Friday, May 3, 2013

സോമാലിയയില്‍ പട്ടിണിമരണം രണ്ടരലക്ഷത്തിലേറെ


നെയ്‌റോബി: കടല്‍കൊള്ളയ്ക്കും അഴിമതിക്കും പേരുകേട്ട സോമാലിയയില്‍ കടുത്ത പട്ടിണിയെതുടര്‍ന്ന് രണ്ടരലക്ഷത്തിലധം പേര്‍ മരിച്ചു. ഇതില്‍ പകുതിയോളം കുട്ടികളാണ്. യു എന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം കുട്ടികളടക്കം 2,60000 പേരാണ് പട്ടിണികിടന്ന് മരിച്ചത്. 2010 ഒക്‌ടോബര്‍ മുതല്‍ 2012 ഏപ്രില്‍വരെയുള്ള റിപ്പോര്‍ട്ട് യു എന്നിന്റെ ഭക്ഷ്യ-കാര്‍ഷിക സംഘടനയായ എഫ് എ ഒയാണ് പുറത്തുവിട്ടത്.രാജ്യം കടുത്ത ഭക്ഷ്യക്ഷാമത്തില്‍പ്പെട്ടിരുന്ന 2010-2012ലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണനിരക്കിനേക്കാള്‍ കൂടുതലാണ് കഴിഞ്ഞവര്‍ഷത്തേതെന്നും യു എന്‍ ചൂണ്ടികാണിക്കുന്നു.   1992ല്‍ രാജ്യത്ത് രണ്ടുലക്ഷത്തി ഇരുപതിനായിരം പേരാണ് പട്ടിണികിടന്ന് മരിച്ചത്. അപകടമാംവിധം നീങ്ങുന്ന സോമാലിയയില്‍ പ്രതിരോധനടപടികള്‍ കൂടുതല്‍ ശക്തമാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദക്ഷിണ-മദ്ധ്യേ സോമാലിയയില്‍ 133,000 അഞ്ചുവയസിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങളാണ് മരിച്ചത്.  2011ലെ കടുത്ത വരള്‍ച്ചയുടെ പ്രധാന ഇരയും സോമാലിയയാണ്. 1.3 കോടി ജനങ്ങളെയാണ് വരള്‍ച്ച ബാധിത്. രാജ്യത്ത് 27 ലക്ഷം പേര്‍ മരണത്തോട് മല്ലിട്ടുക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അഞ്ചിലൊരു വീടെന്ന അനുപാതത്തില്‍ ഇവിടെ ഭക്ഷ്യക്ഷാമം രൂക്ഷമാണെന്നും  പതിനായിരത്തില്‍ രണ്ട് പേര്‍ വീതം ദിവസവും മരിക്കുന്ന റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കുന്നു.

2012 ഫെബ്രുവരിയോടെ രാജ്യം പട്ടിണിയില്‍ നിന്ന് മുക്തമായതായി യു എന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തുടര്‍ച്ചയായ ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലായ സോമാലിയ സന്നദ്ധപ്രവര്‍ത്തകരുടെ കുരുതിക്കളമായാണ് അറിയപ്പെടുന്നത്. എന്നാല്‍ സമീപകാലത്തായി രാജ്യത്തിന്റെ സുരക്ഷാ മെച്ചപ്പെട്ടതായും അല്‍ഖയ്ദ ബന്ധമുള്ള ഭീകരര്‍ പിന്‍മാറുന്നതായും റിപ്പോര്‍ട്ടുണ്ട്.

janayugom 030513

No comments:

Post a Comment