Friday, May 3, 2013
പിന്നോക്ക ക്ഷേമം: 231 കോടി ജാതിസംഘടനകള്‍ക്ക്
പിന്നോക്കവിഭാഗത്തിലെ പാവപ്പെട്ടവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള 231 കോടി രൂപയുടെ വായ്പ ജാതിസംഘടനകള്‍വഴി വിതരണംചെയ്യാന്‍ വകുപ്പുമന്ത്രിയുടെ നിര്‍ദേശം. കുടുംബശ്രീയും മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളും മുഖേന പിന്നോക്കവിഭാഗ വികസന കോര്‍പറേഷന്‍ നല്‍കി വരുന്ന വായ്പ ഇനിമുതല്‍ ജാതിസംഘടനകള്‍വഴി നല്‍കിയാല്‍ മതിയെന്നാണ് മന്ത്രി എ പി അനില്‍കുമാര്‍ നിര്‍ദേശിച്ചത്. ഇതനുസരിച്ച് "ഗുണഭോക്താക്കളെ" കണ്ടെത്താന്‍ കോര്‍പറേഷന്‍ മെയ് ഏഴിന് തിരുവനന്തപുരത്ത് 81 ജാതി സംഘടനാ നേതാക്കളുടെ യോഗം വിളിച്ചു.
സ്വയംതൊഴില്‍ വായ്പ, സൂക്ഷ്മ വായ്പാ പദ്ധതി (മൈക്രോഫിനാന്‍സ് ക്രെഡിറ്റ് സ്കീം- എംഎഫ്സിഎസ്), വിദ്യാഭ്യാസ വായ്പ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് കേന്ദ്ര ഫണ്ട് ഉപയോഗിച്ച് കോര്‍പറേഷന്‍ വായ്പ നല്‍കുന്നത്. വ്യക്തിഗത ഗുണഭോക്താക്കളെ കണ്ടെത്തിയോ, കുടുംബശ്രീ സ്വയംസഹായ സംഘങ്ങള്‍- സന്നദ്ധ സംഘടനകള്‍ മുഖേനയോ ആണ് വായ്പാ വിതരണം. സുതാര്യമായും കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചും നല്‍കിവരുന്ന പദ്ധതിയാണ് സര്‍ക്കാരിന്റെ സമുദായ സംഘടനാ പ്രീണനത്തിന്റെ ഭാഗമായി അട്ടിമറിക്കപ്പെടുന്നത്. 231 കോടിയുടെ വായ്പയില്‍ ചെറുകിട വായ്പാപദ്ധതി പൂര്‍ണമായും ജാതിസംഘടനകള്‍ക്ക് വീതിച്ചുനല്‍കും. സംഘടനകള്‍ രൂപീകരിച്ച സ്വയംസഹായ ഗ്രൂപ്പുകള്‍ക്ക് ധനസഹായം നല്‍കാമെന്നാണ് സര്‍ക്കാര്‍ രഹസ്യമായി അറിയിച്ചിട്ടുള്ളത്. ഇതനുസരിച്ച് വ്യാപകമായി കടലാസ് സ്വയംസഹായ ഗ്രൂപ്പുകള്‍ രൂപീകരിക്കുന്ന തിരക്കിലാണ് ചില സംഘടനകള്‍. ഇതിനു പുറമെ വിദ്യാഭ്യാസവായ്പയും സ്വയംതൊഴില്‍വായ്പയും സമുദായ നേതാക്കള്‍ നിര്‍ദേശിക്കുന്നവര്‍ക്കും നല്‍കും.
രണ്ടു ശതമാനം പലിശക്കാണ് കോര്‍പറേഷന്‍ സ്വയംസഹായ ഗ്രൂപ്പുകള്‍ക്ക് സൂക്ഷ്മ വായ്പാ പദ്ധതി പ്രകാരം വായ്പ നല്‍കുന്നത്. ഇത് അഞ്ചു ശതമാനം പലിശയ്ക്ക് അംഗങ്ങള്‍ക്ക് നല്‍കാം. ഒരു വ്യക്തിക്ക് 25,000 രൂപ വീതം ഗ്രൂപ്പുകളിലെ 10 മുതല്‍ 20 വരെ സംഘങ്ങള്‍ക്ക് രണ്ടര ലക്ഷംമുതല്‍ അഞ്ചു ലക്ഷംവരെ നല്‍കും. നേരത്തെ കോര്‍പറേഷന്‍ ഒരു സമുദായ സംഘടനയ്ക്ക് സമാന രീതിയിലുള്ള വായ്പ നല്‍കിയപ്പോള്‍ കോടിക്കണക്കിനു രൂപയുടെ ക്രമക്കേടാണ് നടത്തിയത്. ഇത് സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ടുകളിന്മേല്‍ അന്വേഷണം നടക്കാനിരിക്കെയാണ് വീണ്ടും വായ്പ നല്‍കുന്നത്. വായ്പ നല്‍കിയതായി കൃത്രിമം കാണിച്ച് കോടികള്‍ മറിക്കാനുള്ള ഉന്നതതല ഗൂഢാലോചനയാണ് ഇതിനു പിന്നില്‍. ഒപ്പം കുടുംബശ്രീയെ തകര്‍ക്കുകയെന്ന ഗൂഢലക്ഷ്യവും. ഇതിനായി ഗുണഭോക്തൃ നേതൃസംഗമം എന്ന പേരിലാണ് യോഗം വിളിച്ചത്. യോഗത്തിലേക്ക് കുടുംബശ്രീയുടെയോ മറ്റ് പ്രമുഖ സന്നദ്ധ സംഘടനകളുടെയോ ഒരു പ്രതിനിധിയെപ്പോലും ക്ഷണിച്ചിട്ടുമില്ല. യോഗത്തിലേക്ക് 81 ജാതിസംഘടനാ നേതാക്കളെ ക്ഷണിച്ചതായി കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ബി ദിലീപ് കുമാര്‍ "ദേശാഭിമാനി"യോട് പറഞ്ഞു. കോര്‍പറേഷന്‍ നടത്തുന്ന വായ്പാ പദ്ധതികളെക്കുറിച്ച് ബോധവല്‍ക്കരിക്കുകയാണ് ലക്ഷ്യം-എംഡി പറഞ്ഞു.
(എം രഘുനാഥ്)
deshabhimani
Subscribe to:
Post Comments (Atom)
No comments:
Post a Comment