Friday, May 3, 2013

പത്രങ്ങളെക്കുറിച്ചുള്ള പരാമര്‍ശം ചീഫ് സെക്രട്ടറി അന്വേഷിക്കും


നദീജലത്തര്‍ക്കം സംബന്ധിച്ച വിഷയത്തില്‍ മൂന്ന് പ്രമുഖ മലയാള പത്രങ്ങള്‍ തമിഴ്നാടിന്റെ താല്‍പ്പര്യങ്ങള്‍ക്കായി വാര്‍ത്തകള്‍ എഴുതിയെന്നും ഇതിനായി ലേഖകര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയെന്നുമുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലെ പരാമര്‍ശം ചീഫ് സെക്രട്ടറി അന്വേഷിക്കും. മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണ് നിര്‍ദേശം നല്‍കി. തര്‍ക്കം സംബന്ധിച്ച രേഖകള്‍ തമിഴ്നാട് ഉദ്യോഗസ്ഥന്‍ സെക്രട്ടറിയറ്റില്‍ നിന്ന് ചോര്‍ത്തിയെന്ന പൊലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലാണ് പത്രങ്ങളെക്കുറിച്ച് പരാമര്‍ശമുള്ളത്.

ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി വി ചന്ദ്രന്‍, മനോരമ മാനേജിങ് എഡിറ്റര്‍ ഫിലിപ്പ് മാത്യൂ, കേരള കൗമുദി മാനേജിങ് ഡയറക്ടര്‍ എം എസ് രവി എന്നിവര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണം. തമിഴ്നാട് പിആര്‍ഡി ഉദ്യോഗസ്ഥനും മലയാളിയുമായ ഉണ്ണികൃഷ്ണന്‍ സെക്രട്ടറിയറ്റിനുള്ളില്‍ തമ്പടിച്ച് നദീജലത്തര്‍ക്ക വിഷയങ്ങളിലെ ഫയല്‍ ചോര്‍ത്തി തമിഴ്നാടിന് നല്‍കിയെന്നാണ് ഇന്റലിജന്‍സ് മേധാവി ടി പി സെന്‍കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയത്. മനോരമ, മാതൃഭൂമി, കേരളകൗമുദി എന്നീ പത്രങ്ങളില്‍ തമിഴ്നാടിന് അനൂകൂലമായി വാര്‍ത്ത വന്നിട്ടുണ്ടെന്നും ഇതിനായി ഈ പത്രങ്ങളുടെ ലേഖകര്‍ക്ക് ആനുകൂല്യങ്ങളും മറ്റും നല്‍കിയെന്നും ഉണ്ണികൃഷ്ണന്‍ ഇന്റലിജന്‍സിനോട് വെളിപ്പെടുത്തിയിരുന്നു.

deshabhimani 040513

No comments:

Post a Comment