ഒരു വര്‍ഷത്തിനിടയില്‍ രണ്ടുതവണ വൈദ്യുതിനിരക്ക് വന്‍തോതില്‍ വര്‍ദ്ധിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ നയത്തില്‍ ശക്തമായി പ്രതിഷേധിക്കാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ എല്ലാ വിഭാഗം ജനങ്ങളോടും അഭ്യര്‍ത്ഥിച്ചു.
കേരളം നേരിടുന്ന ഊര്‍ജ്ജപ്രതിസന്ധിക്ക് നിരക്കുവര്‍ധനവ് പരിഹാരമല്ല. ലോഡ്ഷെഡ്ഡിങ്, പവര്‍കട്ട് തുടങ്ങിയവയെല്ലാം അടിച്ചേല്‍പ്പിച്ച സര്‍ക്കാര്‍ എല്ലാ വിഭാഗം വൈദ്യുതി ഉപഭോക്താക്കളെയും നിരക്കുവര്‍ധനയിലൂടെ ദ്രോഹിച്ചിരിക്കുകയാണ്. ഇത് വ്യാവസായിക-വാണിജ്യമേഖലകളെയും കടുത്ത പ്രതിസന്ധിയിലാക്കും. 40 യൂണിറ്റുവരെയുള്ള ഉപഭോക്താക്കളെ നിരക്കുവര്‍ധനയില്‍നിന്നും ഒഴിവാക്കിയെന്നത് ഭീമമായ കൊള്ളയടിക്ക് മറയാകില്ല. 40 യൂണിറ്റുവരെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധനവില്ലായെന്ന പ്രഖ്യാപനം സംസ്ഥാന സര്‍ക്കാര്‍ നേരത്തേ പ്രഖ്യാപിച്ച സബ്സിഡി തുടരുന്നില്ലെങ്കില്‍ പാളും. അതുപ്രകാരം യൂണിറ്റിന് ഒരു രൂപ 15 പൈസയെന്നത് ഒരു രൂപ 50 പൈസ എന്ന നിരക്കില്‍ നല്‍കേണ്ടിവരും.
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്‍പ്പെടെ എല്ലാ വിഭാഗങ്ങള്‍ക്കും വൈദ്യുതിനിരക്ക് കുത്തനെ കൂട്ടുകയും ഉടനടി അത് പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തിരിക്കുകയാണ്. പെട്രോള്‍, ഡീസല്‍, എല്‍പിജി ഗ്യാസ് എന്നിവ പോലെ വൈദ്യുതിനിരക്കും ഘട്ടംഘട്ടമായി ഉയര്‍ത്തണമെന്ന മന്‍മോഹന്‍ സര്‍ക്കാരിന്റെ ആഗോളവല്‍ക്കരണ നയം ഇവിടെ യുഡിഎഫ് സര്‍ക്കാരും പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ്. പുതിയ നിരക്ക് 2014 ഏപ്രില്‍ വരെ തുടരുമെന്ന റഗുലേറ്ററി അതോറിറ്റിയുടെ ഉത്തരവ് അടുത്തവര്‍ഷം ഏപ്രിലില്‍ ജനങ്ങളുടെ ചുമലില്‍ വീണ്ടും വൈദ്യുതിനിരക്കിന്റെ ഭാരം വീഴുമെന്ന് പ്രഖ്യാപിക്കുന്നതു കൂടിയാണ്.
മഴക്കുറവ് നേരത്തേതന്നെ അറിഞ്ഞിട്ടും വൈദ്യുതി ലഭ്യത വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദംചെലുത്തി നേടിയെടുക്കാനോ ബദല്‍ ഊര്‍ജ്ജ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനോ സംസ്ഥാനസര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനും പ്രസരണം നഷ്ടം കുറയ്ക്കുന്നതിനും ഉള്ള യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ദീര്‍ഘകാല-ഹ്രസ്വകാല വൈദ്യുതിപദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള കാഴ്ചപ്പാടും സംസ്ഥാനസര്‍ക്കാരിനില്ല. വൈദ്യുതി ഉല്‍പ്പാദനത്തിനുള്ള സാധ്യതകളെ നഷ്ടപ്പെടുത്തുന്ന നടപടിയും ഈ കാലത്തുണ്ടായി. ബൈതരണിയിലെ കല്‍ക്കരിപ്പാടം നഷ്ടപ്പെടുത്തിയത് ഇതിനുദാഹരണമാണ്.
കൂടംകുളത്തുനിന്ന് കേരളത്തിനുള്ള 266 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നതിനുള്ള തിരുനെല്‍വേലി-മാടക്കത്തറ 400 കെവി ലൈനില്‍ ഇടമണ്‍-കൊച്ചി പണിപൂര്‍ത്തിയാക്കാനും കഴിഞ്ഞില്ല. പ്രകൃതി വാതക പൈപ്പുലൈന്‍ പദ്ധതിയും മരവിപ്പിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ഗുരുതരമായ ഈ വീഴ്ചകള്‍ക്കു പുറമേ പുറമേനിന്ന് വൈദ്യുതി വാങ്ങുന്നതിലെ നിരക്ക് വന്‍തോതില്‍ കൂടിയതും വൈദ്യുതിപ്രതിസന്ധിക്ക് കാരണമായി. ഈ പിടിപ്പുകേടുകളുടെയെല്ലാം ഭാരം ജനങ്ങളുടെമേല്‍ അടിച്ചേല്‍പിക്കുന്നത് ദ്രോഹകരമാണ്. നിരക്കുവര്‍ധനവ് പിന്‍വലിക്കണമെന്ന ആവശ്യമുയര്‍ത്തി ശക്തമായ ബഹുജന പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ എല്ലാവിഭാഗം ജനങ്ങളോടും സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിച്ചു.
deshabhimani
No comments:
Post a Comment