Friday, September 14, 2012

കൊച്ചി മെട്രോക്ക് ശിലയിട്ടു


കൊച്ചി മെട്രോ റെയില്‍പദ്ധതിക്ക് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ് ശിലയിട്ടു. മറൈന്‍ ഡ്രൈവില്‍ ചേര്‍ന്ന ചടങ്ങില്‍ വ്യാഴാഴ്ച പകല്‍ 10.50 നാണ് തറക്കല്ലിട്ടത്. വല്ലാര്‍പാടം അന്താരാഷ്ട്ര ടെര്‍മിനല്‍ വന്നതോടെ കൊച്ചി രാജ്യത്തെ സാമ്പത്തിക കേന്ദ്രമായെന്ന് അദ്ദേഹം പറഞ്ഞു.

മെട്രോ വരുന്നതോടെ കൊച്ചിയുടെ സമഗ്രവികസനത്തിന് വഴിവെക്കും. പദ്ധതി പൂര്‍ത്തിയാവുന്നതോടെ കൊച്ചി സുപ്രധാന നഗരമാകും. വേഗത്തിലുള്ള ജനസംഖ്യാവര്‍ധനവ് വികസനത്തിന് തടസമാകുന്നുണ്ടെങ്കിലും അത് മറികടക്കാന്‍ കഴിയണം. പ്രധാനപ്രശ്നം നഗരവികസനത്തിന് അനുബന്ധ സൗകര്യവും പൊതുയാത്രാസൗകര്യങ്ങളുമൊരുക്കുകയാണ്. കൊച്ചിയുടെ അടിസ്ഥാനവികസനത്തിന് സൗകര്യമേര്‍പ്പെടുത്തും. ഗതാഗതകുരുക്കും വായുമലിനീകരണവും പരിഹരിച്ച് ബഹുമുഖഗതാഗത സംവിധാനം വേണം. നഗരവികസനത്തിന് സുസ്ഥിരസംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായായി 19 നഗരങ്ങളില്‍ കൂടി മെട്രോ ഏര്‍പ്പെടുത്തും. ഡല്‍ഹി മെട്രോയുടെ വിജയത്തിനു പിന്നില്‍ ഇ ശ്രീധരന്‍ പ്രധാന പങ്കുവഹിച്ചു. ലോകം ശ്രദ്ധിക്കുന്ന നഗരമായി കൊച്ചിയെ വളര്‍ത്തുന്നതില്‍ കൊച്ചി മെട്രോക്ക് സ്ഥാനമുണ്ടാകുമെന്നും പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

ആര്യാടന്‍ മുഹമ്മദ് സ്വാഗതം പറഞ്ഞു. കേന്ദ്രമന്ത്രി കെ വി തോമസ് അധ്യക്ഷനായി. കേന്ദ്രമന്ത്രിമാരായ എ കെ ആന്റണി, കമല്‍നാഥ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഇ അഹമ്മദ്, വയലാര്‍ രവി, കെ സി വേണുഗോപാല്‍ എന്നിവര്‍ സംബന്ധിച്ചു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ചടങ്ങില്‍ നിന്നും വിട്ടു നിന്നു. പദ്ധതി നടപടികള്‍ സുതാര്യമല്ല. നിര്‍മാണച്ചുമതലയില്‍ നിന്നും ഇ ശ്രീധരനെ ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാരും കെഎംആര്‍എല്ലും ഒളിച്ചുകളി തുടരുന്ന സാഹചര്യത്തിലാണ് വി എസ് വിട്ടുനിന്നത്.

നഗരവല്‍ക്കരണം വെല്ലുവിളി ഉയര്‍ത്തുന്നു: പ്രധാനമന്ത്രി

കൊച്ചി: അതിവേഗത്തിലുള്ള നഗരവല്‍ക്കരണം രാജ്യത്തിന് പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. നിലവില്‍ 28 ശതമാനം ജനങ്ങള്‍ നഗരങ്ങളില്‍ അധിവസിക്കുന്നു. 2013ഓടെ ഇത് 40 ശതമാനത്തിലേക്ക് ഉയര്‍ന്ന് നഗരജനസംഖ്യ 60 കോടിയായി മാറുന്നതോടെ ചേരികളും അടിസ്ഥാന സൗകര്യക്കുറവും പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊച്ചി മെട്രോ റെയിലിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ എട്ടാമത്തെ മെട്രോയാണ് കൊച്ചിയിലേത്. കേന്ദ്രം കൊച്ചി മെട്രോയ്ക്ക് 1000 കോടി രൂപ നല്‍കുന്നുണ്ട്. 19 ഇന്ത്യന്‍ നഗരങ്ങളില്‍ മെട്രോ റെയിലിനുള്ള വിശദ പദ്ധതിരേഖ തയ്യറാക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. 12 നഗരങ്ങള്‍ തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ട്. നിലവില്‍ ഏഴ് നഗരത്തിലായി 476 കിലോമീറ്റര്‍ മെട്രോ റെയിലാണ് നിര്‍മിക്കുന്നത്. രാജ്യത്തെ പ്രധാന വാണിജ്യനഗരമായി വളര്‍ന്നുകൊണ്ടിരിക്കുന്ന കൊച്ചിക്ക് മെട്രോപദ്ധതി വികസനക്കുതിപ്പ് നല്‍കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പങ്കാളിത്തത്തോടെ രൂപീകരിച്ച കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മെട്രോ പദ്ധതി സമയബന്ധിതമായി ആധുനിക സൗകര്യങ്ങളോടെ പൂര്‍ത്തീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

ജവഹര്‍ലാല്‍ നെഹ്റു നഗരവികസന പദ്ധതിയിലേക്കുള്ള രണ്ടാംഘട്ട പദ്ധതികള്‍ സംസ്ഥാനം സമര്‍പ്പിക്കണമെന്ന് കേന്ദ്ര നഗരവികസനമന്ത്രി കമല്‍നാഥ് പറഞ്ഞു. കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ മോണോറെയില്‍ പദ്ധതിക്ക് കേന്ദ്രം സഹായംനല്‍കും. കോഴിക്കോട് 14 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന മോണോറെയില്‍ പദ്ധതിക്ക് കേന്ദ്രം തത്വത്തില്‍ അംഗീകരം നല്‍കിയതായും കമല്‍നാഥ് പറഞ്ഞു. കൊച്ചി മെട്രോയുടെ ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയാകുന്നതിനുമുമ്പെ രണ്ടാംഘട്ടത്തിനുള്ള ജോലികള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കാക്കനാട്, എയര്‍പോര്‍ട്ട് ഭാഗങ്ങളിലേക്ക് രണ്ടാംഘട്ടത്തില്‍ മെട്രോ നീട്ടുന്നതിനുള്ള പദ്ധതിയുണ്ട്. മൂന്നുവര്‍ഷത്തിനുള്ളില്‍ത്തന്നെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് അധ്യക്ഷനായി. കേന്ദ്രമന്ത്രിമാരായ എ കെ ആന്റണി, വയലാര്‍ രവി, കെ വി തോമസ്, ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്, കെഎംആര്‍എല്‍ എംഡി ഏല്യാസ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. കേന്ദ്രമന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇ അഹമ്മദ്, കെ സി വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.

തിളങ്ങിയത് മെട്രോമാന്‍ ശ്രീധരന്‍

കൊച്ചി മെട്രോ പദ്ധതിയുടെ ശിലയിടല്‍ ചടങ്ങില്‍ തിളങ്ങിയത് മെട്രോമാന്‍ ഇ ശ്രീധരന്‍. മെട്രോ നിര്‍മാണത്തില്‍ ഇ ശ്രീധരനെ നോക്കുകുത്തിയാക്കാനുള്ള ശ്രമം കൊടുമ്പിരികൊള്ളുമ്പോഴാണ് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ മെട്രോ നിര്‍മാണമേഖലയില്‍ ശ്രീധരന്റെ കഴിവിനെയും സംഭാവനകളെയും പ്രകീര്‍ത്തിച്ചത്. വിവിധ മെട്രോ പദ്ധതികള്‍ നടപ്പാക്കിയതിലും കൂടുതല്‍ നഗരങ്ങളില്‍ മെട്രോ വ്യാപകമാക്കാന്‍ ശ്രമിക്കുന്നതിലും ഇ ശ്രീധരന്റെ പങ്ക് നിസ്തുലമാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. എഴുതിത്തയ്യാറാക്കിയ പ്രസംഗം വായിക്കുന്നതിനിടെയാണ് അതിലില്ലാത്ത പ്രശംസാ വാചകങ്ങള്‍ പ്രധാനമന്ത്രി ചൊരിഞ്ഞത്. കൊച്ചി മെട്രോ എന്ന ആശയം അവതരിപ്പിച്ചതുമുതല്‍ ഇതുവരെ അതിനുവേണ്ടി പ്രയത്നിച്ചയാള്‍ എന്ന വിശേഷണത്തോടെയാണ് കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി ഇ ശ്രീധരനെ പ്രകീര്‍ത്തിച്ചത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ മുന്നോട്ടുപോയെന്നും മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും നന്നായി പ്രയത്നിച്ചെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ആര്യാടന്‍ മുഹമ്മദും കേന്ദ്രസഹമന്ത്രി കെ വി തോമസും കൊച്ചി മെട്രോ യില്‍ ശ്രീധരന്റെ പങ്ക് എടുത്തുപറഞ്ഞു.

വൈകുന്ന ഓരോദിവസവും 40 ലക്ഷം അധികച്ചെലവ്: ഇ ശ്രീധരന്‍

കൊച്ചി: കൊച്ചി മെട്രോ വൈകുന്ന ഓരോ ദിവസവും 40 ലക്ഷത്തിന്റെ അധികച്ചെലവുണ്ടാകുന്നതായി ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍. എമര്‍ജിങ് കേരളയില്‍ അടിസ്ഥാനസൗകര്യ വികസനംസംബന്ധിച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് നടന്ന പ്ലീനറി സെഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മെട്രോ നിര്‍മാണത്തിനുള്ള ധാരണാപത്രം എപ്പോള്‍ ഒപ്പിടുമെന്ന ചോദ്യം എമര്‍ജിങ് കേരളയോടനുബന്ധിച്ച് വ്യാഴാഴ്ച വൈകിട്ട് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തിലും ഉയര്‍ന്നു. അത് അടുത്ത കെഎംആര്‍എല്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനമായേക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

deshabhimani 140912

No comments:

Post a Comment