Saturday, May 11, 2013
ഹാന്‍ടെക്സ് ആസ്ഥാനം സംസ്ഥാന സഹ. ബാങ്ക് കൈയടക്കി
കേരള സംസ്ഥാന ഹാന്‍ഡ്ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (ഹാന്‍ടെക്സ്) ആസ്ഥാന മന്ദിരവും ഭൂമിയുമടക്കം നൂറു കോടിയിലധികം രൂപ വിലവരുന്ന ആസ്തി സംസ്ഥാന സഹകരണ ബാങ്ക് കൈയടക്കി. സംസ്ഥാന സഹകരണ ബാങ്കിന് ഹാന്‍ടെക്സ് നല്‍കാനുള്ള വായ്പ കുടിശ്ശികയുടെ മറവിലാണ് ഹാന്‍ടെക്സിന്റെ വസ്തുവകകള്‍ സഹകരണബങ്ക് കൈയടക്കിയത്. ഇതോടെ ഹാന്‍ടെക്സിന് ആസ്ഥാനമില്ലാതായി. രണ്ടുവീതം ക്യാഷ്ക്രെഡിറ്റ്, ഹ്രസ്വകാല വായ്പകള്മൂലം ഹാന്‍ടെക്സിനുണ്ടായ കടക്കെണി സംസ്ഥാന സഹകരണ ബാങ്ക് മുതലെടുക്കുകയായിരുന്നു. തലസ്ഥാനനഗര സിരാകേന്ദ്രത്തിലെ 1.20 ഏക്കര്‍ ഭൂമിയും 1874 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ബഹുനില കെട്ടിടങ്ങളും പള്ളിച്ചലിലെ 1.82 ഏക്കര്‍ ഭൂമിയും കെട്ടിടങ്ങളുമാണ് സഹകരണ ബാങ്ക് സ്വന്തമാക്കിയത്. ഇവ ബാങ്കിന് സ്വന്തമായതായി ഹാന്‍ടെക്സിനെ രേഖാമൂലം അറിയിച്ചു. 3
1,03,17,711 രൂപയുടെ വായ്പയാണ് ഹാന്‍ടെക്സിന് സംസ്ഥാന സഹകരണ ബാങ്ക് അനുവദിച്ചത്. ഇതിന്റെ പലിശയും പിഴപ്പലിശയുമടക്കം 60 കോടിയോളം രൂപയാണ് സഹകരണ ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്. തുക ഈടാക്കാനുള്ള നടപടിയുടെ ഭാഗമായി ഈടായി നല്കിയ സ്വത്തുക്കള്‍ 2011 അവസാനം ബാങ്ക് ജപ്തിചെയ്തു. നഗരഹൃദയത്തില്‍ വഞ്ചിയൂര്‍ വില്ലേജില്‍ ഊറ്റുകുഴിയില്‍ 2870/5, 2870/6, 2870 എന്നീ സര്‍വേ നമ്പരുകളിലുള്ള 1.20 ഏക്കര്‍ ഭൂമിയും കെട്ടിടങ്ങളും പള്ളിച്ചല്‍ വില്ലേജില്‍ 243/1, 243/5, 244/8 എന്നീ സര്‍വേ നമ്പരുകളില്‍ സ്ഥിതിചെയ്യുന്ന 181.86 സെന്റ് ഭൂമിയും ഹാന്‍ടെക്സ് പ്രോസസ് ഹൗസും കൈത്തറി പ്രദര്‍ശന വില്‍പ്പന കേന്ദ്രവും അടക്കമുള്ളവയാണ് ജപ്തിചെയ്തത്. 2012 ഫെബ്രുവരിയില്‍ ബാങ്ക് ഇവ വില്‍പ്പനയ്ക്കു വച്ചു. ആരും വാങ്ങാനെത്താത്തതിനാല് 2013 ജനുവരിയില്‍ വീണ്ടും വില്‍പ്പനയ്ക്കു വച്ചു. തുടര്‍ന്ന് ഏപ്രില്‍ 26ന് വീണ്ടും വില്‍പ്പനയ്ക്ക് നോട്ടീസ് നല്കി. ഇതിലൊന്നിലും ടെന്‍ഡര്‍ ലഭിച്ചില്ല. തുടര്‍ന്ന് സെക്യൂരിറ്റൈസേഷന്‍ അമെന്‍ഡ്മെന്റ് ആക്ട് പ്രകാരം വസ്തുവകകള്‍ ബാങ്ക് സ്വന്തമാക്കി.
ഊറ്റുകുഴിയിലെ വസ്തുവിനും കെട്ടിടങ്ങള്‍ക്കുമായി 60 കോടിയില്‍പരം രൂപയാണ് മതിപ്പുവില. ആസ്ഥാന ഓഫീസിനുപുറമെ കൈത്തറി പ്രദര്‍ശന വില്‍പ്പനശാല, കൈത്തറി തൊഴിലാളി ക്ഷേമനിധി ഓഫീസ് തുടങ്ങിയവയെല്ലാം പ്രവര്‍ത്തിക്കുന്നത് ഈ കെട്ടിടങ്ങളിലാണ്. പള്ളിച്ചലിലെ ഭൂമിയില്‍ ഗാര്‍മെന്റ് യൂണിറ്റ്, വീവിങ് ഫാക്ടറി, രണ്ട് കൈത്തറി വസ്ത്ര പ്രദര്‍ശന വില്‍പ്പന ശാലകള്‍, ഹാന്‍ടെക്സിന്റെ കേന്ദ്ര ഡിപ്പോ തുടങ്ങിയവയും പ്രവര്‍ത്തിക്കുന്നു. ബാങ്ക് ആവശ്യപ്പെട്ടാല്‍ ഹാന്‍ടെക്സ് ഭരണസമിതി പ്രസിഡന്റും അംഗങ്ങളും മാനേജിങ് ഡയറക്ടറുമടക്കം ആസ്ഥാന മന്ദിരത്തില്‍നിന്ന് ഇറങ്ങിപ്പോകേണ്ടിവരും. ഈ ആസ്തികളെല്ലാം സംസ്ഥാന സഹകരണ ബാങ്ക് ഏറ്റെടുത്തിട്ടും അനങ്ങാപ്പാറ നയമാണ് ഹാന്‍ടെക്സ് ഭരണസമിതി സ്വീകരിക്കുന്നത്. വ്യവസായ വകുപ്പിന്റെയും സഹകരണ വകുപ്പിന്റെയും ഇടപെടല്‍ ഉണ്ടെങ്കില്മാത്രമേ പ്രശ്നപരിഹാരമുണ്ടാകൂ. എന്നാല്‍, രണ്ടു വകുപ്പും നിസംഗതയിലാണ്.
(ജി രാജേഷ്കുമാര്‍)
deshabhimani 110513
Labels:
വാർത്ത,
സഹകരണ മേഖല
Subscribe to:
Post Comments (Atom)
No comments:
Post a Comment