Sunday, May 12, 2013
കാരുണ്യ ഫണ്ട് നല്‍കുന്നില്ല; അത്യാസന്ന രോഗികള്‍ വലഞ്ഞു
സംസ്ഥാനത്തെ വിവിധ സാന്ത്വന പരിചരണ ക്ലിനിക്കുകളില്‍ കഴിയുന്ന രോഗികള്‍ക്ക് ഒന്നരവര്‍ഷമായി സര്‍ക്കാരിന്റെ "കാരുണ്യ"സ്പര്‍ശമില്ല. നട്ടെല്ല് തകര്‍ന്നവര്‍, വൃക്കരോഗികള്‍, ഹൃദ്രോഗികള്‍, കാന്‍സര്‍ രോഗികള്‍, എച്ച്ഐവി ബാധിതര്‍ എന്നിങ്ങനെ ഏറെ കരുതല്‍ വേണ്ടവര്‍ക്കാണ് കാരുണ്യ ബിനുവലന്റ് ഫണ്ടില്‍നിന്നുള്ള ആനുകൂല്യം നല്‍കാത്തത്. ഇത്തരം രോഗികളെ ലക്ഷ്യമിട്ട് രണ്ടുവര്‍ഷംമുമ്പ് സര്‍ക്കാര്‍ തുടങ്ങിയ കാരുണ്യ ലോട്ടറിയുടെ ലാഭം കുമിഞ്ഞുകൂടുമ്പോഴും അധികൃതര്‍ കനിയുന്നില്ല.
മാര്‍ഗനിര്‍ദേശം വൈകുന്നതാണ് അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭ്യമാക്കുന്നതിന് തടസ്സമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥഥര്‍ പറയുന്നത്. സ്റ്റേറ്റ് ലോട്ടറി ഡയറക്ടര്‍ ആവശ്യപ്പെട്ടതുപ്രകാരം സാന്ത്വനചികിത്സാരംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധരടങ്ങുന്ന സമിതി രണ്ടുവര്‍ഷംമുമ്പേ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കി സമര്‍പ്പിച്ചിരുന്നു. ഇതിന് അംഗീകാരം നല്‍കിയെങ്കിലും അതുസംബന്ധിച്ച ഉത്തരവിറക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. നാനൂറിലധികം സാന്ത്വന പരിചരണ യൂണിറ്റുകള്‍ സംസ്ഥാനത്തുണ്ട്. ഇവയില്‍ 250 എണ്ണത്തിന് മാത്രമാണ് സര്‍ക്കാര്‍ അംഗീകാരമുള്ളത്. അംഗീകൃത പാലിയേറ്റീവ് കെയര്‍ ക്ലിനിക്കുകള്‍ വഴിയായിരിക്കണം ചികിത്സാ ചെലവുകള്‍ ലഭ്യമാക്കേണ്ടതെന്നായിരുന്നു വിദഗ്ധ പാനലിന്റെ നിര്‍ദേശങ്ങളില്‍ പ്രധാനം. ആറുമാസം കൂടുമ്പോള്‍ ചെലവുകള്‍ നിജപ്പെടുത്തിയായിരിക്കണം പണം നല്‍കേണ്ടതെന്നും ശുപാര്‍ശകളിലുണ്ട്. എണ്‍പതിനായിരത്തിലേറെ രോഗികള്‍ ഈ മേഖലയില്‍ രജിസ്റ്റര്‍ ചെയ്തവരായുണ്ട്. ഇവരില്‍ പകുതിയിലധികം ചികിത്സാ ആനുകൂല്യത്തിന് അര്‍ഹരാണെന്ന് ഔദ്യോഗികമായി കണക്കാക്കിയതുമാണ്. ശരാശരി 200 രൂപയുടെ മരുന്ന് ഇത്തരം രോഗികള്‍ക്ക് പ്രതിദിനം ആവശ്യമായി വരുന്നുണ്ട്. രോഗത്തിന്റെ മൂര്‍ധന്യാവസ്ഥയിലാണ് ഭൂരിഭാഗം ആളുകളും ക്ലിനിക്കില്‍ എത്തുന്നത്.
മുന്‍നിര ചലച്ചിത്രകാരന്മാര്‍, അത്ലീറ്റുകള്‍ എന്നിവര്‍ സൗജന്യമായി കാരുണ്യലോട്ടറിയുടെ പ്രചാരകരായി പ്രവര്‍ത്തിക്കുന്നുണ്ട്. ശനിയാഴ്ച ദിവസങ്ങളില്‍ നറുക്കെടുക്കുന്ന ലോട്ടറിക്ക് 50 രൂപയാണ് വില. സമ്മാനത്തുക ഒരുകോടി രൂപയാണ്. ഭാഗ്യക്കുറിയില്‍ താല്‍പ്പര്യമില്ലാത്തവരും രോഗികളെ സഹായിക്കുന്നതിന് ടിക്കറ്റെടുക്കാന്‍ ആരംഭിച്ചതോടെ നല്ല സ്വീകാര്യതയും ഇതിനുണ്ടായി. എന്നാല്‍ അതുവഴി കിട്ടുന്ന പണവും യഥാസമയം കൊടുക്കാതെ രോഗികളെ വലയ്ക്കുകയാണ് അധികൃതര്‍.
(എ സുനീഷ്)
deshabhimani 120513
Labels:
ആരോഗ്യരംഗം,
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment