Saturday, May 11, 2013

5000 ഓര്‍മമരങ്ങള്‍ ഇനി തണല്‍വിരിക്കും


ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം

തിരു: ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന് അനീഷ്രാജന്‍ നഗറില്‍ (എ കെ ജി ഹാള്‍) ഉജ്വല തുടക്കം. സംസ്ഥാന സെക്രട്ടറി ടി വി രാജേഷിന്റെ നേതൃത്വത്തില്‍ രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. പ്രതിനിധിസമ്മേളനത്തിന് തുടക്കംകുറിച്ച് ജില്ലാ പ്രസിഡന്റ് ബി ബിജു പതാക ഉയര്‍ത്തി. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി കെ ഇ എന്‍ കുഞ്ഞഹമ്മദ് സമ്മേളനം ഉദ്ഘാടനംചെയ്തു. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നാം ജീവിക്കുന്ന പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പ്രാമുഖ്യം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള പുഴകള്‍ക്കും അരുവികള്‍ക്കും നീരുറവകള്‍ക്കും കാവല്‍നില്‍ക്കാനും പുതിയ നീരുറവകള്‍ സൃഷ്ടിക്കാനും കഴിയണം. മനുഷ്യന്റെ സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ സോഷ്യലിസം അനിവാര്യമായി. ഇന്ന് മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനുതന്നെ സോഷ്യലിസം അനിവാര്യമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ബി ബിജു അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ, പ്രസിഡന്റ് എം സ്വരാജ്, സംസ്ഥാന ട്രഷറര്‍ കെ എസ് സുനില്‍കുമാര്‍, ജോയിന്റ് സെക്രട്ടറി പി എ മുഹമ്മദ് റിയാസ്, കേന്ദ്ര കമ്മിറ്റി അംഗം പി പി ദിവ്യ, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്് ഷിജുഖാന്‍, ബാലസംഘം സംസ്ഥാന പ്രസിഡന്റ് പി ജെ അഭിജിത് എന്നിവര്‍ സംസാരിച്ചു. ബി ബിജു, സുരേഷ്കുമാര്‍, ഷൈലജ ബീഗം എന്നിവര്‍ അംഗങ്ങളായ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ബിജു, എ എ റഹിം, ജില്ലാ ജോയിന്റ് സെക്രട്ടറി കെ കൃഷ്ണകുമാര്‍ എന്നിവര്‍ രക്തസാക്ഷിപ്രമേയം അവതരിപ്പിച്ചു. ഐ സാജു അനുശോചനപ്രമേയം അവതരിപ്പിച്ചു. വൈകിട്ട് ഇന്ത്യന്‍ സമ്പദ്ഘടനയും അഴിമതിയും എന്ന വിഷയത്തെക്കുറിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എം ബി രാജേഷ് എംപി സംസാരിച്ചു. ശനിയാഴ്ച സമ്മേളനം സമാപിക്കും. രാവിലെ 9.30ന് ജില്ലയിലെ മുന്‍കാല യുവജനനേതാക്കളെ പങ്കെടുപ്പിച്ച് "ഓര്‍മ" പരിപാടി സംഘടിപ്പിക്കും. ഡിവൈഎഫ്ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായ എം വിജയകുമാര്‍ ഉദ്ഘാടനംചെയ്യും. തുടര്‍ന്ന് സംഘടന; സംഘാടനം എന്ന വിഷയം ഡിവൈഎഫ്ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റും സിപിഐ എം ജില്ലാ സെക്രട്ടറിയുമായ കടകംപള്ളി സുരേന്ദ്രന്‍ അവതരിപ്പിക്കും.

5000 ഓര്‍മമരങ്ങള്‍ ഇനി തണല്‍വിരിക്കും

ആലപ്പുഴ: ആലപ്പുഴയുടെ മണ്ണില്‍ ഇതാദ്യമായെത്തുന്ന പുരോഗമന യുവജന പ്രസ്ഥാന സംസ്ഥാന സമ്മേളനത്തിന്റെ ഓര്‍മ നിലനിര്‍ത്താന്‍ ജില്ലയില്‍ 5000ത്തിലേറെ ഓര്‍മമരങ്ങള്‍ നട്ടു. യുവാക്കളെ പരിസ്ഥിതി ബോധവല്‍ക്കരണ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കാന്‍ നടത്തിയ ഓര്‍മമരം നടീല്‍ പരിപാടിയില്‍ യുവജനങ്ങള്‍ക്കു പുറമെ ജീവിതത്തിന്റെ സമസ്ത വിഭാഗം ജനങ്ങളും അണിനിരന്നു. ഒരു യൂണിറ്റില്‍ രണ്ട് മരം വീതം നടാനായിരുന്നു തീരുമാനമെങ്കിലും ബഹുഭൂരിപക്ഷം യൂണിറ്റിലും അതിലേറെ മരങ്ങള്‍ നട്ടു. ഇതാദ്യമായാണ് ഒരു യുവജനപ്രസ്ഥാനം സമ്മേളനത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനം ഏറ്റെടുക്കുന്നത്. ഈ മരങ്ങള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സംരക്ഷിച്ച് വളര്‍ത്തും.

ആലപ്പുഴ നഗരചത്വരത്തില്‍ ഓര്‍മ മരം നട്ട് സമ്മേളനത്തിന്റെ സ്വാഗതസംഘം ചെയര്‍മാന്‍ ജി സുധാകരന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ മേഴ്സി ഡയാനോ മാസിഡോ, മുന്‍ ചെയര്‍മാന്‍ പി പി ചിത്തരഞ്ജന്‍, വി കെ സോമന്‍, വി സോജകുമാര്‍, മനു സി പുളിക്കല്‍ എന്നിവരും നഗരചത്വരത്തില്‍ മരങ്ങള്‍ നട്ടു. കൊമ്മാടി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശവക്കോട്ട പാലത്തിന് സമീപം ഡോ. ബി പത്മകുമാര്‍ മരം നട്ടു. അമ്പലപ്പുഴയില്‍ പുന്നപ്ര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മാതള തൈനട്ട് പുന്നപ്ര സമര സേനാനി പി കെ ചന്ദ്രാനന്ദന്‍ ഉദ്ഘാടനം ചെയ്തു. മാരാരിക്കുളത്ത് സിപിഐ എം ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബുവും കായംകുളത്ത് സി കെ സദാശിവന്‍ എംഎല്‍എയും തകഴിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പ്രതിഭാഹരിയും അരൂരില്‍ എ എം ആരിഫ് എംഎല്‍എയും മാവേലിക്കരയില്‍ ആര്‍ രാജേഷ് എംഎല്‍എയും ചാരുംമൂട്ടില്‍ കെ രാഘവനും വൃക്ഷതൈ നട്ടു. മാന്നാറില്‍ എം ശശികുമാറും തൈക്കാട്ടുശേരിയില്‍ എന്‍ ആര്‍ ബാബുരാജും ചെങ്ങന്നൂരില്‍ ജെ അജയനും കഞ്ഞിക്കുഴിയില്‍ സജി ചെറിയാനും ചേര്‍ത്തലയില്‍ കെ പ്രസാദും മരങ്ങള്‍ നട്ടു. ഭരണിക്കാവില്‍ കെ എച്ച് ബാബുജാനും കുട്ടനാട്ടില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ വേണുഗോപാലും, ഹരിപ്പാട് ടി കെ ദേവകുമാറും കാര്‍ത്തികപ്പള്ളിയില്‍ ബി രാജേന്ദ്രനും ഓര്‍മ മരങ്ങള്‍ നട്ടു.

deshabhimani

No comments:

Post a Comment