എന്‍ജിഒ യൂണിയന് ജന്മം നല്‍കിയ തൃശൂര്‍, സംഘടനയുടെ സുവര്‍ണജൂബിലി സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുമ്പോള്‍ പ്രതിബദ്ധരായ ആദ്യകാലനേതാക്കളുടെ സമര്‍പ്പിതജീവിതവും പോരാട്ട സ്മരണകളും പുതുതലമുറയ്ക്ക് ആവേശം പകരുന്നു. ജീവനക്കാരെ വര്‍ഗബോധമുള്ളവരാക്കി മാറ്റി സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവകാശം സ്വായത്തമാക്കിയതും 1962ല്‍ എന്‍ജിഒ യൂണിയന്റെ പിറവിയോടെയാണ്. കേരളീയ സമൂഹ്യജീവിതത്തിന്റെ പുരോഗമനധാരയില്‍ സ്വാധീനശക്തിയായി മാറിയ എന്‍ജിഒ യൂണിയന്റെ ആദ്യകാലനേതാക്കളില്‍ ചിലരുടെ നേതൃപരമായ പങ്കിനെ സ്മരിക്കുകയാണിവിടെ.
പി ആര്‍ രാജന്‍
എന്‍ജിഒ യൂണിയന്റെ രൂപീകരണത്തിലും വളര്‍ച്ചയിലും പ്രധാന പങ്കുവഹിച്ച നേതാവാണ് മുന്‍ ജനറല്‍ സെക്രട്ടറികൂടിയായ പി ആര്‍ രാജന്‍. "നാവടക്കൂ പണിയെടുക്കൂ" എന്ന കുപ്രസിദ്ധ കല്‍പ്പനയുമായി ജനാധിപത്യം കശാപ്പു ചെയ്യപ്പെട്ട അടിയന്തരാവസ്ഥാനാളുകളില്‍ പി ആര്‍ രാജനും ജയിലിലടയ്ക്കപ്പെട്ടു. വാണിജ്യ നികുതി വകുപ്പില്‍ ജോലി ചെയ്തിട്ടും അഴിമതിക്കറ പുരളാത്ത പി ആര്‍ പൊതുപ്രവര്‍ത്തകര്‍ക്കെല്ലാം മാതൃകയാണ്. 1974ല്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1978 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. ഗസറ്റഡ് തസ്തികയിലേക്ക് പ്രൊമോഷന്‍ ലഭിച്ചതിനെത്തുടര്‍ന്ന് കെജിഒഎയിലും നേതൃപരമായ സ്ഥാനം വഹിച്ചു. 1991ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്വയം വിരമിച്ചു. ആറു വര്‍ഷം രാജ്യസഭാംഗമായിരുന്നു. സിപിഐ എം ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, ദേശാഭിമാനി തൃശൂര്‍ യൂണിറ്റ് മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം ഇപ്പോള്‍ അസുഖ ബാധിതനായി വിശ്രമത്തിലാണ്.
ടി ആര്‍ ചന്ദ്രദത്ത്
എന്‍ജിഒ യൂണിയന്റെ ആദ്യകാലനേതാക്കളില്‍ പ്രധാനിയായ ടി ആര്‍ ചന്ദ്രദത്ത്, തീരദേശമേഖലയില്‍ സംഘടനാ വളര്‍ച്ചയ്ക്ക് നല്‍കിയ പങ്ക് വലുതാണ്. 1962ല്‍ വലപ്പാട് ശ്രീരാമ പോളിടെക്നിക്കില്‍ ജോലിയില്‍ പ്രവേശിച്ചു. പിഎസ്സി ഇന്റര്‍വ്യൂവില്‍ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും പൊലീസ് അന്വേഷണത്തില്‍ കമ്യൂണിസ്റ്റ് എന്ന് മുദ്രചാര്‍ത്തി നിയമനം തടസ്സപ്പെട്ടതിനാലാണ് മാനേജ്മെന്റ് സ്ഥാപനമായ ശ്രീരാമ പോളിടെക്നിക്കില്‍ ചേര്‍ന്നത്. 1972ല്‍ ശ്രീരാമ പോളിടെക്നിക് സര്‍ക്കാര്‍ ഏറ്റെടുത്തതിനെത്തുടര്‍ന്ന് അദ്ദേഹം പ്രസ്ഥാനത്തിന്റെ ഭാഗമായി. 1996ല്‍ സര്‍വീസില്‍നിന്നും വിരമിച്ചു. ഇപ്പോള്‍ കോസ്റ്റ്ഫോര്‍ഡ് ഡയറക്ടറാണ്. ഇ വി ശ്രീധരന്‍ 1966ല്‍ എന്‍സിസി വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചു. തൃശൂരില്‍ എന്‍ജിഒ യൂണിയന്‍ ആസ്ഥാനമന്ദിരത്തിന്റെ നിര്‍മാണ പ്രവര്‍ത്തനത്തില്‍ പ്രധാന പങ്ക് വഹിച്ചു. ഏറെക്കാലം തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന അദ്ദേഹം 1997ല്‍ സര്‍വീസില്‍നിന്നും വിരമിക്കുമ്പോള്‍ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയറ്റംഗമായിരുന്നു.
എ വി ജഗന്നിവാസ്
1971 ല്‍ സര്‍വേ വകുപ്പിലാണ് ജോലിയില്‍ പ്രവേശിച്ചത്. വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തിയ ജഗന്നിവാസ് എന്‍ജിഒ യൂണിയന്‍ നേതൃനിരയിലെത്തി. 1973 മുതല്‍ക്കുള്ള ജീവനക്കാരുടെ പ്രധാന പോരാട്ടങ്ങളിലെല്ലാം അമരസ്ഥാനത്തു പ്രവര്‍ത്തിച്ചു. 1978ലെ സമരത്തെത്തുടര്‍ന്ന് സസ്പെന്‍ഷനിലായി. 1985 മുതല്‍ തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു. സംസ്ഥാന സെക്രട്ടറിയറ്റംഗമായിരിക്കുമ്പോള്‍ ഗസറ്റഡ് തസ്തികയിലേക്ക് പ്രൊമോഷനായി. 2006ല്‍ സര്‍വീസില്‍നിന്നും വിരമിച്ചു.
ഐ കെ വിഷ്ണുദാസ്
എന്‍ജിഒ യൂണിയന്റെ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ച വിഷ്ണുദാസ് 1973 ലാണ് സര്‍വീസില്‍ പ്രവേശിക്കുന്നത്. 2008ല്‍ ഗസറ്റഡ് തസ്തികയില്‍ നിന്നാണ് വിരമിക്കുന്നത്. അതുവരെ സംഘടനാ രംഗത്ത് സജീവമായിരുന്നു. കെജിഒയുടെയും ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സിപിഐ എം ലോക്കല്‍ കമ്മിറ്റി, സിഐടിയു നാട്ടിക ഏരിയ സെക്രട്ടറി, തളിക്കുളം ബ്ലോക്ക് പഞ്ചായത്തംഗം എന്നീ നിലകളില്‍ പൊതുരംഗത്ത് സജീവം.
കെ ശിവരാമന്‍
1972ല്‍ സര്‍വേ ഡിപ്പാര്‍ട്മെന്റില്‍ പ്രവേശിച്ചു. 1975 മുതല്‍ സമരങ്ങളില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. സംഘടനയുടെ ജില്ലാ സെക്രട്ടറിയായിരുന്നു. 2006 ല്‍ സര്‍വീസില്‍നിന്നും വിരമിച്ചു. 600 പേര്‍ അംഗങ്ങളായിരുന്ന തൃശൂരിലെ പ്രസ്ഥാനത്തെ ഇന്ന് 13,860 പേര്‍ അംഗങ്ങളുള്ള ശക്തിയായി വളര്‍ത്തുന്നതില്‍ ശിവരമാന്റെ സംഭാവന ചെറുതല്ല.
deshabhimani 110513
No comments:
Post a Comment