Saturday, May 4, 2013
അശ്വനികുമാറിനെ കൈവിടും
മന്ത്രി നേരിട്ട് നിര്‍ദേശിച്ചതുകൊണ്ടാണ് താന്‍ അദ്ദേഹത്തെ കാണാന്‍ പോയതെന്ന സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയുടെ വെളിപ്പെടുത്തല്‍ കേന്ദ്ര നിയമമന്ത്രി അശ്വനികുമാറിനെ കൂടുതല്‍ കുരുക്കിലാക്കി. നിയമമന്ത്രിയെ ബലികൊടുത്ത് പ്രധാനമന്ത്രിയെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസിന്റെ ഉന്നതതല യോഗത്തിലും തന്ത്രം മെനഞ്ഞതോടെ അശ്വനികുമാറിന്റെ രാജി ഉറപ്പായിരിക്കുകയാണ്. താനാണ് സിബിഐ ഡയറക്ടറോട് റിപ്പോര്‍ട്ടുമായി ഹാജരാകാന്‍ പറഞ്ഞതെന്ന അറ്റോര്‍ണി ജനറലിന്റെ പ്രസ്താവനയ്ക്ക് വിരുദ്ധമാണ് സിബിഐ ഡയറക്ടറുടെ പുതിയ വെളിപ്പെടുത്തല്‍. ഏഴ് ചോദ്യത്തിനുള്ള ഉത്തരവുമായി പുതിയ സത്യവാങ്മൂലം തിങ്കളാഴ്ച സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. എട്ടിന് ഇതിന്‍മേല്‍ കോടതിയുടെ പ്രതികരണമുണ്ടാകും. അതിനു മുമ്പുതന്നെ നിയമമന്ത്രിയുടെ രാജിയുണ്ടാകണമെന്ന് കോണ്‍ഗ്രസിലെ നേതാക്കള്‍തന്നെ ആവശ്യപ്പെട്ടുകഴിഞ്ഞു. പ്രധാനമന്ത്രിയെ കുഴപ്പത്തിലാക്കിയത് നിയമമന്ത്രിയാണെന്ന് ഒരു കേന്ദ്രക്യാബിനറ്റ് മന്ത്രിതന്നെ പറഞ്ഞു. പാര്‍ലമെന്റില്‍ നിയമമന്ത്രി പ്രസ്താവന നടത്തണമെന്ന് കോണ്‍ഗ്രസ് വക്താക്കളും കേന്ദ്രമന്ത്രിമാരും പങ്കെടുത്ത യോഗത്തില്‍ ആവശ്യമുയര്‍ന്നു. കല്‍ക്കരി കുംഭകോണത്തില്‍ അതിരുവിട്ട് കാര്യങ്ങള്‍ ചെയ്തുവെന്ന വിമര്‍ശവും ചില നേതാക്കള്‍ ഉയര്‍ത്തി. കല്‍ക്കരി കുംഭകോണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി രാജിവയ്ക്കണമെന്നാണ് ബിജെപി പാര്‍ലമെന്റില്‍ തുടര്‍ച്ചയായി ആവശ്യപ്പെടുന്നത്. മറ്റ് പ്രതിപക്ഷ പാര്‍ടികള്‍ നിയമമന്ത്രിയുടെ രാജിയും ആവശ്യപ്പെടുന്നു. നിയമമന്ത്രിയെ രാജിവയ്പിച്ച് പ്രധാനമന്ത്രിയെ സംരക്ഷിക്കുകയെന്ന നയമാകും കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ സ്വീകരിക്കുക.
തിങ്കളാഴ്ച സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തില്‍ ഏഴ് ചോദ്യത്തിന് മറുപടി നല്‍കാന്‍ സുപ്രീംകോടതി സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് ആരൊക്കെ കണ്ടു, സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എന്തെങ്കിലും മാറ്റം വരുത്തിയോ, വരുത്തിയെങ്കില്‍ ആരുടെ നിര്‍ദേശപ്രകാരം, സര്‍ക്കാരുമായി റിപ്പോര്‍ട്ട് പങ്കുവച്ചത് ആദ്യം എന്തുകൊണ്ട് അറിയിച്ചില്ല, കോടതിക്ക് സമര്‍പ്പിക്കേണ്ട ഇത്തരം റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെടാന്‍ നിയമമന്ത്രിക്ക് അധികാരമുണ്ടോ, റിപ്പോര്‍ട്ട് മറ്റാരും കണ്ടില്ലെന്ന് സിബിഐ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത് എന്തുകൊണ്ട്, സിബിഐയില്‍ കോടതിക്കുള്ള വിശ്വാസത്തിന് ഇടിവുണ്ടാക്കുന്നതല്ലേ ഇപ്പോഴുണ്ടായ സംഭവങ്ങള്‍ എന്നീ ചോദ്യങ്ങള്‍ക്കാണ് മറുപടി നല്‍കേണ്ടത്. സ്വതന്ത്ര അന്വേഷണ ഏജന്‍സിയെന്ന നിലയില്‍ സിബിഐയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന സുപ്രീംകോടതിയുടെയും പൊതു സമൂഹത്തിന്റെയും ശക്തമായ വിമര്‍ശം നേരിടുന്ന സിബിഐ അതില്‍നിന്ന് രക്ഷപ്പെടാനുള്ള അവസാന ശ്രമമാകും സത്യവാങ്മൂലത്തിലൂടെ നടത്തുക. കല്‍ക്കരി കുംഭകോണം സംബന്ധിച്ച് യുപിഎ സര്‍ക്കാര്‍ ഒളിപ്പിക്കാന്‍ ശ്രമിക്കുന്ന വസ്തുതകള്‍ കൂടി സിബിഐ കോടതിയെ ഇനി അറിയിക്കുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. സര്‍ക്കാരിനെ കൂടുതല്‍ കുഴപ്പത്തിലാക്കുന്നതാകും സിബിഐയുടെ സത്യവാങ്മൂലം. അത് പരിഗണിച്ച് സുപ്രീംകോടതി എട്ടിന് പ്രതികരണം നടത്തും.
(വി ജയിന്‍)
deshabhimani
Subscribe to:
Post Comments (Atom)
No comments:
Post a Comment