Saturday, May 11, 2013
റെയില്‍വേ: നാലു വര്‍ഷം അഞ്ചു മന്ത്രിമാര്‍
ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച വകുപ്പായിരുന്നു റെയില്‍വേയെങ്കില്‍ രണ്ടാം യുപിഎ സര്‍ക്കാരില്‍ ഏറ്റവും കരിപുരണ്ട വകുപ്പായി ഇതു മാറി. ലാലുപ്രസാദ്യാദവ് റെയില്‍മന്ത്രിയായ സമയത്ത് നിരക്കുവര്‍ധനയില്ലാതെ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തി. അനവധി പുതിയ സര്‍വീസുകള്‍ ആരംഭിക്കുകയും ചെയ്തു. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തെ റെയില്‍മന്ത്രാലയത്തിന്റെ പുത്തന്‍മാറ്റം പഠിക്കാന്‍ വിദേശസര്‍വകലാശാലകളില്‍ നിന്നുപോലും വിദ്യാര്‍ഥികളെത്തി. എന്നാല്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ അഞ്ച് മന്ത്രിമാരാണ് റെയില്‍ഭവന്‍ കയറിയിറങ്ങിയത്.
2009 മെയ് 26ന് റെയില്‍മന്ത്രിയായ തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജി രണ്ടുവര്‍ഷം കൊണ്ട് റെയില്‍വേയെ സാമ്പത്തികമായി തകര്‍ത്തശേഷമാണ് സ്ഥാനമൊഴിഞ്ഞത്. സാമ്പത്തിക അടിത്തറ ശ്രദ്ധിക്കാതെ നിരവധി പദ്ധതികളും ട്രെയിനുകളും പ്രഖ്യാപിച്ചു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായതോടെ 2011 മെയ് 11ന് റെയില്‍മന്ത്രി സ്ഥാനം മമത ഒഴിഞ്ഞു. സാമ്പത്തികമായി തകര്‍ന്ന റെയില്‍വേയെ രക്ഷപ്പെടുത്താനെന്ന പേരില്‍ നിരക്ക് കൂട്ടിയതാണ് മമതയുടെ പിന്‍ഗാമിയായി എത്തിയ തൃണമൂല്‍ നേതാവ് തന്നെയായ ദിനേശ് ത്രിവേദിക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടാന്‍ കാരണമായത്. 2011 ജൂലൈ 11ന് ചുമതലയേറ്റ ത്രിവേദി 2012ലെ റെയില്‍ബജറ്റില്‍ യാത്രാനിരക്ക് വര്‍ധിപ്പിച്ചു. മമതയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് 2012 മാര്‍ച്ച് 14ന് ത്രിവേദി രാജിവച്ചു. മമതയുടെ വലംകൈയും തൃണമൂല്‍ നേതാവുമായ മുകുള്‍ റോയി പിന്നീട് മന്ത്രിയായി. 2012 മാര്‍ച്ച് 20 മുതല്‍ 2012 സെപ്തംബര്‍ 21 വരെ മുകുള്‍റോയ് റെയില്‍വേ മന്ത്രിയായിരുന്നുവെന്നാണ് രേഖ.
റെയില്‍ മന്ത്രാലയമായ റെയില്‍ ഭവനില്‍ മുകുള്‍റോയ് എത്തിയത് വിരലിലെണ്ണാവുന്ന ദിവസം മാത്രം. റെയില്‍വേ മന്ത്രാലയം നാഥനില്ലാക്കളരിയായി. സാമ്പത്തികമായി കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങി. സേവനങ്ങളുടെ നിലവാരം കുറഞ്ഞു. വൃത്തിയില്ലാത്ത കോച്ചുകളും നിലവാരമില്ലാത്ത ഭക്ഷണവുമായിരുന്നു ഇക്കാലത്ത് റെയില്‍വേയുടെ മുഖമുദ്ര. 1995ല്‍ സി കെ ജാഫര്‍ഷെരീഫ് സ്ഥാനമൊഴിഞ്ഞശേഷം കോണ്‍ഗ്രസുകാരന്‍ റെയില്‍മന്ത്രിയായി വരുന്നത് 2012 സെപ്തംബര്‍ 22നാണ്. റെയില്‍മന്ത്രാലയത്തിന്റെ താല്‍ക്കാലിക ചുമതലക്കാരനായി സി പി ജോഷി വന്നു. ഒരു മാസം കഴിഞ്ഞ് ഒക്ടോബര്‍ 28ന് സ്ഥാനമൊഴിഞ്ഞു. പിന്നീട് സ്ഥിരം മന്ത്രിയായി കോണ്‍ഗ്രസുകാരനായ പവന്‍കുമാര്‍ ബന്‍സല്‍ 2012 ഒക്ടോബര്‍ 28നാണ് ചുമതലയേറ്റത്. ബന്‍സലിന്റെ കാലയവളവില്‍ രണ്ടു തവണ യാത്രാനിരക്ക് കൂട്ടി. നവംബറിലും പിന്നീട് ഫെബ്രുവരിയിലെ റെയില്‍ബജറ്റിലും. ചണ്ഡീഗഢിലേക്ക് ട്രെയിനില്‍ സ്ഥിരം യാത്രചെയ്യുന്ന സാധാരണക്കാരനായ മന്ത്രിയെന്നായിരുന്നു ബന്‍സല്‍ അറിയപ്പെട്ടത്. എന്നാല്‍, ലാളിത്യത്തിനുള്ളില്‍ അഴിമതിയുടെ കറപുരണ്ട പൊതുജീവിതമാണെന്ന് ബന്‍സല്‍ തെളിയിച്ചു. 2006ല്‍ ധന സഹമന്ത്രിയായിരുന്ന കാലം മുതലുള്ള അഴിമതി പുറത്തുവന്നു. റെയില്‍വേയിലെ കോഴയെ തുടര്‍ന്ന് ഗതികെട്ട് രാജിവച്ചു.
കരിപുരണ്ട് രണ്ടാം യുപിഎ സര്‍ക്കാര്‍
ന്യൂഡല്‍ഹി: അഴിമതിയുടെയും ജനദ്രോഹത്തിന്റെയും കരിപുരണ്ട് രണ്ടാം യുപിഎ സര്‍ക്കാര്‍. പൊതുസ്വത്ത് പങ്കിട്ടെടുക്കാനുള്ള ത്വരയില്‍ ജനദ്രോഹനയങ്ങള്‍മാത്രം കൈക്കൊണ്ട രണ്ടാം യുപിഎ സര്‍ക്കാര്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിസര്‍ക്കാരുമായി. അഴിമതിയാരോപണത്തെതുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ ടെലികോംമന്ത്രി എ രാജയെ പാതിവഴിയില്‍ കൈയൊഴിഞ്ഞ കോണ്‍ഗ്രസ് അഴിമതിക്കെതിരാണ് തങ്ങളെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ശക്തമായ തിരിച്ചടി നേരിട്ടു. അഴിമതിക്കേസുകളില്‍ റെയില്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പവന്‍കുമാര്‍ ബന്‍സലിനും നിയമമന്ത്രി അശ്വനി കുമാറിനും രാജിവയ്ക്കേണ്ടിവന്നു.
ഒന്നാം യുപിഎ സര്‍ക്കാര്‍ ഇടതുപക്ഷ പിന്തുണയോടെയാണ് ഭരിച്ചത്. ഇടതുപക്ഷത്തിന്റെ ഇടപെടലും സ്വാധീനവുംകൊണ്ട് നിരവധി ജനപ്രിയ പരിപാടികള്‍ക്ക് തുടക്കംകുറിക്കാന്‍ കഴിഞ്ഞു. ദേശീയ തൊഴിലുറപ്പു പദ്ധതി, ആദിവാസി വനാവകാശ നിയമം, വിവരാവകാശ നിയമം, ഭക്ഷ്യസുരക്ഷാ ബില്‍ എന്നിവയ്ക്കായി ഇടതുപക്ഷം ശക്തമായ സമ്മര്‍ദം ചെലുത്തി. ഭക്ഷ്യസുരക്ഷാ ബില്‍ ഒഴികെയുള്ളവ യാഥാര്‍ഥ്യമായി.
രണ്ടാം യുപിഎ സര്‍ക്കാര്‍ പൂര്‍ണമായും കോര്‍പറേറ്റ് മൂലധനശക്തികളുടെ നിയന്ത്രണത്തിലായി. പൊതുമേഖലയെ തകര്‍ക്കലും രാജ്യത്തിന്റെ പ്രകൃതിസമ്പത്ത് കൊള്ളയടിക്കലും മാത്രമായി ലക്ഷ്യം. തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും ജനങ്ങള്‍ക്കുമെതിരായ യുദ്ധപ്രഖ്യാപനമായിരുന്നു രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഓരോ നടപടിയും. വിലക്കയറ്റം അനിയന്ത്രിതമായി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രണം നീക്കിയതോടെ ഇന്ധനവിലയും സാധനവിലയും റോക്കറ്റുപോലെ കുതിച്ചു. സമ്പദ്വ്യവസ്ഥ വന്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. വളര്‍ച്ചാനിരക്ക് ഒമ്പതു ശതമാനത്തില്‍നിന്ന് അഞ്ചിലേക്ക് താഴ്ന്നു. രൂപയുടെ വിനിമയമൂല്യവും അനിയന്ത്രിതമായി താഴെയെത്തി. അഴിമതിയുടെ കാര്യത്തില്‍ റെക്കോഡുകള്‍ ഒന്നൊന്നൊയി തകര്‍ത്താണ് രണ്ടാം യുപിഎ ഭരണം മുന്നോട്ടുനീങ്ങിയത്. രാഷ്ട്രീയ എതിരാളികളെ ഇല്ലാത്ത അഴിമതിക്കേസുകളില്‍ കുടുക്കാന്‍ സിബിഐയെ ദുരുപയോഗപ്പെടുത്തി. പ്രധാനമന്ത്രിയടക്കമുള്ളവരുടെ അഴിമതി മൂടിവയ്ക്കാന്‍ സിബിഐയെ ഉപയോഗപ്പെടുത്തി. ഇത് സുപ്രീംകോടതിയുടെ കടുത്ത വിമര്‍ശത്തിനുവരെ വഴിവച്ചു. ഏറ്റവുമവസാനം നിയമനത്തിന് റെയില്‍മന്ത്രി കോഴ വാങ്ങിയെന്ന ഗുരുതര ആരോപണം. മരുമകനാണ് തുക വാങ്ങിയതെങ്കിലും പിന്നില്‍ മന്ത്രിയാണെന്ന നിര്‍ണായക തെളിവുകള്‍ പുറത്തുവന്നു. അഴിമതിയുടെ പിന്നാമ്പുറകഥകള്‍ ഒന്നൊന്നായി പുറത്തായപ്പോഴാണ് ബന്‍സലിനെയും അശ്വനി കുമാറിനെയും രാജിക്ക് നിര്‍ബന്ധിച്ചത്. പൊതു തെരഞ്ഞെടുപ്പ് അടുത്തതോടെ അഴിമതിക്കെതിരായ പോരാളിയായി സോണിയയെ അവതരിപ്പിക്കാനാണ് ചില മാധ്യമങ്ങളുടെ ശ്രമം. നിരവധി അഴിമതിക്കാരെ ഒപ്പം നിര്‍ത്തുകയാണ് സോണിയ. ഏറ്റവും വലിയ അഴിമതി ഇടപാടില്‍ ആരോപണവിധേയനായ പ്രധാനമന്ത്രിയെ സംരക്ഷിച്ച് അഴിമതിയുടെ പ്രായോജകരായി കോണ്‍ഗ്രസും സോണിയയും മാറി.
deshabhimani
Labels:
അഴിമതി,
റെയില്‍വേ
Subscribe to:
Post Comments (Atom)
No comments:
Post a Comment