Wednesday, June 12, 2013

ഇരയായവരില്‍ പ്രമുഖരും

പെരുമ്പാവൂര്‍: സൗരോര്‍ജ പ്ലാന്റുകളും കാറ്റാടി ഫാമുകളും സ്ഥാപിച്ചുതരാമെന്ന് വാഗ്ദാനം നല്‍കി സരിത കബളിപ്പിച്ചവരില്‍ സംസ്ഥാനത്തെ ചില പ്രമുഖരും പെട്ടതായി സൂചന. സരിത എസ് നായരെ ചോദ്യം ചെയ്തപ്പോഴാണ് പൊലീസിന് സുപ്രധാന വിവരങ്ങള്‍ ലഭിച്ചത്. എന്നാല്‍ കബളിപ്പിക്കപ്പെട്ട പ്രമുഖരാരും പരാതി നല്‍കിയിട്ടില്ല. പണം നല്‍കിയവരെ പല വിധത്തില്‍ ബ്ലാക്ക്മെയില്‍ ചെയ്തിരുന്നതായി സൂചനയുണ്ട്. തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് വീഡിയോ ക്യാമറ പിടിച്ചെടുത്തതായി സൂചനയുണ്ടെങ്കിലും പൊലീസ് നിഷേധിച്ചു. തട്ടിപ്പുകളുടെ സൂത്രധാരന്‍ ഡോ. ആര്‍ ബി നായര്‍ എന്നറിയപ്പെടുന്ന കൊട്ടാരക്കര സ്വദേശി ബിജു രാധാകൃഷ്ണന്‍ ഇനിയും പിടിയിലായിട്ടില്ല. ഇയാളെക്കൂടി കിട്ടിയാലേ തട്ടിപ്പുപരമ്പരയുടെ ചുരുളഴിയൂ.

പെരുമ്പാവൂര്‍ മുടിക്കല്‍ സ്വദേശി കുറുപ്പാലി വീട്ടില്‍ സജ്ജാദി (46)ന്റെ പരാതിലെ അന്വേഷണത്തെ തുടര്‍ന്നാണ് സരിതയെ മൂന്നിന് തിരുവനന്തപുരത്തെ വാടകവീട്ടില്‍നിന്ന് അറസ്റ്റ്ചെയ്തത്. പ്ലാന്റ് വാഗ്ദാനംചെയ്ത് കണ്‍സള്‍ട്ടന്‍സി ഫീസ് ഇനത്തില്‍ 40.5 ലക്ഷം രൂപയാണ് സജ്ജാദില്‍നിന്ന് കൈക്കലാക്കിയത്. സജ്ജാദിന്റെ വീടിനുപിന്നിലെ 30 സെന്റില്‍ ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാവുന്ന സൗരോര്‍ജ പ്ലാന്റും നാഗര്‍ കോവിലില്‍ 850 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാവുന്ന മൂന്ന് കാറ്റാടി ഫാമും സ്ഥാപിച്ചുകൊടുക്കാമെന്നായിരുന്നു കരാര്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ലെറ്റര്‍പാഡിലുള്ള കത്തും പദ്ധതിയുമായി ബന്ധപ്പെട്ട് ബിജുതന്നെ കാണിച്ചുവെന്ന് സജ്ജാദ് പറഞ്ഞു. എമര്‍ജിങ് കേരള പദ്ധതിയില്‍പ്പെടുത്തി സൗരോര്‍ജ പ്ലാന്റിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കണമെന്ന് മുഖ്യമന്ത്രി ശുപാര്‍ശചെയ്യുന്നതാണ് കത്ത്. ബിജുവുമായുള്ള ഫോണില്‍ സംസാരിച്ചപ്പോള്‍ വിവാദ നായകനായ മുന്‍ മന്ത്രിയും സരിതയുമായുള്ള മോശം ബന്ധത്തെക്കുറിച്ചും ബിജു പറഞ്ഞു. ആ വഴിയില്‍ത്തന്നെ സ്വാധീനിക്കാനായിരുന്നു ശ്രമമെന്ന് സജ്ജാദ് പറഞ്ഞു. അതോടെ തട്ടിപ്പ് ബോധ്യപ്പെട്ട് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇതിനിടെ 7.4 ലക്ഷം രൂപ സജ്ജാദിന് തിരികെ നല്‍കി. ബിജുവിന്റെയും സരിതയുടെയും പേരില്‍ സംസ്ഥാനത്തിനകത്തും പുറത്തുമായി 21 കേസുകളുണ്ട്. സരിത ഇപ്പോള്‍ പെരുമ്പാവൂര്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്.
(എം ഐ ബീരാസ്)

സരിത തട്ടിപ്പ് തുടങ്ങിയതും കുടുങ്ങിയതും ചെങ്ങന്നൂരില്‍

ചെങ്ങന്നൂര്‍: മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുള്ള സൗരോര്‍ജപ്ലാന്റ് തട്ടിപ്പിലെ മുഖ്യപ്രതി സരിത എസ് നായര്‍ പ്രതിയായി തട്ടിപ്പുകളുടെ പരമ്പര. വിദേശത്തായിരുന്ന ഭര്‍ത്താവ് അറിയാതെ ചെറിയ പണമിടപാടുകള്‍ ആരംഭിച്ചാണ് സരിത കോടികളുടെ തട്ടിപ്പുകളിലേക്ക് തിരിഞ്ഞത്. ചെങ്ങന്നൂര്‍ വൈഎംസിഎയ്ക്ക് സമീപം വട്ടപ്പാറയില്‍ തെക്കതില്‍ സോമന്റേയും തിരുവനന്തപുരം സ്വദേശിനിയായ ഇന്ദിരയുടെയും മൂത്തമകളാണ് സരിത. വിവാഹശേഷം 2000 ലാണ് തട്ടിപ്പിലേക്ക് തിരിഞ്ഞത്. വെണ്മണിയിലെ അബ്കാരി കോണ്‍ട്രാക്ടര്‍ സാമ്പത്തിക പ്രതിസന്ധികളില്‍ സഹായിച്ചിരുന്നു. ഇക്കാലത്ത് കോഴഞ്ചേരിയിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലി നേടി. ഇവിടെ സാമ്പത്തിക ക്രമക്കേടു കാട്ടിയതിന് ആറന്മുള പോലീസില്‍ കേസായി. തുടര്‍ന്ന് 2001ല്‍ അമ്മയോടൊപ്പം തിരുവനന്തപുരത്തേക്ക് മുങ്ങി. അതോടെ ഭര്‍ത്താവ് സരിതയെ ഉപേക്ഷിച്ചു.

തിരുവനന്തപുരത്ത് സാമ്പത്തിക ഇടപാടുകളില്‍പെട്ട് കേസായപ്പോള്‍ കൊല്ലത്തെ സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ ജോലി നേടി. കൊട്ടാരക്കര സ്വദേശിയായ ഈ സ്ഥാപനത്തിന്റെ മാനേജരുമായുള്ള സൗഹൃദം വിവാഹത്തിലെത്തി. തുടര്‍ന്നുള്ള തട്ടിപ്പില്‍ ഇയാളും പങ്കാളിയാണ്. ചെങ്ങന്നൂരില്‍ പാണ്ടനാട്ടില്‍ ഇരുവരും വാടക വീട്ടില്‍ താമസിച്ച് 2009ല്‍ സൗരോര്‍ജപ്ലാന്റിന്റെ പേരില്‍ വ്യാപകമായ തട്ടിപ്പ് ആരംഭിച്ചു. ഭര്‍ത്താവ് ഐഎഎസ് ഓഫീസറാണെന്നും താന്‍ ലോകബാങ്ക് പ്രൊജക്ട് ഓഫീസറാണ് എന്നും പരിചയപ്പെടുത്തിയാണ് പ്രമുഖരെ വലയിലാക്കിയത്. പോലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഇരുവരേയും അറസ്റ്റ് ചെയ്തു. അറസ്റ്റിലാകുമ്പോള്‍ സരിത പൂര്‍ണ ഗര്‍ഭിണിയായിരുന്നു. തിരുവനന്തപുരത്തുള്ള കേസുകളുടെ അന്വേഷണത്തിന്് സരിതയെ ക്രൈബ്രാഞ്ചിന് കൈമാറി. തിരുവനന്തപുരം വനിതാ ജയിലിലാണ് സരിത തന്റെ രണ്ടാമത്തെ കുട്ടിയെ പ്രസവിച്ചത്. തുടര്‍ന്ന് ഡല്‍ഹിയില്‍ നടത്തിയ സാമ്പത്തിക കുറ്റ കൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഡല്‍ഹി പോലീസിന് കൈമാറി.
(ബി സുദീപ്)

സരിത വിളിച്ചത് ഓട്ടോഡ്രൈവറുടെ പേരിലുള്ള ഫോണില്‍

കൊച്ചി: സൗരോര്‍ജ പ്ലാന്റുകളും കാറ്റാടി വൈദ്യുതി പാടങ്ങളും നിര്‍മിച്ചുനല്‍കാമെന്നു പറഞ്ഞ് കോടികള്‍ തട്ടിയ കേസില്‍ പിടിയിലായ സരിത എസ് നായര്‍ ഉപയോഗിച്ച മൊബൈല്‍ കണക്ഷന്‍ ഓട്ടോഡ്രൈവറുടെ പേരിലുള്ളത്. എറണാകുളം പച്ചാളത്ത് താമസിക്കുന്ന രാജന്‍ നായരുടെ പേരിലുള്ള മൊബൈലില്‍ നിന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസുമായി സരിത തുടര്‍ച്ചയായി ബന്ധപ്പെട്ടത്. തിരുവനന്തപുരം സ്വദേശിയായ ഓട്ടോഡ്രൈവര്‍ രാജന്‍നായര്‍ അഞ്ചുവര്‍ഷമായി എറണാകുളം സെമിത്തേരിമുക്കിലാണ് ഓട്ടോ ഓടിക്കുന്നത്. സരിതയുടെ ടീം സോളാര്‍ കമ്പനിയുടെ ഫ്രാഞ്ചൈസി ഓഫീസും ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്.

രണ്ടുവര്‍ഷംമുമ്പാണ് ഈ ഓഫീസുമായി രാജന്‍ ബന്ധപ്പെടുന്നത്. കൃത്യമായ മേല്‍വിലാസമില്ലാതിരുന്ന സരിത, രാജന്റെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ബിഎസ്എന്‍എലിന്റെ സിം കാര്‍ഡ് വാങ്ങുകയായിരുന്നു. സരിതയുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ ഒന്നരവര്‍ഷത്തോളം ദിവസം 800 രൂപ വാടക നിശ്ചയിച്ച് സ്ഥാപനത്തിനായി ഓടിയിരുന്നു. സരിതയുടെ വീട്ടിലെ കാര്യങ്ങള്‍ക്കും ഓട്ടോ ഓടിച്ചു. എന്നാല്‍, വാടക നല്‍കാതായതോടെ 10 മാസംമുമ്പ് കരാര്‍ അവസാനിപ്പിച്ച് സ്വന്തമായി ഓട്ടം തുടങ്ങിയെന്ന് രാജന്‍ പറഞ്ഞു.എന്നാല്‍, തന്റെ പേരിലുള്ള സിം കാര്‍ഡ് സരിതയില്‍നിന്ന് തിരികെ വാങ്ങിയില്ലെന്നും രാജന്‍പറഞ്ഞു. അതേസമയം, പൊലീസ് ഉള്‍പ്പെടെ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മറ്റും സൗരോര്‍ജ പാനലുകളും ഉപകരണങ്ങളും സൗജന്യമായി നല്‍കിയാണ് തട്ടിപ്പിന് കളമൊരുക്കിയതെന്നാണ് സൂചന. ഇക്കാരണത്താല്‍ തട്ടിപ്പിന് ഇരയായവര്‍ ആദ്യം പരാതിപ്പെടാന്‍ തയ്യാറായില്ല. ഇപ്പോള്‍ സ്ഥാപനത്തിന്റെ ഫോണ്‍നമ്പറുകളും പ്രവര്‍ത്തനരഹിതമാണ്. സരിത അറസ്റ്റിലായതോടെ ജീവനക്കാര്‍ ജോലിക്കെത്താറില്ലെന്ന് സമീപവാസികള്‍ പറഞ്ഞു
(സി എന്‍ റെജി)

deshabhimani

No comments:

Post a Comment