Monday, May 13, 2013

തൊഴിലാളികളെ ഭിന്നിപ്പിക്കുന്നവര്‍ക്കെതിരെ ജാഗരൂകരാകണം: എളമരം കരീം


ടി കെ തങ്കപ്പന്‍ നഗര്‍ (മട്ടാഞ്ചേരി): തൊഴിലാളികളുടെ ഐക്യത്തില്‍ വിള്ളലുണ്ടാക്കി മുതലെടുപ്പ് നടത്തുന്നതിനുള്ള ജാതീയ സംഘടനകളുടെ നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു. മത്സ്യമേഖലയുള്‍പ്പെടെ സകല പരമ്പരാഗത മേഖലയും നാശോന്മുഖമാകുമ്പോള്‍ നിഷേധാത്മക നിലപാട് തുടരുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. തോപ്പുംപടിയില്‍ മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) പത്താം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മത്സ്യത്തൊഴിലാളി മേഖലയിലുള്‍പ്പെടെ ഭിന്നത സൃഷ്ടിക്കാന്‍ ജാതീയ സംഘടനകളുടെ ശ്രമം ഇപ്പോഴുമുണ്ട്. ഇത്തരം സംഘടനകള്‍ക്കുമുന്നില്‍ കോണ്‍ഗ്രസ് നേതൃത്വം മൗനം പാലിക്കുന്നു. സ്വന്തം നേതാവിനെ അധിക്ഷേപിച്ച എന്‍എസ്എസിനെതിരെ പ്രതിഷേധിക്കാന്‍പോലും ഒരു കോണ്‍ഗ്രസ് നേതാവും തയ്യാറായില്ല. എറണാകുളം ഡിസിസി പ്രസിഡന്റിനെ എസ്എന്‍ഡിപി ബഹിഷ്കരിച്ചപ്പോള്‍ അദ്ദേഹം മാപ്പുപറയുന്ന നാണംകെട്ട സ്ഥിതിയാണുണ്ടായത്. കോര്‍പറേറ്റുകള്‍ക്ക് വാരിക്കോരി ആനുകൂല്യം നല്‍കുന്ന സര്‍ക്കാരുകള്‍ നിത്യദാരിദ്ര്യത്തില്‍ കഴിയുന്നവരെ അവഗണിക്കുകയാണ്. സര്‍ക്കാരിന്റെ പണം നല്‍കി ഇവരെ സംരക്ഷിക്കേണ്ട എന്ന നിലപാടിലാണ് ഭരണനേതൃത്വം. സബ്സിഡി തുക ബാങ്ക്വഴി നല്‍കുന്നതിനുള്ള നീക്കംപോലും പൊതുവിതരണ സമ്പ്രദായത്തെ സമ്പൂര്‍ണമായി തകര്‍ക്കുക എന്ന ലക്ഷ്യമിട്ടാണ്. ഉയര്‍ന്ന വിലനല്‍കി ധാന്യം വാങ്ങാന്‍ ഭൂരിപക്ഷം ബിപിഎലുകാര്‍ക്ക് കഴിയില്ല. ഇനി വാങ്ങിയാല്‍ത്തന്നെ പിന്നീട് സബ്സിഡി തുക തിരികെകിട്ടുമെന്ന് ഉറപ്പുമില്ല.

മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കംകുറിച്ച ക്ഷേമപദ്ധതികളാകെ യുഡിഎഫ് സര്‍ക്കാര്‍ മരവിപ്പിച്ചു. മൂന്നുലക്ഷം തൊഴിലാളികളുണ്ടായിരുന്ന കയര്‍മേഖലയില്‍ ഇപ്പോള്‍ ആയിരങ്ങള്‍ മാത്രമാണുള്ളത്. പ്രശ്നം പരിഹരിക്കേണ്ട വകുപ്പുമന്ത്രി ഇതിനുള്ള തുക ഉപയോഗിച്ച് 16 തവണയാണ് വിദേശയാത്ര നടത്തിയത്. മത്സ്യം, ബീഡി, കൈത്തറി, ഖാദി എന്നീ മേഖലകളിലാകെ ദുരവസ്ഥയാണ് നിലനില്‍ക്കുന്നത്. പരമ്പരാഗത മത്സ്യമേഖലയിലുള്ളവര്‍ക്കുപോലും കരിഞ്ചന്തയില്‍ നിന്ന് മണ്ണെണ്ണ വാങ്ങേണ്ട സ്ഥിതിയാണ്. പല മത്സ്യസംസ്കരണശാലകളും അടച്ചുപൂട്ടിയിട്ടും കണ്ണുതുറക്കാന്‍ ഭരണകൂടം തയ്യാറാകുന്നില്ല. മത്സ്യസമ്പത്ത് കുറയുമ്പോള്‍ ഈ തൊഴിലാളിവിഭാഗം എന്തുചെയ്യുമെന്ന് ചിന്തിക്കാന്‍ സര്‍ക്കാര്‍ തയ്യറാകണം. എന്നാല്‍ ഇതിനുപകരം കൂടുതല്‍ ഫാക്ടറി കപ്പലുകള്‍ക്ക് അനുമതി നല്‍കി തൊഴിലാളികളുടെ ദുരിതത്തിന് ആക്കം കൂട്ടുകയാണ് ഇവര്‍.

നാലുലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന സംസ്ഥാനത്തെ ചെറുകിട വ്യവസായമേഖല ഇപ്പോള്‍ രൂക്ഷമായ പ്രതിസന്ധിയലാണ്്. വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമ്പോഴും ക്രിയാത്മക സമീപനം സ്വീകരിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. നിലവില്‍ 4200 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ കമ്മിയാണ് ഉള്ളത്. ഓരോ വര്‍ഷവും ആറ്, ഏഴ് ശതമാനം ഉപയോഗം വര്‍ധിക്കുകയും ചെയ്യും. പ്രശ്നപരിഹാരത്തിനുപകരം കേന്ദ്രവും സംസ്ഥാനവും ഒത്തുകളിക്കുകയാണ്. കര്‍ണാടകത്തിന് വൈദ്യുതി പദ്ധതിക്ക് അനുമതി നല്‍കുമ്പോഴും അതിരപ്പള്ളി പദ്ധതിക്ക് അനുമതി നിഷേധിക്കുന്ന ഇരട്ടത്താപ്പാണ് അധികൃതര്‍ സ്വീകരിക്കുന്നത്. പശ്ചിമഘട്ട സംരക്ഷണം പ്രധാനമാണെങ്കിലും വൈദ്യുതിമേഖലയിലെ പ്രശ്നത്തിന് മുന്‍തൂക്കം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എം എം ലോറന്‍സ് അധ്യക്ഷനായി.

deshabhimani 130513

No comments:

Post a Comment