Sunday, May 12, 2013

നോട്ടുമാല: കെ പി സി സി സര്‍ക്കുലര്‍ വിവാദമാകുന്നു


കേരളയാത്രയിലുടനീളം കെപി സി സി പ്രസിഡന്റ്് രമേശ് ചെന്നിത്തലയെ നോട്ടുമാലയണിയിച്ച് സ്വീകരിക്കണമെന്നുള്ള സര്‍ക്കുലര്‍ വിവാദമാവുന്നു.   റിസര്‍വ്വ് ബാങ്കിന്റെ ക്ലീന്‍ നോട്ട് പോളിസി നിലനില്‍ക്കെ നോട്ടുമാലകള്‍ തയ്യാറാക്കണമെന്ന കെ പി സി സി പുറത്തിറക്കിയ സര്‍ക്കുലറാണ് വിവാദമാകുന്നത്.

കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ കേരളയാത്രയോടനുബന്ധിച്ച് ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി ഒപ്പുവച്ചു പുറത്തിറക്കിയ 042013 സര്‍ക്കുലറിലാണ് നോട്ടുമാല ഉണ്ടാക്കണമെന്ന നിര്‍ദ്ദേശം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. സര്‍ക്കുലറിലെ പേജ് രണ്ടില്‍ സ്വീകരണയോഗങ്ങള്‍ എന്ന തലക്കെട്ടിനു താഴെയാണ് സ്വീകരണയോഗത്തില്‍ കെ പി സി സി പ്രസിഡന്റിനെ നോട്ടുമാലകള്‍ നല്‍കി സ്വീകരിക്കമെന്ന നിര്‍ദ്ദേശമുള്ളത്. നോട്ടുമാലകളുടെ തുക കെ പി സി സി രക്തസാക്ഷി ഫണ്ടിലേയ്ക്ക് സ്വരൂപിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

അതേസമയം റിസര്‍വ്വ് ബാങ്കിന്റെ ക്ലീന്‍ നോട്ട് പോളിസി പ്രകാരം ബാങ്കുകള്‍പോലും നോട്ടുകള്‍ പിന്‍ചെയ്യാറില്ലെന്ന് മഹാത്മഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് ചൂണ്ടിക്കാട്ടി. ഇതിനു വിരുദ്ധമായി നോട്ടുകള്‍ തുളച്ചാണ് നോട്ടുമാലകള്‍ തയ്യാറാക്കുന്നത്. കറന്‍സിയില്‍ വാട്ടര്‍മാര്‍ക്ക് ചെയ്തിരിക്കുന്നത് രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ചിത്രമാണ്. ഇതാണ് നോട്ടുമാലയ്ക്കായി തുളയ്ക്കുന്നതും രാഷ്ട്രപിതാവിന്റെ ചിത്രം മാലയായി ധരിക്കുന്നതും രാഷ്ട്രപിതാവിനോടുള്ള അവഹേളനമാണെന്നും എബി ജെ ജോസ് പറഞ്ഞു. നോട്ടുകള്‍ ദുരുപയോഗം ചെയ്തതിനെതിരെ റിസര്‍വ്വ് ബാങ്ക്, കേന്ദ്ര ധനകാര്യമന്ത്രാലയം എന്നിവര്‍ക്ക് എബി പരാതി നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കും.

janayugom 120513

No comments:

Post a Comment