Friday, May 3, 2013
പ്രതിയുടെ മുറിവിന്റെ കാലപ്പഴക്കം നിര്‍ണയിക്കാനാകില്ലെന്ന് ഡോക്ടര്‍
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സിജിത് എന്ന അണ്ണന്‍ സിജിത്തിന്റെ കൈക്ക് ഏറ്റ മുറിവിന്റെ പഴക്കം കൃത്യമായി പറയാനാവില്ലെന്ന് ഡോക്ടറുടെ മൊഴി. പ്രോസിക്യൂഷന്‍ 105-ാം സാക്ഷി മെഡിക്കല്‍ കോളേജിലെ അഡീഷണല്‍ പ്രൊഫസറും ഡെപ്യൂട്ടി പൊലീസ് സര്‍ജനുമായ ഡോ. സുനില്‍ ജോര്‍ജാണ് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ മൊഴി നല്‍കിയത്.
2012 ജൂണ്‍ ഒന്നിനാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ അപേക്ഷ പ്രകാരം സിജിത്തിനെ പരിശോധിച്ചത്. മുറിവേറ്റത് എപ്പോഴാണെന്ന് കൃത്യമായി പറയാനാകില്ല. ഇതിനുള്ള സംവിധാനം അന്ന് മെഡിക്കല്‍ കോളേജില്‍ ഉണ്ടായിരുന്നില്ല. പരിശോധനയ്ക്ക് എടുത്ത രക്തത്തിന്റെ അളവ് എത്രയാണെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നും ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെ ഡോക്ടര്‍ മൊഴി നല്‍കി. പൊലീസ് നിര്‍ദേശിക്കുന്ന പ്രകാരമുള്ള റിപ്പോര്‍ട്ട് തയാറാക്കുക മാത്രമാണ് ഡോക്ടര്‍ ചെയ്തതെന്ന് പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചു. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട ദിവസമാണ് സിജിത്തിന്റെ കൈയില്‍ വാള്‍കൊണ്ടുള്ള മുറിവ് പറ്റിയതെന്ന് സ്ഥാപിക്കാനാണ് ഡോക്ടറെ പ്രോസിക്യൂഷന്‍ സാക്ഷിയാക്കിയത്. എന്നാല്‍ മുറിവിന്റെ കാലപ്പഴക്കം തെളിയിക്കാന്‍ ശാസ്ത്രീയ പരിശോധന നടന്നിട്ടില്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കിയതോടെ പ്രോസിക്യൂഷന്‍ വാദം പൊളിഞ്ഞു. വടകര ഗവ. ആശുപത്രിയിലെ ഡോക്ടര്‍മാരായിരുന്ന സാവിത്രി, ഷാലിന പത്മന്‍, ചിന്മോയ് എന്നിവരെയും വിസ്തരിച്ചു. പ്രതി ചേര്‍ക്കപ്പെട്ട സുനില്‍കുമാര്‍ എന്ന കൊടി സുനി, കിര്‍മാണി മനോജ്, മുഹമ്മദ്ഷാഫി, സിജിത്, റഫീക്ക്, ടി കെ രജീഷ് എന്നിവരുടെ വൈദ്യപരിശോധന നടത്തിയത് ഇവരാണ്. പൊലീസ് കസ്റ്റഡിയിലിരിക്കെ അന്വേഷണ ഉദ്യോഗസ്ഥര്‍ അപേക്ഷിച്ചതനുസരിച്ചാണ് പരിശോധന നടത്തിയതെന്നായിരുന്നു ഇവരുടെ മൊഴി. പരിശോധനയ്ക്കെടുത്ത രക്തത്തിന്റെ അളവ്, രോമത്തിന്റെ എണ്ണം തുടങ്ങിയവയൊന്നും രേഖപ്പെടുത്തിയിട്ടില്ല. രോമം പരിശോധനയ്ക്ക് എടുക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ല. പരിശോധനാ റിപ്പോര്‍ട്ട് കൈപ്പറ്റിയതിന് പൊലീസില്‍നിന്ന് രശീത് കൈപ്പറ്റിയിട്ടില്ലെന്നും ഇവര്‍ മൊഴി നല്‍കി.
ഷാലിന പത്മന്റെ പേര് റിപ്പോര്‍ട്ടില്‍ പല വിധത്തില്‍ രേഖപ്പെടുത്തിയ കാര്യം പ്രതിഭാഗം ചൂണ്ടിക്കാട്ടി. തന്റെ പേരിലെടുത്ത വൊഡഫോണ്‍ സിം സിജിത്തിന് നല്‍കിയെന്ന് പൊലീസിന് മൊഴി നല്‍കിയിട്ടില്ലെന്ന് സിജിത്തിന്റെ അമ്മ കെ വസന്ത കോടതിയില്‍ ബോധിപ്പിച്ചു. സിജിത്താണ് ആ ഫോണ്‍ ഉപയോഗിച്ചതെന്നും പൊലീസിനോട് പറഞ്ഞിട്ടില്ല. സഹോദരന്‍ പ്രമോദിന്റെ മൈസൂര്‍ വിജയനഗറിലുള്ള ബേക്കറിയില്‍ മകന്‍ സിജേഷ് ജോലി ചെയ്യുന്നുണ്ടെന്ന് പൊലീസിനോട് പറഞ്ഞിട്ടില്ല. പ്രോസിക്യൂഷന്‍ ആരോപിക്കുന്ന വൊഡഫോണ്‍ നമ്പര്‍ താനോ കുടുംബാംഗങ്ങളോ ഉപയോഗിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. ഇതോടെ പ്രോസിക്യൂഷനെതിരെ മൊഴി നല്‍കിയ സാക്ഷികളുടെ എണ്ണം 49 ആയി. ഇതുവരെ 109 സാക്ഷികളെ വിസ്തരിച്ചു. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ എം അശോകന്‍, സി ശ്രീധരന്‍ നായര്‍, പി വി ഹരി, കെ ഗോപാലകൃഷ്ണക്കുറുപ്പ് എന്നിവരും പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി കെ ശ്രീധരനും സാക്ഷികളെ വിസ്തരിച്ചു. വിസ്താരം വെള്ളിയാഴ്ച തുടരും. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സരിന്‍ ശശിക്കുവേണ്ടി കോടതിയില്‍ തെറ്റായി അവധി അപേക്ഷ നല്‍കിയെന്ന പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ടില്‍ നടപടിയെടുക്കേണ്ടെന്ന് കോടതി തീരുമാനിച്ചു.
deshabhimani 030513
Labels:
ഓഞ്ചിയം
Subscribe to:
Post Comments (Atom)
No comments:
Post a Comment