Monday, May 13, 2013

മുഖ്യന്റെ വരവും ആര്യാടന്റെ പോക്കും


തലസ്ഥാനത്ത് അതിവേഗം ഭരിക്കേണ്ട മുഖ്യമന്ത്രി ഈയിടെയായി നമ്മുടെ ജില്ലയില്‍ ബഹുദൂരം ചുറ്റിക്കറങ്ങുന്നു. പുതുപ്പള്ളി വിട്ട് മുഖ്യന്‍ മലപ്പുറത്തിങ്ങനെ സഞ്ചാരസുഖമനുഭവിക്കുന്നത് മുനിയ്ക്കും പെരുത്തിഷ്ടമായി. മറ്റൊന്നുമല്ല, ഇടയ്ക്കിടക്ക് അദ്ദേഹം ഇവിടെയെത്തുമ്പോള്‍ ഒരുകാര്യവും നടന്നില്ലെങ്കിലും ചുമ്മാ നിവേദനം നല്‍കാമല്ലോ. എന്നാലും എല്ലാ ആഴ്ചയിലുമുള്ള ഈ വരവിലൊരു പന്തികേടില്ലേ... മുനിയുടെ ദുഷ്ടമനസ്സിലെ തോന്നലാണേ...

നാടിനും നാട്ടാര്‍ക്കും വേണ്ട പദ്ധതികളൊന്നും മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യുന്നില്ല. പകരം ജില്ലയുടെ ഒരറ്റം മുതല്‍ മറ്റേയറ്റംവരെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നാടമുറിക്കുന്നു. പഴയതും പുതിയതുമായ നേതാക്കളെ കാണുന്നു, കുശലാന്വേഷണം നടത്തുന്നു. കല്യാണ വീടുകളില്‍ പോകുന്നു, സൗഹൃദ കൂട്ടായ്മകളില്‍ പങ്കെടുക്കുന്നു. എന്താണിപ്പോള്‍ ഈ പുതുമ? പുതുമ ഒന്നേയുള്ളൂ. അദ്ദേഹത്തിന്റെ കൂടെ സന്തത സഹചാരിയായിരുന്ന ആര്യാടന്‍ മുഹമ്മദിനെ കാണാനേയില്ല. ആര്യാടനെ ഏല്‍പ്പിച്ച വൈദ്യുതി, ഗതാഗത വകുപ്പുകളുടെ ഫ്യൂസും നട്ടുംബോള്‍ട്ടും പോയെന്നത് വേറെകാര്യം. എന്നാലും എ ഗ്രൂപ്പിന്റെ തട്ടകമായ മലപ്പുറത്ത് കോണ്‍ഗ്രസിലെ തലയെടുപ്പുള്ള നേതാവ് ആര്യാടന്‍തന്നെ. ഗ്രൂപ്പുകാര്‍ എന്തൊക്കെ അപവാദം പറഞ്ഞ് മൂപ്പിച്ചാലും നിലമ്പൂര്‍കാട്ടിലെ പുലിയാണ് ആര്യാടനെന്ന് ഉമ്മന്‍ചാണ്ടിക്ക് അസ്സലായിട്ടറിയാം.

പൊലീസ്മന്ത്രിയായി തിരുവഞ്ചൂരുകാരനെ നിയമിച്ചതുമുതല്‍ ആര്യാടന്‍ ഉടക്കിലാണത്രേ. മന്ത്രിസഭയിലെ രണ്ടാമന്‍ പദവി നഷ്ടപ്പെട്ട കെറുവില്‍ ടിയാന്‍ ഗ്രൂപ്പുമാറി ഐ ഗ്രൂപ്പിലെത്തിയെന്നും തിരുവഞ്ചൂരിന്റെ ഇന്റലിജന്റ്സ് റിപ്പോര്‍ട്ട് ചെയ്തു. ഈ റിപ്പോര്‍ട്ടാണ് മുഖ്യനെ ബേജാറാക്കുന്നത്. ആര്യാടന്‍ പോയാല്‍ ജില്ലയില്‍ എ ഗ്രൂപ്പ് പഞ്ചറാകുമെന്ന് ഉമ്മന്‍ചാണ്ടിക്കറിയാം. അതിനുള്ള കരുതലാണത്രേ മുഖ്യമന്ത്രിയുടെ സ്ഥിരം വരവ്. ഔദ്യോഗികമായുള്ള വരവില്‍ പരമാവധി ഗ്രൂപ്പുനേതാക്കളെ കാണാനും കുശലം പറയാനും സമയമൊപ്പിക്കുന്നുണ്ട്. ആര്യാടന്റെ ശത്രുക്കളെ പരമാവധി ഒന്നിപ്പിക്കാനാണത്രേ ഡിസിസി പ്രസിഡന്റിന് കിട്ടിയ നിര്‍ദേശം. ഇനി തെരഞ്ഞെടുപ്പിനില്ലെന്നും സന്ന്യാസത്തിനുപോകുകയാണെന്നും ആര്യാടന്‍ ആണയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ കാലാവധി തികയ്ക്കാന്‍ ഇനിയും മൂന്നുവര്‍ഷമുള്ളതാണ് മുഖ്യമന്ത്രിയെ അലട്ടുന്നത്. നൂല്‍പ്പാലത്തിലൂടെ നീങ്ങുമ്പോള്‍ താങ്ങ് പോകാന്‍ പറ്റുമോ?

deshabhimani 130513

No comments:

Post a Comment