Wednesday, June 12, 2013

ഉമ്മന്‍ചാണ്ടിക്കും ഡല്‍ഹിയില്‍ "പാവം പയ്യന്‍"

ന്യൂഡല്‍ഹി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊപ്പം ഡല്‍ഹി കേരള ഹൗസിലെ വിഐപി മുറിയില്‍, കാറിന്റെ പിന്‍സീറ്റില്‍, മുഖ്യമന്ത്രിക്കുള്ള ഫോണിന്റെ അങ്ങേത്തലക്കല്‍-മധ്യവയസ്കനായ ഒരു "പാവം പയ്യന്‍" ഉണ്ട്. ഔദ്യോഗിക പദവികള്‍ ഒന്നുമില്ലാതെ കേരള മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ കാര്യങ്ങള്‍ നോക്കിനടത്തുന്ന ഇയാളുടെ നീക്കങ്ങള്‍ തീര്‍ത്തുംദുരൂഹമാണ്. കേരള ഹൗസിലെ ജീവനക്കാരുടെ നിയമനം മുതല്‍ ഗുജറാത്തിലേക്ക് നീളുന്ന ബിസിനസ് സംരംഭങ്ങള്‍വരെ പയ്യന്റെ കൈകളിലൂടെയാണ് കടന്നുപോകുന്നത്.

1980കളില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഡല്‍ഹിയില്‍ എത്തുമ്പോള്‍ മുഖ്യമന്ത്രി കെ കരുണാകരനൊപ്പം ഒരു അനൗദ്യോഗിക സഹായി ഉണ്ടാകുമായിരുന്നു. ഇതാരെന്ന് അന്വേഷിച്ച മാധ്യമപ്രവര്‍ത്തകരോട് കണ്ണിറുക്കി കരുണാകരന്‍ പറഞ്ഞതിങ്ങനെ: ""അതൊരു പാവം പയ്യന്‍"". കരുണാകരന്റെ ബിനാമി ഇടപാടുകാരനാണ് പയ്യനെന്ന് തുടര്‍ന്ന് ഉമ്മന്‍ചാണ്ടി അടങ്ങുന്ന എ ഗ്രൂപ്പുകാര്‍ ആരോപണം ഉയര്‍ത്തി. അതോടെ പയ്യന്റെ "അനൗദ്യോഗിക സഹായ" പ്രവര്‍ത്തനങ്ങള്‍ നിലച്ചു. രണ്ട് പതിറ്റാണ്ടിനിപ്പുറം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ഇതേ മാതൃകയിലാണ് കോട്ടയംകാരനായ പയ്യന്റെ സേവനം. മുഖ്യമന്ത്രി ആയശേഷം ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ എത്തുന്നതിന് തൊട്ടു മുമ്പുള്ള ദിവസം ഇയാളും വരും. ഉമ്മന്‍ചാണ്ടിയുടെ പബ്ലിക് റിലേഷന്‍ പണിയുടെ ഭാഗമായി ക്രമമായ ഇടവേളകളില്‍ വേണ്ടപ്പെട്ടവര്‍ക്ക് മദ്യസല്‍ക്കാരവും സംഘടിപ്പിക്കുന്നു. വര്‍ഷത്തില്‍ നിരവധി തവണ ഇയാള്‍ ഡല്‍ഹിയില്‍ വന്നുപോവുകയും പാര്‍ടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. കേരള ഹൗസിലെ മെയിന്‍ ബ്ലോക്കില്‍ ഉമ്മന്‍ചാണ്ടി താമസിക്കാറുള്ള 204-ാം നമ്പര്‍ വിവിഐപി മുറിയോട് ചേര്‍ന്ന 203-ാം നമ്പര്‍ വിഐപി മുറിയിലാണ് ഇയാളുടെ താമസം. പ്രോട്ടോക്കോള്‍ പ്രകാരം കേരള ഹൗസിലെ 104, 204, 304 മുറികള്‍ ഗവര്‍ണര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മന്ത്രിമാര്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, മന്ത്രിമാര്‍ തുടങ്ങിയവര്‍ക്കുള്ളതാണ്. മുഖ്യമന്ത്രി 204ലാണ് താമസിക്കുന്നതെങ്കില്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയോ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോ ആണ് 203ല്‍ താമസിക്കേണ്ടത്.

2011ല്‍ പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം കേരള ഹൗസിലെ പ്രധാന ബ്ലോക്കില്‍ എ, ബി, സി വിഭാഗത്തിലുള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ മുറി അനുവദിക്കാവൂ. ഇതനുസരിച്ച് സ്വകാര്യവ്യക്തികള്‍ക്ക് കേരള ഹൗസിലെ പ്രധാന ബ്ലോക്കില്‍ താമസിക്കാനാകില്ല. മുഖ്യമന്ത്രിയുടെ അപ്പോയിന്റ്മെന്റിനായി കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം സമീപിക്കുന്നത് ഇയാളെയാണ്. നിവേദനം സ്വീകരിക്കുന്നതും ഇയാള്‍ തന്നെ. ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനുമായും പയ്യന്‍ അടുത്ത ബന്ധം പുലര്‍ത്തുന്നു. പയ്യന്റെ ബിസിനസ് ഇടപാടുകള്‍ ദുരൂഹമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നു.
(പി വി അഭിജിത്)

deshabhimani

No comments:

Post a Comment