Wednesday, November 16, 2011

ജയരാജന്‍ ഇന്ന് മോചിതനാകും


കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ച എം വി ജയരാജന്‍ ബുധനാഴ്ച രാവിലെ മോചിതനാകും. ജാമ്യം ലഭിച്ച വിവരം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ എന്നിവര്‍ ജയിലിലെത്തി ജയരാജനെ അറിയിച്ചു. രാവിലെ പത്തോടെ ജയിലില്‍ നിന്നുള്ള മോചനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. പുറത്തിറങ്ങിയ ഉടനെ പൂജപ്പുര മൈതാനത്ത് സ്വീകരണം നല്‍കും. രാത്രി 8.45ന് മംഗലാപുരം എക്സ്പ്രസില്‍ കണ്ണൂരിലേക്കു പോകും. വ്യാഴാഴ്ച കാലത്ത് കണ്ണൂര്‍ റെയില്‍വേസ്റ്റേഷനില്‍ സ്വീകരണം നല്‍കും. ജാമ്യം അനുവദിച്ച സുപ്രീംകോടതി ഉത്തരവ് ചൊവ്വാഴ്ച വൈകിട്ട് ഹൈക്കോടതിയില്‍ എത്തിച്ച് ബോണ്ട് വ്യവസ്ഥയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. വൈകിട്ട് ആറിനുമുമ്പ് ബോണ്ട് രേഖകള്‍ പൂജപ്പുര ജയില്‍ അധികൃതര്‍ക്ക് എത്തിക്കാന്‍ കഴിയാത്തതിനാലാണ് ജയരാജന് ചൊവ്വാഴ്ച പുറത്തിറങ്ങാന്‍ കഴിയാതിരുന്നത്.

അഭിഭാഷകനെ നിയോഗിച്ചത് അനുചിതം

കൊച്ചി: ഹൈക്കോടതി വിധിയെ വിമര്‍ശിച്ചതിന് തടവുശിക്ഷ അനുഭവിക്കുന്ന എം വി ജയരാജന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ പ്രാരംഭവാദത്തില്‍ ഹൈക്കോടതി സ്വന്തം അഭിഭാഷകനെ നിയോഗിച്ചത് വിവാദമായി. എം വി ജയരാജന്റെ ജയില്‍മോചനം തടയാനും സ്വന്തം വിധിയെ ന്യായീകരിക്കാനും സുപ്രീം കോടതിയില്‍ അഭിഭാഷകനെ നിയോഗിച്ച ഹൈക്കോടതി നടപടിക്കെതിരെ നിയമവൃത്തങ്ങളില്‍നിന്ന് വ്യാപക പ്രതിഷേധമുയര്‍ന്നു.

കേരള ഹൈക്കോടതി ജഡ്ജിയായിരിക്കെ സ്ഥാനം രാജിവച്ച് സുപ്രീംകോടതിയില്‍ പ്രാക്ടീസ് ആരംഭിച്ച സീനിയര്‍ അഭിഭാഷകന്‍ വി ഗിരിയെയും മറ്റൊരു ജൂനിയര്‍ അഭിഭാഷകനെയുമാണ് ഹൈക്കോടതി പ്രത്യേകം നിയോഗിച്ചത്. ഇത് അസാധാരണവും അനുചിതവുമാണെന്ന് നിയമരംഗത്തെ പ്രമുഖര്‍ പ്രതികരിച്ചു. നോട്ടീസ്പോലും കിട്ടുംമുമ്പാണ് ഹൈക്കോടതി അഭിഭാഷകനെ നിയോഗിച്ചത്. അഭിഭാഷകനെ നിയോഗിച്ച് സുപ്രീംകോടതിയിലെ അപേക്ഷയെ ഹൈക്കോടതി എതിര്‍ത്തത് അനുചിതമാണെന്ന് മുന്‍ അഡ്വക്കറ്റ് ജനറല്‍ സി പി സുധാകരപ്രസാദ് ദേശാഭിമാനിയോടു പറഞ്ഞു. കേരളം കണ്ടതില്‍വച്ച് ഏറ്റവും അച്ചടക്കത്തോടെ നടന്ന പ്രതിഷേധ കൂട്ടായ്മ ഉപരോധമെന്ന രീതിയില്‍ ചിത്രീകരിച്ച അഭിഭാഷകന്റെ നടപടി ഉന്നത നീതിപീഠത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിന് കോട്ടംതട്ടാന്‍ ഇടയാക്കി-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപ്പീല്‍ പരിഗണിക്കുന്നത് സുപ്രീംകോടതിയാണെന്നും തങ്ങളുടെ വിധിയെ പ്രതിരോധിക്കാന്‍ ഹൈക്കോടതി ഇടപെടേണ്ടതില്ലെന്നും മുന്‍ എംപിയും മുതിര്‍ന്ന അഭിഭാഷകനുമായ തമ്പാന്‍ തോമസ് പറഞ്ഞു. സുപ്രീംകോടതി നിയമവശം പരിശോധിക്കുമ്പോള്‍ പ്രാഥമിക പരിഗണനാവേളയില്‍ ഹൈക്കോടതി അഭിഭാഷകനെ നിയോഗിച്ച് ഇടപെട്ടത് ശരിയായില്ല. കോടതി കക്ഷിയുടെ നിലവാരത്തിലേക്കു താഴ്ന്നുപോയെന്നും അദ്ദേഹം പറഞ്ഞു. കോടതിയലക്ഷ്യക്കേസുകളില്‍ ബോധിപ്പിക്കുന്ന അപ്പീലുകളില്‍ സാധാരണ വ്യവഹാരങ്ങളിലെപ്പോലെ കേസിന്റെ പ്രാരംഭവാദ സമയത്ത് ജാമ്യഹര്‍ജിയെ എതിര്‍ക്കുന്ന നടപടി അസാധാരണമാണെന്ന് മുന്‍ സ്റ്റേറ്റ് പ്രോസിക്യൂട്ടറും ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനുമായ കെ ഗോപാലകൃഷ്ണക്കുറുപ്പ് പറഞ്ഞു.
(പി പി താജുദ്ദീന്‍)

ഹൈക്കോടതി അഭിഭാഷകന്‍ തെറ്റിദ്ധാരണ സൃഷ്ടിച്ചു

കോടതിയലക്ഷ്യക്കേസില്‍ എം വി ജയരാജന്‍ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി സ്വീകരിക്കും മുമ്പുതന്നെ കേസില്‍ അഭിഭാഷകനെ നിയോഗിച്ച കേരള ഹൈക്കോടതിയുടെ അമിതാവേശം നിയമവൃത്തങ്ങളെ അമ്പരപ്പിച്ചു. തിങ്കളാഴ്ച സിപിഐ എം നടത്തിയ നിശ്ശബ്ദപ്രതിഷേധത്തെക്കുറിച്ച് സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാനും ഹൈക്കോടതിയുടെ അഭിഭാഷകന്‍ ശ്രമിച്ചു. മുതിര്‍ന്ന അഭിഭാഷകനും കേരള ഹൈക്കോടതി മുന്‍ജഡ്ജിയുമായ വി ഗിരിയും അഡ്വ. ടി ജി നാരായണന്‍ നായരുമാണ് ഹൈക്കോടതിക്കു വേണ്ടി ഹാജരായത്. ജയരാജനെയും സിപിഐ എമ്മിനെയും സുപ്രീംകോടതി മുമ്പാകെ അവഹേളിക്കാനാണ് ഹൈക്കോടതിയുടെ അഭിഭാഷകന്‍ വി ഗിരി ശ്രമിച്ചത്. ഹൈക്കോടതിക്കു മുന്നില്‍ വഴിതടഞ്ഞ് സിപിഐ എം കഴിഞ്ഞ ദിവസം പ്രതിഷേധിച്ചെന്നും ജഡ്ജിമാരെ തടയുകയായിരുന്നു ലക്ഷ്യമെന്നും ഗിരി പറഞ്ഞു. രാവിലെ എട്ടരമുതല്‍ സമരം ആരംഭിച്ചതിനാല്‍ ജഡ്ജിമാര്‍ക്ക് അതിനുമുമ്പുതന്നെ കോടതിയില്‍ എത്തേണ്ടി വന്നു. മുദ്രാവാക്യം വിളികളോടെയായിരുന്നു സമരം. ഹൈക്കോടതി ജഡ്ജിമാരെ അവഹേളിക്കുന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി- ഗിരി തുടര്‍ന്നു.

എന്നാല്‍ ഇതുവഴി സുപ്രീംകോടതിയെ പ്രകോപിപ്പിച്ച് ഹര്‍ജി തള്ളിക്കാമെന്ന പ്രതീക്ഷ പാളി. കോടതിയലക്ഷ്യക്കേസിന്റെ സാംഗത്യത്തിലൂന്നി വാദമുഖങ്ങള്‍ ഉന്നയിക്കുന്നതിനുപകരം കിട്ടിയ അവസരത്തില്‍ സിപിഐ എമ്മിനെ ശത്രുപക്ഷത്ത് നിര്‍ത്താനായിരുന്നു ശ്രമം. ജയരാജനെ ശിക്ഷിക്കാന്‍ കാട്ടിയ അതേ അമിതാവേശം സുപ്രീംകോടതിയില്‍ ആവര്‍ത്തിച്ചപ്പോള്‍ തിരിച്ചടി നേരിട്ടു. സാധാരണ ഹര്‍ജി പരാമര്‍ശിക്കുമ്പോള്‍ അത് പരിഗണിക്കേണ്ടതാണെന്ന് കണ്ടാല്‍ നോട്ടീസ് അയക്കുകയാണ് കോടതി ചെയ്യുക. ഇവിടെ പരാമര്‍ശഘട്ടത്തില്‍ തന്നെ സ്വന്തം ഭാഗം ഹൈക്കോടതി വ്യക്തമാക്കിയതിനാല്‍ നോട്ടീസ് അയച്ച് പ്രതികരണം കേള്‍ക്കാന്‍ കാത്തിരിക്കുന്നതിനുമുമ്പ് തന്നെ ജയരാജന് ജാമ്യം അനുവദിച്ചു. സാധാരണ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് നോട്ടീസ് ലഭിച്ച ശേഷം മാത്രമാണ് ഹൈക്കോടതിപോലുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ അഭിഭാഷകരെ നിയമിക്കുക. ഇവിടെ ഹൈക്കോടതി ജയരാജന്റെ ഹര്‍ജി പരാമര്‍ശത്തിന് വരുമെന്ന് അറിഞ്ഞപ്പോള്‍ തന്നെ അഭിഭാഷകനെ വച്ചു. ഹര്‍ജി പരിഗണിക്കുംമുമ്പ് സുപ്രീംകോടതിയെ കൊണ്ട് തള്ളിക്കുകയായിരുന്നു ലക്ഷ്യം.

deshabhimani 161111

2 comments:

  1. കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ച എം വി ജയരാജന്‍ ബുധനാഴ്ച രാവിലെ മോചിതനാകും. ജാമ്യം ലഭിച്ച വിവരം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ എന്നിവര്‍ ജയിലിലെത്തി ജയരാജനെ അറിയിച്ചു. രാവിലെ പത്തോടെ ജയിലില്‍ നിന്നുള്ള മോചനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. പുറത്തിറങ്ങിയ ഉടനെ പൂജപ്പുര മൈതാനത്ത് സ്വീകരണം നല്‍കും. രാത്രി 8.45ന് മംഗലാപുരം എക്സ്പ്രസില്‍ കണ്ണൂരിലേക്കു പോകും. വ്യാഴാഴ്ച കാലത്ത് കണ്ണൂര്‍ റെയില്‍വേസ്റ്റേഷനില്‍ സ്വീകരണം നല്‍കും.

    ReplyDelete
  2. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം വി ജയരാജന് ജാമ്യം അനുവദിച്ച സുപ്രീംകോടതിവിധി കോടതികള്‍ക്കാകെ മാതൃകയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ കോട്ടയത്ത് മീറ്റ് ദി പ്രസ്സില്‍ പറഞ്ഞു. കോടതികളെ ഞങ്ങള്‍ എന്നും ബഹുമാനിക്കുന്നു. അതേസമയം ജനകീയ പ്രശ്നങ്ങളില്‍ ജനവിരുദ്ധ വിധികളെ വിമര്‍ശിക്കാറുമുണ്ട്. മുന്‍വിധിയോടെയുള്ള വിധിയായിരുന്നു ഹൈക്കോടതിയുടേത്. ആറുമാസത്തെ കഠിനതടവ് പ്രഖ്യാപിച്ചതും അപ്പീല്‍ നല്‍കാന്‍ അവസരം നല്‍കാത്തതും അതിരുകടന്ന നടപടിയായിരുന്നു. ഉന്നതനീതിപീഠമായ സുപ്രീംകോടതി തികഞ്ഞ ഗൗരവത്തോടെ കോടതികള്‍ക്കാകെ മാതൃകയാവും വിധം വിധി പുറപ്പെടുവിച്ചത് അഭിനന്ദനാര്‍ഹമാണെന്നും വി എസ് പറഞ്ഞു.

    ReplyDelete