ഇന്ത്യ-ചൈന അതിര്‍ത്തിയിലെ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചുള്ള സഹകരണ കരാര്‍ അടുത്തുതന്നെ യാഥാര്‍ഥ്യമാകുമെന്ന് വിദേശമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. ചൈനയില്‍ ദ്വദിന സന്ദര്‍ശനത്തിനുശേഷം തിരിച്ചെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ലഡാക് മേഖലയിലെ ദൗലത്ബേഗ് ഓര്‍ഡിയില്‍ നടന്നതുപോലുള്ള സംഭവങ്ങള്‍ നടക്കാന്‍ പാടില്ലാത്തതാണെന്നും ബന്ധം മെച്ചപ്പെടുത്തി ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കണമെന്നും ഇരുരാജ്യങ്ങളും സമ്മതിച്ചതായി ഖുര്‍ഷിദ് പറഞ്ഞു.
അതിര്‍ത്തിതര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും ഉടന്‍ ചര്‍ച്ച തുടങ്ങും. അതിര്‍ത്തി പ്രതിരോധ സഹകരണ കരാറിനെക്കുറിച്ചുള്ള നിര്‍ദേശം ചൈന നേരത്തേ മുന്നോട്ടുവച്ചിരുന്നു. ഇന്ത്യയും ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്തിടെ നടന്ന സംഭവങ്ങള്‍ വീണ്ടും കുത്തിപ്പൊക്കി പരിശോധിക്കാനില്ല. ആരെയും കുറ്റപ്പെടുത്താനുമില്ല. സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള സംവിധാനങ്ങള്‍ നന്നായി പ്രവര്‍ത്തിച്ചു. അടുത്തുതന്നെ ഇന്ത്യ സന്ദര്‍ശിക്കുന്ന ചൈനീസ് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ സഹകരണത്തിനുള്ള ധാരണാപത്രം ഒപ്പിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രി ചൈന സന്ദര്‍ശിക്കുമ്പോള്‍ കൂടുതല്‍ ചര്‍ച്ച നടത്തി കരാറുകള്‍ ഒപ്പിടും. 1954നു ശേഷം ഇരു പ്രധാനമന്ത്രിമാരും ഒരേവര്‍ഷം തന്നെ പരസ്പര സന്ദര്‍ശനം നടത്തുന്നത് ആദ്യമായിട്ടാണ്.
ചൈനീസ് സന്ദര്‍ശനത്തിനിടയില്‍ വാണിജ്യം, നിക്ഷേപം എന്നീ മേഖലകളില്‍ കൂടുതല്‍ സഹകരിക്കുന്നതിനെക്കുറിച്ചും രാഷ്ട്രീയ, സുരക്ഷാ വിഷയങ്ങളെക്കുറിച്ചും ചൈനീസ് നേതാക്കളുമായി ചര്‍ച്ച നടത്തി. അന്താരാഷ്ട്ര സാഹചര്യങ്ങളോട് പ്രതികരിച്ചുകൊണ്ടുതന്നെ ഇരുരാജ്യങ്ങള്‍ക്കും ഗുണകരമാകുംവിധം സഹകരണം മെച്ചപ്പെടുത്താന്‍ പ്രവര്‍ത്തിക്കുകയെന്നതാണ് ഇന്നത്തെ ആവശ്യം. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രവര്‍ത്തിക്കുന്നതിനൊപ്പം ഇരുജനതകളും തമ്മിലുള്ള ഐക്യവും മെച്ചപ്പെടുത്തണം. നിക്ഷേപം, വാണിജ്യം, ടൂറിസം, സാംസ്കാരിക വിനിമയം എന്നീ മേഖലകളില്‍ കൂടുതല്‍ സഹകരിച്ച് ജനങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താം. ഇതിന് നേതാക്കള്‍ കൂടുതല്‍ ദീര്‍ഘവീക്ഷണത്തോടെയും പ്രതിബദ്ധതയോടെയും പ്രവര്‍ത്തിക്കണം. രണ്ട് ദിവസത്തെ ചൈനാസന്ദര്‍ശനം ഏറെ ഫലപ്രദമായിരുന്നുവെന്ന് ഖുര്‍ഷിദ് പറഞ്ഞു. ചൈനീസ് പ്രധാനമന്ത്രി ലീ കെക്വിയാങ്, വിദേശമന്ത്രി വാങ് യി എന്നിവരുമായി ചര്‍ച്ച നടത്തി.
deshabhimani 120513
No comments:
Post a Comment