Saturday, May 11, 2013

ആദിവാസി കുടിലുകളിലെ വൈദ്യുതി വിച്ഛേദിക്കുന്നു


പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ആദിവാസി ഊരുകളില്‍ വൈദ്യുതിവകുപ്പിന്റെ ഇരുട്ടടി. വൈദ്യുതിബില്ലില്‍ കുടിശ്ശിക വരുത്തിയെന്ന് ആരോപിച്ച് ആദിവാസികൂരകളില്‍നിന്ന് മീറ്ററടക്കം വൈദ്യുതി വകുപ്പ് അഴിച്ചുകൊണ്ടുപോവുന്നു. പണമടയ്ക്കാത്തതിനാല്‍ നിരവധി വീടുകളില്‍ ജപ്തി നോട്ടീസ് പതിച്ചു. അഗളി സെക്ഷനില്‍മാത്രം നൂറില്‍പ്പരംപേര്‍ക്ക് നോട്ടീസ് അയച്ചു. ഒന്നേകാല്‍ ലക്ഷത്തോളം രൂപ കുടിശ്ശികയും പലിശയുമായി പിരിച്ചെടുക്കാനാണ് തീരുമാനം. കോട്ടപ്പുറം സെക്ഷനിലും അമ്പതോളം വീടുകളുടെ വൈദ്യുതി വിച്ഛേദിച്ചു. അയ്യായിരംമുതല്‍ 10,000 രൂപവരെ അടയ്ക്കാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. ആവശ്യപ്പെടുന്ന തീയതിക്കകം തുക അടയ്ക്കാത്തതിനാല്‍ കണക്ഷന്‍ വിച്ഛേദിച്ച് മീറ്റര്‍ എടുത്തുകൊണ്ടുപോകുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് മരിച്ചവരുടെ പേരിലുമുണ്ട് നോട്ടീസ്. അത്തരം നോട്ടീസ് കൈപ്പറ്റാത്തതിനാല്‍ വാതിലില്‍ ഒട്ടിച്ചാണ് ജീവനക്കാര്‍ പോകുന്നത്.

പലകയൂരില്‍ 18 വീടുകളിലെ വൈദ്യുതി വിച്ഛേദിച്ചു. മരുതന്‍ എന്ന ആദിവാസിയോട് 10,000രൂപയും കക്കിയെന്ന ആദിവാസിസ്ത്രീയോട് 7,000രൂപയുമാണ് അടയ്ക്കാന്‍ ആവശ്യപ്പെട്ടത്. രോഗം ബാധിച്ചു നടക്കാന്‍ കഴിയാതെ കൂരയില്‍ കഴിയുന്ന രേശന്റെ വീട്ടിലെ വൈദ്യുതിയും വിച്ഛേദിച്ചു. ഇതേ ഊരിലെ സമ്പാങ്കോട് മണിയുടെ അമ്മയുടെ പേരിലാണ് വീടും കണക്ഷനും. അവര്‍ മരിച്ചിട്ട് വര്‍ഷങ്ങളായി. അഗളിയൂരില്‍ പത്ത് വീടുകളിലെ വൈദ്യുതി വിച്ഛേദിച്ചു. 2008 മുതല്‍ 2013വരെയുള്ള ബില്‍ കുടിശ്ശികയും പലിശയും നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചിലര്‍ക്ക് തുക പതിനായിരത്തോളം വരും. കടം വാങ്ങിയും ആഭരണം പണയംവച്ചും ഒന്നാംഗഡു അടച്ചവര്‍ക്ക് പിന്നീടുള്ള തുക അടയ്ക്കാനാവാത്തതിനാല്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. എല്‍ഡിഎഫ് ഭരണകാലത്ത് കുടിലുകളില്‍ സൗജന്യമായാണ് വൈദ്യുതി നല്‍കിയത്. ബില്‍തുക പട്ടികവര്‍ഗവകുപ്പ് നല്‍കാനുംതീരുമാനിച്ചു. ആ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ തുക അനുവദിക്കണമെന്ന് പട്ടികവര്‍ഗവകുപ്പിനോട് ആവശ്യപ്പെട്ടെന്ന് വൈദ്യുതിവകുപ്പ് അധികൃതര്‍ പറയുന്നു. കിട്ടാത്ത സാഹചര്യത്തിലാണ് വിഛേദിക്കാനും ജപ്തി നടപടിക്കും തീരുമാനിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.

deshabhimani

No comments:

Post a Comment