Thursday, May 2, 2013

സരബ് ജിത്തിനെ രക്ഷിക്കാനായില്ല


ലാഹോര്‍: പാക് ജയിലില്‍ സഹതടവുകാരുടെ ആക്രമണത്തിനിരയായ ഇന്ത്യക്കാരന്‍ സരബ്ജിത് സിങ്ങ് മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. കോമ അവസ്ഥയിലുള്ള സരബ്ജിത്തിന്റെ ആരോഗ്യനില കൂടുതല്‍ മോശമായെന്ന് ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്ന നാലംഗ മെഡിക്കല്‍ ബോര്‍ഡ് ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. ജഡം ഇന്ത്യയിലെത്തിച്ച് സംസ്കരിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

ലാഹോറിലെ ജിന്ന സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രത്യേകം സജ്ജീകരിച്ച തീവ്രപരിചരണ വിഭാഗത്തിലായിരുന്നു സരബ്ജിത്തിനെ ചികിത്സിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മരുന്നുകളില്‍ മാറ്റംവരുത്തിയിരുന്നു.വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. വെന്റിലേറ്ററില്‍നിന്ന് മാറ്റാന്‍ ഡോക്ടര്‍മാര്‍ അനുമതി തേടിയെങ്കിയും സരബ്ജിത്തിന്റെ സഹോദരി ദല്‍ബീര്‍ കൗര്‍ വിസമ്മതിച്ചു. ഇന്ത്യന്‍ ഡോക്ടര്‍മാരെക്കൂടി ചികിത്സയ്ക്ക് നിയോഗിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു.

പാ‍കിസ്ഥാനിലെ പഞ്ചാബില്‍ 1990ല്‍ 14 പേര്‍ കൊല്ലപ്പെട്ട ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട കേസിലാണ് സരബ് ജിത് സിങ്ങ് തടവിലായത്. അബദ്ധത്തില്‍ അതിര്‍ത്തി കടന്ന സിങ്ങിനെ ആളുമാറിയാണ് അറസ്റ്റ് ചെയ്തതെന്നാണ് കുടുംബത്തിന്റെ വാദം. ഇദ്ദേഹത്തിന്റെ ദയാഹര്‍ജികളെല്ലാം തള്ളിയിരുന്നെങ്കിലും കഴിഞ്ഞ സര്‍ക്കാര്‍ 2008ല്‍ വധശിക്ഷ നടപ്പാക്കുന്നത് അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചിരുന്നു.

സരബ്ജിത്തിന്റെ മൃതദേഹം ഇന്ത്യയ്ക്ക് കൈമാറി

ന്യൂഡല്‍ഹി: സഹതടവുകാരുടെ ആക്രമണത്തില്‍ പാക് ജയിലില്‍ കൊല്ലപ്പെട്ട സരബ്ജിത്ത് സിങ്ങിന്റെ മൃതദേഹം പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറി. മൃതദേഹം ഇന്ത്യയ്ക്ക് കൈമാറുമെന്ന് പാക് വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിരുന്നു. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെയാണ് മൃതദേഹം കൈമാറിയത്. വൈകീട്ട് മൂന്നോടെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ആശുപത്രിയിലെത്തിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്. പ്രത്യേക വിമാനത്തിലാണ് മൃതദേഹം ഇന്ത്യയിലെത്തിക്കുക. കഴിഞ്ഞ ഏപ്രില്‍ 26നാണ് സഹതടവുകാരുടെ ആക്രമണത്തില്‍ സരബ്ജിത്ത് സിങ്ങിന് സാരമായി പരിക്കേറ്റത്. മൃതദേഹം ഇന്ത്യയില്‍ എത്തിച്ച ശേഷം വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

സരബ്ജിത് സിങ്ങിന്റ മൃതദേഹം വെള്ളിയാഴ്ച ജന്‍മനാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ്ങ് ബാദല്‍ അറിയിച്ചു. സരബ്ജിത്തിന്റെ മരണത്തിനിടയാക്കിയ ദുരൂഹമായ സാഹചര്യങ്ങളെക്കുറിച്ച് അന്താരാഷ്ട്ര ഏജന്‍സി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സരബ്ജിത്ത് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സമീപനത്തെയും ബാദല്‍ വിമര്‍ശിച്ചു. സരബ്ജിത്തിനെതിരായ ആക്രമണത്തില്‍ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു കേന്ദ്രസര്‍ക്കാരെന്നും ശക്തമായി പ്രതികരിക്കുന്നതില്‍ വീഴ്ച വരുത്തിയതായും അദ്ദേഹം കുറ്റപ്പെടുത്തി. സരബ്ജിത്തിന്റെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിംഗ് ബാദലും അറിയിച്ചു.

deshabhimani

No comments:

Post a Comment