Friday, May 3, 2013

ആദ്യ 4 റാങ്കില്‍ മൂന്നും കേരളീയര്‍ക്ക്

മലയാളത്തിന് ഹരിതശോഭ

രണ്ടു പതിറ്റാണ്ടിനു ശേഷം സിവില്‍ സര്‍വീസ് പരീക്ഷയിലെ ഒന്നാം റാങ്ക് മലയാളത്തിന്റെ മണ്ണിലേക്കു കൊണ്ടുവന്നതിന്റെ ആഹ്ലാദത്തിലാണ് തിരുവനന്തപുരം തൈക്കാട്ടെ "സായിസിന്ദൂരം" വീട്. ആര്‍ വിജയകുമാര്‍-ചിത്ര ദമ്പതികളുടെ മകളായ ഹരിത വി കുമാറിന് ഒന്നാംറാങ്ക് കിട്ടിയത് അറിഞ്ഞതുമുതല്‍ സായിസിന്ദൂരത്തിലേക്ക് അഭിനന്ദനപ്രവാഹമായിരുന്നു. ഫരീദാബാദില്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ ട്രെയിനിയായ ഹരിതയാണ് ഫോണിലൂടെ അച്ഛനെയും അമ്മയെയും റാങ്കുവിവരം ആദ്യം അറിയിച്ചത്. വാര്‍ത്ത വന്നതോടെ സുഹൃത്തുക്കളും ബന്ധുക്കളുമായി നിരവധി പേരെത്തി.

മക്കളുടെ പഠനം ലക്ഷ്യമിട്ടാണ് നെയ്യാറ്റിന്‍കര സ്വദേശിയും കോണ്‍ട്രാക്ടറുമായ വിജയകുമാര്‍ അഞ്ചു വര്‍ഷംമുമ്പ് തൈക്കാട്ടെ വാടകവീട്ടിലെത്തിയത്. കുട്ടിക്കാലംതൊട്ടേ ആരാകാനാണ് ആഗ്രഹമെന്ന ചോദ്യത്തിന് കലക്ടറാകണമെന്ന ഒരേയൊരു ഉത്തരംമാത്രമേ ഹരിതയ്ക്കുണ്ടായിരുന്നുള്ളെന്ന് അമ്മ ചിത്ര ഓര്‍മിച്ചു. നെയ്യാറ്റിന്‍കര സെന്റ് തെരേസാസ് കോണ്‍വെന്റ് സ്കൂളില്‍നിന്ന് ഏഴാം റാങ്കോടെ പത്താംക്ലാസും 95 ശതമാനം മാര്‍ക്കോടെ നെയ്യാറ്റിന്‍കര ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍നിന്നും പ്ലസ്ടുവും പൂര്‍ത്തിയാക്കി തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്‍ എന്‍ജിനിയറിങ് കോളേജില്‍നിന്നും ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ ബിരുദം നേടി. പഠനം അവസാനിക്കുംമുമ്പേ എച്ച്സിഎല്ലില്‍ ജോലി ലഭിച്ചെങ്കിലും സിവില്‍ സര്‍വീസെന്ന മോഹത്തിന്റെ വഴിയേ സഞ്ചരിക്കുകയായിരുന്നു.

മലയാളവും സാമ്പത്തികശാസ്ത്രവും ഐച്ഛികമായെടുത്തായിരുന്നു സിവില്‍സര്‍വീസ് പഠനം. പാലാ സിവില്‍ സര്‍വീസ് അക്കാദമിയില്‍നിന്നും മലയാളവും തിരുവനന്തപുരത്ത് പ്രൊഫ. എസ്. നാരായണന്റെ അടുത്തുനിന്ന് സാമ്പത്തികശാസ്ത്രവും പഠിച്ചു. 2009ല്‍ ആദ്യം എഴുതിയെങ്കിലും കടമ്പ കടക്കാനായില്ല. 2010ല്‍ 179-ാം റാങ്കോടെ ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ പ്രവേശിച്ചു. ഉടന്‍തന്നെ പഠനത്തിനായി ലീവെടുത്തു. 2011ല്‍ പരീക്ഷ നന്നായി എഴുതിയെങ്കിലും റാങ്ക് 290ലേക്കു പോയി. പ്രതീക്ഷ വിടാതെ 2012 ലും പരീക്ഷ എഴുതി. അങ്ങനെ അവസാനത്തെ ചാന്‍സില്‍ എല്ലാ ഊര്‍ജവും ഉപയോഗപ്പെടുത്തി ഹരിത സിവില്‍ സര്‍വീസ് കടമ്പയില്‍ ഒന്നാമതെത്തി. അനുജന്‍ സാദര്‍ശ് എന്‍ജിനിയറിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷം ചേച്ചിയുടെ പാത പിന്‍തുടര്‍ന്ന് സിവില്‍ സര്‍വീസ് പരിശീലനത്തിലാണ്. മറ്റൊരു സഹോദരന്‍ സതീര്‍ഥ് ചെന്നൈയില്‍ കംപ്യൂട്ടര്‍ എന്‍ജിനിയറാണ്

ആദ്യ 4 റാങ്കില്‍ മൂന്നും കേരളീയര്‍ക്ക്

ന്യൂഡല്‍ഹി: ഒന്നാം റാങ്കടക്കം സ്വന്തമാക്കി സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളികള്‍ക്ക് മികച്ച നേട്ടം. തിരുവനന്തപുരം തൈക്കാട് സ്വദേശി ഹരിത വി കുമാറാണ് രാജ്യത്തെ ഉന്നത പരീക്ഷയില്‍ ഒന്നാമതെത്തിയത്. എറണാകുളം സ്വദേശി ശ്രീറാം വി റാം രണ്ടാമതും മൂവാറ്റുപുഴ പാമ്പാക്കുട അഞ്ചല്‍പ്പെട്ടി സ്വദേശി ആല്‍ബി ജോണ്‍ വര്‍ഗീസ് നാലാമതുമെത്തി.

എന്‍ജിനിയറിങ് ബിരുദം നേടിയ ഹരിത നാലാമത്തെ ശ്രമത്തിലാണ് തിളങ്ങുന്ന വിജയം സ്വന്തമാക്കിയത്. എംബിബിഎസുകാരനായ ശ്രീറാം രണ്ടാം തവണയാണ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത്. ഉത്തരേന്ത്യയില്‍നിന്നുള്ള ശ്രുതി ചരണിനാണ് മൂന്നാം റാങ്ക്. ആദ്യ 25 റാങ്കുകാരില്‍ നാല് പേര്‍ തിരുവനന്തപുരം സെന്ററില്‍ പരീക്ഷ എഴുതിയവരാണ്. 12 പേര്‍ വിജയിച്ച ഡല്‍ഹി കഴിഞ്ഞാല്‍ ആദ്യ റാങ്ക് പ്രാതിനിധ്യത്തില്‍ മുന്നില്‍ നില്‍ക്കുന്നതും തിരുവനന്തപുരം.

പൊതുവിഭാഗത്തിന് പുറമേ പട്ടികവിഭാഗത്തിലും ആദ്യ റാങ്കുകള്‍ പെണ്‍കുട്ടികള്‍ നേടി. ആദ്യ 25 റാങ്കുകളില്‍ 13 എണ്ണം ആണ്‍കുട്ടികളും 12 എണ്ണം പെണ്‍കുട്ടികളും സ്വന്തമാക്കി.ഇവരില്‍ ആറ് പേര്‍ ആദ്യമായി പരീക്ഷയെഴുതിയവരാണ്. 2012 ഒക്ടോബറിലെ എഴുത്തുപരീക്ഷയുടെയും കഴിഞ്ഞ രണ്ട് മാസങ്ങളിലായി നടത്തിയ ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് 998 റാങ്ക് ജേതാക്കളെ തെരഞ്ഞെടുത്തത്.

രണ്ടാം ഊഴത്തില്‍ രണ്ടാം റാങ്ക്

കൊച്ചി: പരിശീലനകേന്ദ്രങ്ങളില്‍ ചേര്‍ന്ന് പ്രത്യേക തയ്യാറെടുപ്പൊന്നും നടത്താതെയാണ് വി ശ്രീറാം സിവില്‍ സര്‍വീസ് പരീക്ഷയെ അഭിമുഖീകരിച്ചത്. പരീക്ഷാഫലം വന്നപ്പോള്‍ ഈ ഡോക്ടറെ തേടിയെത്തിയത് രണ്ടാം റാങ്ക്. ഒഡിഷയിലെ കട്ടക്കില്‍ എംഡിക്കു പഠിക്കുന്ന ശ്രീറാമിന്റെ കഠിനാധ്വാനത്തിന് ഇരട്ടിമധുരമായി രണ്ടാം റാങ്ക്. ശ്രീറാം ഫലമറിഞ്ഞതും അവിടെവച്ചാണ്.

എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളേജ് റിട്ട. സുവോളജി പ്രൊഫസര്‍ പനമ്പിള്ളിനഗര്‍ കൃഷ്ണാലയത്തില്‍ പി ആര്‍ വെങ്കിട്ടരാമന്റെയും എസ്ബിഐ വൈറ്റില ശാഖയിലെ സ്പെഷ്യല്‍ അസിസ്റ്റന്റ് ആര്‍ രാജത്തിന്റെയും മകനാണ് വി ശ്രീറാം. എംബിബിഎസിനു പഠിക്കുമ്പോഴാണ് സിവില്‍ സര്‍വീസ് മോഹം ഉദിച്ചത്. വൈദ്യശാസ്ത്ര പഠനത്തിനൊപ്പമായിരുന്നു സിവില്‍ സര്‍വീസ് തയ്യാറെടുപ്പും. ആദ്യതവണ എഴുതിയപ്പോള്‍ ഇന്‍ഫര്‍മേഷന്‍ ബ്യൂറോയിലേക്ക് തെരഞ്ഞെടുത്തെങ്കിലും വേണ്ടെന്നു വയ്ക്കുകയായിരുന്നു. തുടര്‍ന്ന് വര്‍ധിച്ച ആത്മവിശ്വാസത്തോടെ പഠിച്ച് രണ്ടാം റാങ്ക് കരസ്ഥമാക്കി.

പ്ലസ്ടുവരെ ഭാരതീയ വിദ്യാഭവനിലായിരുന്നു പഠനം. മെഡിക്കല്‍-എന്‍ജിനിയറിങ് എന്‍ട്രന്‍സ് പരീക്ഷയില്‍ 26-ാം റാങ്കോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എംബിബിഎസിനു ചേര്‍ന്നു. വെള്ളിയാഴ്ച രാവിലെ ശ്രീറാം കുടുംബാംഗങ്ങളെ വിളിച്ച് ഇന്ന് പരീക്ഷാഫലം വരുമെന്ന് അറിയിച്ചിരുന്നു. രാവിലെ പതിനൊന്നോടെ ഇന്റര്‍നെറ്റിലൂടെയാണ് വീട്ടുകാര്‍ റാങ്ക് നേട്ടം അറിഞ്ഞത്. സഹോദരി ലക്ഷ്മി തൃശൂര്‍ അമല മെഡിക്കല്‍ കോളേജില്‍ എംബിബിഎസിനു ശേഷം ഹൗസ്സര്‍ജന്‍സി ചെയ്യുന്നു. ശ്രീറാമിന്റെ റാങ്ക് വാര്‍ത്ത അറിഞ്ഞതോടെ കൃഷ്ണാലയത്തില്‍ ഉത്സവാന്തരീക്ഷമാണ്. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള പ്രമുഖര്‍ നേരിട്ടും ടെലിഫോണിലും അഭിനന്ദനം അറിയിച്ചു. ശനിയാഴ്ച നാട്ടിലെത്തുമെന്നാണ് ശ്രീറാം അറിയിച്ചതെന്ന് അച്ഛന്‍ പി ആര്‍ വെങ്കിട്ടരാമന്‍ പറഞ്ഞു.

ആല്‍ബിക്ക് ഇത് പിറന്നാള്‍ മധുരം

പിറവം: ജന്മദിന തലേന്നുതന്നെ ആല്‍ബിക്ക് ലഭിച്ച മധുരമായി സിവില്‍ സര്‍വീസസ് പരീക്ഷയിലെ നാലാംറാങ്ക്. മെയ് നാലിനാണ് ഈ യുവ ഡോക്ടറുടെ ജന്മദിനം. പാമ്പാക്കുട അഞ്ചല്‍പ്പെട്ടി കുപ്പമലയില്‍ ഡോ. ആല്‍ബി ജോണ്‍ വര്‍ഗീസ് നേടിയ റാങ്കിന് കഠിനാദ്ധ്വാനത്തിന്റെ മികവും മാതാപിതാക്കളുടെയും സഹോദരന്റെയും സുഹൃത്തുക്കളുടെയും പിന്തുണയുമാണ് കരുത്തായത്. നിലവില്‍ പറവൂര്‍ കുന്നുകര ഗവ. പിഎച്ച്സിയിലെ ഡോക്ടറാണ്. സുഹൃത്തുക്കള്‍ക്കൊപ്പം ചര്‍ച്ചചെയ്ത് പഠിക്കുകയായിരുന്നു രീതി. ഏറെ സഹായിച്ചത് പശ്ചിമ ബംഗാള്‍ ഐപിഎസ് കേഡറിലെ ഉദ്യോഗസ്ഥനും സീനിയറുമായ ഡോ. ജോബി തോമസാണ്. ഒപ്പം ഡോ. അനീഷ്, ഡോ. സരിന്‍ എന്നിവരും സഹപഠിതാക്കളായി. രണ്ടുപേര്‍ക്കും ഐഎഎസ് കിട്ടി. തമിഴ്നാട്ടില്‍ ഡെപ്യൂട്ടി കലക്ടര്‍മാരാണ് അവര്‍.

അഞ്ചല്‍പ്പെട്ടി സെന്റ് മേരീസ് യുപിഎസ്, പിറവം ഫാത്തിമ മാതാ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക പഠനം. പാലാ സെന്റ് തോമസ് എച്ച്എസില്‍ പ്ലസ്ടു പൂര്‍ത്തിയാക്കിയശേഷം തൃശൂര്‍ ജൂബിലി മെഡിക്കല്‍ കോളേജില്‍ മെഡിസിനുചേര്‍ന്നു. 2012ല്‍ പഠനം പൂര്‍ത്തിയാക്കിയശേഷം തിരുവനന്തപുരത്തും കൂത്താട്ടുകുളത്തെ പാലക്കുഴയിലും സേവനമനുഷ്ഠിച്ചു. പരീക്ഷയ്ക്കുമുമ്പ് ഒന്നരമാസം മലയാളത്തിന് പാല ബ്രില്ല്യന്റ്സില്‍ കോച്ചിങ്ങിനുപോയി. ഒന്നരമാസം തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാഡമിയില്‍ പരിശീലനവും ബാക്കിപഠനം മുഴുവന്‍ സുഹൃത്തുക്കളുമായുള്ള സംവാദത്തിലൂടെയായിരുന്നെന്ന് ഡോക്ടര്‍ പറയുന്നു. അഞ്ചല്‍പ്പെട്ടി കവലയില്‍ ഫ്രൂട്ട് സ്റ്റാള്‍ നടത്തുകയാണ് പിതാവ് വര്‍ഗീസ്കുട്ടി. രാമമംഗലം ഗവ. പിഎച്ച്സിയില്‍ നേഴ്സിങ് അസിസ്റ്റന്റായ ശലോമിയാണ് അമ്മ. സഹോദരന്‍ അതുല്‍ ജോണ്‍ വര്‍ഗീസ് കോഴിക്കോട് എന്‍ഐടിയിലെ നാലാം സെമസ്റ്റര്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിയാണ്. വിജയവാര്‍ത്ത അറിഞ്ഞ പകല്‍ രണ്ടുമുതല്‍ കുപ്പമല വീട്ടിലേക്ക് നാട്ടുകാരും സുഹൃത്തുക്കളും സന്തോഷം പങ്കുവയ്ക്കാന്‍ എത്തി.
(എല്‍ദോ ജോണ്‍)

deshabhimani

No comments:

Post a Comment