കല്‍ക്കരിപ്പാടങ്ങള്‍ ലേലംചെയ്യാതെ നിസ്സാര തുക പ്രതിഫലം നിശ്ചയിച്ച് സ്വകാര്യ കമ്പനികളടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് നല്‍കിയതുവഴി 1.86 ലക്ഷം കോടി രൂപ നഷ്ടമുണ്ടാക്കിയതാണ് കല്‍ക്കരി കുംഭകോണക്കേസ്. 2ജി സ്പെക്ട്രം ചുളുവിലയ്ക്ക് കൈമാറിയതുവഴി രാജ്യത്തിന് 1.76 ലക്ഷം കോടിയാണ് നഷ്ടമുണ്ടായതെങ്കില്‍ കല്‍ക്കരി കുംഭകോണം അതിനെ കടത്തിവെട്ടി. 2004 മുതല്‍ 2009 വരെയുള്ള കാലത്താണ് കല്‍ക്കരി അഴിമതി ഇടപാട് നടന്നത്. ഇതില്‍ 2006 മുതല്‍ 2009 വരെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തന്നെയാണ് കല്‍ക്കരിവകുപ്പ് കൈകാര്യംചെയ്തത്. മന്‍മോഹന്‍സിങ്ങിന്റെ കാര്‍മികത്വത്തില്‍ 142 കല്‍ക്കരി പാടമാണ് നിയമവിരുദ്ധമായി കൈമാറിയത്. ടാറ്റ, ബിര്‍ള, റിലയന്‍സ് പവര്‍ ലിമിറ്റഡ്, കോണ്‍ഗ്രസ് നേതാവ് നവീന്‍ ജിന്‍ഡാലിന്റെ ജിന്‍ഡാല്‍ സ്റ്റീല്‍ തുടങ്ങി നൂറോളം സ്വകാര്യ കമ്പനികള്‍ ഇതുവഴി നേട്ടമുണ്ടാക്കി. പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡ് വില്‍ക്കുന്ന വിലയേക്കാള്‍ വളരെ താഴ്ന്ന വില കണക്കാക്കിയാണ് സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരിപ്പാടങ്ങള്‍ ലേലമില്ലാതെ കൈമാറിയത്.
2012 മാര്‍ച്ച് 22ന് തയ്യാറാക്കിയ സിഎജിയുടെ കരട് റിപ്പോര്‍ട്ടില്‍ 1.06 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പറഞ്ഞിരുന്നത്. 2012 ആഗസ്ത് 17ന് പ്രസിദ്ധീകരിച്ച അന്തിമ റിപ്പോര്‍ട്ടില്‍ ഇത് 1.86 ലക്ഷം കോടിയായി. മറ്റ് മൂന്ന് കല്‍ക്കരി പാടങ്ങളിലെ ഉപയോഗത്തിനുശേഷം ബാക്കിവരുന്ന കല്‍ക്കരി റിലയന്‍സ് പവര്‍ ലിമിറ്റഡിന്റെ സസന്‍ അള്‍ട്രാ മെഗാ പവര്‍ പ്ലാന്റിന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയത് വലിയ അഴിമതിയാണെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
കേന്ദ്രമന്ത്രിസഭാ സമിതിയാണ് റിലയന്‍സിന് 29033 കോടി രൂപയുടെ നേട്ടമുണ്ടാക്കാന്‍ ആവശ്യമായ തീരുമാനമെടുത്തത്. യുപിഎ മന്ത്രിസഭയില്‍ ടൂറിസം മന്ത്രിയായിരുന്ന സുബോധ്കാന്ത് സഹായ് 2008 ഫെബ്രുവരി അഞ്ചിന് പ്രധാനമന്ത്രിക്ക് കത്തെഴുതി. തന്റെ സഹോദരന്‍ സുധീര്‍ സഹായ് എക്സിക്യൂട്ടീവ് ഡയറക്ടറായ എസ്കെഎസ് ഇസ്പാത് ആന്‍ഡ് പവര്‍ എന്ന സ്ഥാപനത്തിന് കല്‍ക്കരി പാടം അനുവദിക്കണമെന്നായിരുന്നു ആവശ്യം. തൊട്ടടുത്ത ദിവസംതന്നെ പ്രധാനമന്ത്രിയുടെ ഓഫീസ് കല്‍ക്കരി വകുപ്പ് സെക്രട്ടറിക്ക് കത്തെഴുതി. മേല്‍പ്പറഞ്ഞ കമ്പനിക്ക് കല്‍ക്കരി പാടം അനുവദിക്കാന്‍ നിര്‍ദേശിക്കുന്നതായിരുന്നു പിഎംഒയുടെ കത്ത്. പ്രധാനമന്ത്രിയുടെ ഇടപെടലിന് ഇതിലും വലിയ തെളിവുവേണ്ട. മഹാരാഷ്ട്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി വിജയ് ദര്‍ദയുടെയും സഹോദരന്റെയും താല്‍പ്പര്യമുള്ള കമ്പനികള്‍ക്കും കല്‍ക്കരി പാടങ്ങള്‍ അനുവദിച്ചു.
കല്‍ക്കരിയുടെ വിപണിവില പരിഗണിക്കാതെ വളരെ കുറഞ്ഞ വില നിശ്ചയിച്ചതുവഴിയും മത്സരാധിഷ്ഠിതമായ ലേലത്തിലൂടെ കൂടുതല്‍ തുക പറയുന്ന കമ്പനിക്ക് കല്‍ക്കരി പാടം കൊടുക്കുന്നതിനു പകരം ഒരു മാനദണ്ഡവും പാലിക്കാതെ ഇഷ്ടക്കാര്‍ക്ക് കല്‍ക്കരി പാടം നല്‍കിയതുവഴിയുമാണ് വലിയ നഷ്ടം കേന്ദ്ര ഖജനാവിനുണ്ടായതെന്ന് സിഎജി കണ്ടെത്തി. കല്‍ക്കരി പാടങ്ങള്‍ ലേലംചെയ്യുന്നതിനുള്ള നിയമപരമായ പ്രക്രിയകള്‍ ബോധപൂര്‍വം വൈകിച്ചും കല്‍ക്കരി ഉല്‍പ്പാദന സംസ്ഥാനങ്ങള്‍ ലേലത്തെ എതിര്‍ക്കുന്നുവെന്ന തെറ്റിദ്ധാരണ പരത്തിയുമാണ് ലേലം അട്ടിമറിച്ചത്. കല്‍ക്കരി പാടങ്ങള്‍ അനുവദിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച സ്ക്രീനിങ് കമ്മിറ്റി ഭരണകക്ഷിയുടെ നിര്‍ദേശമനുസരിച്ചുമാത്രം പ്രവര്‍ത്തിക്കുന്ന സംവിധാനമായി അധഃപതിച്ചു.
deshabhimani 030513
No comments:
Post a Comment