ത്തു. തലശേരി- കുടക് റോഡ് നിര്‍മിച്ചു. ഇത്തരത്തില്‍ പുരളിമലയില്‍ അവശേഷിക്കുന്ന ചരിത്രസ്മാരകം കൂടി തകര്‍ക്കണമെന്നാണോ മനോരമ പറയുന്നത്. നിങ്ങള്‍ അങ്ങനെ പറഞ്ഞാലും വീരപഴശിയെ ആരാധിക്കുന്ന മുടക്കോഴിക്കാര്‍ക്ക് അതിന് കഴിയില്ല. അന്യന്റെ വേദനയെ സ്വന്തം വേദനയായികണ്ട് നാടിന്റെ നന്മയ്ക്കുവേണ്ടി നിലകൊള്ളുന്ന മുടക്കോഴിപോലുള്ള ഗ്രാമങ്ങളെ ശിലായുഗത്തിന് സമാനവും ഭയാനകവുമായി വരച്ചുകാട്ടി പുറംലോകത്തിനുമുന്നില്‍ കണ്ണൂരിനെ ഭീകരജില്ലയാക്കി കാണിക്കുന്ന മനോരമയുടെ നിലപാടാണ് അപരിഷ്കൃതം.

ഷിജിന്‍, തില്ലങ്കേരി ദേശാഭിമാനി , വായനക്കാരുടെ കത്തുകള്‍, 160712

2 comments:

  1. 'കൊടി കെട്ടിയ നുണകള്‍' എഴുതി മനോരമപോലുള്ള പത്രങ്ങളാണ് കണ്ണൂരിനെ ഭീകരജില്ലയാക്കി പുറത്തുനിന്നുള്ളവരുടെ വരവിന് കോട്ടകെട്ടുന്നത്. അല്ലാതെ കണ്ണൂരിലെ പാര്‍ടിയോ ഗ്രാമങ്ങളോ അല്ല.

    ReplyDelete