സ്ഥാപക നേതാക്കളിലൊരാള്‍ പ്രതികരിക്കാനാകാതെ കഴിയുമ്പോഴാണ് ബിജെപി അതിന്റെ ഏറ്റവും വലിയ ആഭ്യന്തരയുദ്ധം നടത്തുന്നത്. 1951ല്‍ ഭാരതീയ ജനസംഘം സ്ഥാപിച്ചതുമുതല്‍ ഒന്നിച്ചുള്ള അടല്‍ ബിഹാരി വാജ്പേയിയും ലാല്‍കൃഷ്ണ അദ്വാനിയും ബിജെപിയില്‍ ഇന്ന് നേരിടുന്നത് സമാന അനുഭവമാണ്. രണ്ടു പേരെയും പരിഗണിക്കാതെ ബിജെപി അതിന്റെ പുതിയകാല അജന്‍ഡകളുമായി മുന്നേറുന്നു. അദ്വാനി അവസാനയുദ്ധം നടത്തുമ്പോള്‍ വാജ്പേയി ഇതെല്ലാം മനസ്സിലാക്കാനുള്ള ബോധമനസ്സ് നഷ്ടപ്പെട്ട് പ്രതികരിക്കാനാകാതെ വീല്‍ചെയറിലാണ്. മനസ്സിന് വിഷമമുണ്ടാകുമ്പോള്‍ അദ്വാനി ഇപ്പോഴും പഴയ സഹപ്രവര്‍ത്തകന്റെ മുന്നിലെത്തി കുറെനേരം ചെലവഴിക്കുന്നു. അതും പക്ഷേ വാജ്പേയി അറിയുന്നില്ല.
1951ല്‍ ആര്‍എസ്എസ് നേതാവ് ഗോള്‍വാള്‍ക്കറുടെ ആശിര്‍വാദത്തോടെ ശ്യാമപ്രസാദ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ ഭാരതീയ ജനസംഘം രൂപീകരിച്ച കാലംമുതല്‍ അതിന്റെ നേതൃനിരയിലെ പ്രധാനികളായിരുന്നു വാജ്പേയിയും അദ്വാനിയും. 1953ല്‍ കശ്മീരിന്റെ പ്രത്യേക പദവിക്കെതിരെയും ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനുമായി എസ് പി മുഖര്‍ജി മരണംവരെ ഉപവസിക്കാന്‍ കശ്മീരിലെത്തിയപ്പോള്‍ ഒപ്പം വാജ്പേയിയുമുണ്ടായിരുന്നു. കശ്മീര്‍ ജയിലില്‍ ദുരൂഹസാഹചര്യത്തില്‍ എസ് പി മുഖര്‍ജി മരിച്ചപ്പോള്‍ ഭാരതീയ ജനസംഘത്തിലെ പ്രധാന നേതാക്കളിലൊരാളായി വാജ്പേയി. 1968ല്‍ ജനസംഘത്തിന്റെ മറ്റൊരു പ്രധാന നേതാവായ ദീന്‍ദയാല്‍ ഉപാധ്യായ മുഗള്‍സരായ് റെയില്‍വേ സ്റ്റേഷനില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടതോടെ ജനസംഘം ആശയപരമായി അനാഥമാകുമെന്നു തോന്നിയിരുന്നു. വാജ്പേയി അവസരത്തിനൊത്തുയര്‍ന്നു. 1977ല്‍ ജനതാപാര്‍ടി രൂപീകരിക്കാന്‍വേണ്ടി ഭാരതീയ ജനസംഘം പിരിച്ചുവിടാന്‍ വാജ്പേയിയെയും അദ്വാനിയെയും പ്രേരിപ്പിച്ചത് അടിയന്തരാവസ്ഥയിലെ കടുത്ത അനുഭവങ്ങളായിരുന്നു.
ജനതാ പാര്‍ടി മന്ത്രിസഭയില്‍ വാജ്പേയി വിദേശമന്ത്രിയും അദ്വാനി വാര്‍ത്താവിതരണ മന്ത്രിയുമായി. 1979ല്‍ ജനതാ പാര്‍ടിയുടെ തകര്‍ച്ചയോടെ 1980ല്‍ ഭാരതീയ ജനതാ പാര്‍ടി രൂപീകരിക്കുമ്പോഴും അതിന്റെ ശില്‍പ്പികളായി വാജ്പേയിയും അദ്വാനിയും മുന്നിലുണ്ടായിരുന്നു. ഹിന്ദുത്വ വര്‍ഗീയതയുടെ രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതില്‍ തന്ത്രപരമായ പ്രവര്‍ത്തനമാണ് വാജ്പേയി നടത്തിയത്. അദ്വാനി എണ്‍പതുകളിലും തൊണ്ണൂറുകളിലും ഹിന്ദുത്വത്തിന്റെ തീവ്രമുഖം പുറത്തെടുത്തപ്പോള്‍ അതിനൊക്കെ ആശിര്‍വാദം നല്‍കി വാജ്പേയി ഒരു മിതവാദിയുടെ കപടമുഖം കാത്തുസൂക്ഷിച്ചു. 1984ല്‍ കേവലം രണ്ടു സീറ്റ് നേടി ലോക്സഭയിലെ നേരിയ ശബ്ദം മാത്രമായിരുന്ന ബിജെപിയെ 1998ല്‍ അധികാരത്തിലേക്കെത്തിച്ചത് അതിതീവ്ര ഹിന്ദുത്വ വര്‍ഗീയതമൂലമുണ്ടായ ധ്രുവീകരണമായിരുന്നു. അതിന്റെ ശില്‍പ്പികളും ഈ ദ്വന്ദംതന്നെയായിരുന്നു. 2004 വരെ പ്രധാനമന്ത്രിയായിരുന്നശേഷം സജീവ രാഷ്ട്രീയത്തില്‍നിന്ന് പിന്നിലേക്കു പോയ വാജ്പേയി കാല്‍മുട്ടുകളുടെ അസുഖംമൂലം സഞ്ചരിക്കാനാകാതെ വീടിനുള്ളില്‍ വിശ്രമജീവിതത്തില്‍ ഒതുങ്ങിപ്പോയി.
(വി ജയിന്‍)
അദ്വാനി രാജി പിന്‍വലിച്ചു
ന്യൂഡല്‍ഹി: ബിജെപിയെ നെടുകെ പിളര്‍ത്തിയുള്ള ഒത്തുതീര്‍പ്പിലൂടെ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയുടെ രാജിനാടകത്തിന് പരിസമാപ്തി. മോഡി-അദ്വാനി പക്ഷങ്ങളായി വേര്‍തിരിഞ്ഞ ബിജെപിയില്‍ ഇപ്പോഴത്തേത് ആര്‍എസ്എസിന്റെ മധ്യസ്ഥതയിലുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍മാത്രം.
ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് അടുക്കുന്നതോടെ ബിജെപിയെ ആര് നയിക്കണമെന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചേരിപ്പോര് രൂക്ഷമാകും. മോഡി ഏകപക്ഷീയമായി ബിജെപിയുടെ നായകസ്ഥാനത്തേക്ക് ഉയരില്ലെന്ന വ്യക്തമായ സന്ദേശമാണ് അദ്വാനിപക്ഷം നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെമുതല്‍ അദ്വാനിപക്ഷ നേതാക്കള്‍ നടത്തിയ ശ്രമങ്ങളെത്തുടര്‍ന്നാണ് ഒത്തുതീര്‍പ്പിന് കളമൊരുങ്ങിയത്. ബിജെപിയിലെ ഒരു വിഭാഗത്തിന്റെ അഭ്യര്‍ഥന മാനിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് ഫോണില്‍ വിളിച്ച് അദ്വാനിയോട് തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് അദ്വാനിക്കുകൂടി സ്വീകാര്യമായ പ്രസ്താവന തയ്യാറാക്കി. രാജസ്ഥാനിലായിരുന്ന ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിങ് വൈകിട്ട് ആറിന് ഡല്‍ഹിയില്‍ തിരിച്ചെത്തി അദ്വാനിവിഭാഗം നേതാക്കളുടെ സാന്നിധ്യത്തില്‍ പ്രസ്താവന പരസ്യപ്പെടുത്തി. മൂന്ന് ഖണ്ഡികയിലുള്ള ഹ്രസ്വ പ്രസ്താവനയില്‍ അദ്വാനി രാജിക്കത്തില്‍ പ്രകടിപ്പിച്ച ആശങ്കകള്‍ യഥാവിധം പരിശോധിക്കാമെന്ന് പാര്‍ടിക്കുവേണ്ടി രാജ്നാഥ് സിങ് ഉറപ്പുനല്‍കിയതായി അറിയിച്ചിട്ടുണ്ട്.
ഏതുവിധം പരിഹരിക്കുമെന്നത് അദ്വാനിയുമായി പാര്‍ടി പ്രസിഡന്റ് ചര്‍ച്ചചെയ്യും. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ആര്‍എസ്എസ് സര്‍സംഘ ചാലക് മോഹന്‍ ഭഗവത് അദ്വാനിയുമായി സംസാരിക്കുകയും ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് തീരുമാനം മാനിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഭഗവതിന്റെ ഉപദേശം സ്വീകരിക്കാന്‍ അദ്വാനി തീരുമാനിച്ചു- ബിജെപി നേതാക്കളുടെ ആരുടെയും പേരുവയ്ക്കാതെയുള്ള പ്രസ്താവനയില്‍ പറഞ്ഞു. രാജ്നാഥ് സിങ് അദ്വാനിക്കൊപ്പം മാധ്യമ പ്രവര്‍ത്തകരെ കാണുമെന്നായിരുന്നു ആദ്യ പ്രചാരണം. എന്നാല്‍, അദ്വാനി മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലെത്തിയില്ല. അദ്വാനി വരുന്നത് പൊതുമര്യാദയ്ക്ക് നിരക്കുന്നതല്ലാത്തതിനാല്‍ വരേണ്ടെന്ന് താന്‍ തന്നെ നിര്‍ദേശിക്കുകയായിരുന്നെന്ന് രാജ്നാഥ് വിശദീകരിച്ചു.
(എം പ്രശാന്ത്)
deshabhimani
No comments:
Post a Comment