അധികാര രാഷ്ട്രീയത്തോട് എന്നും പ്രതിപത്തി കാട്ടിയ നേതാവായിരുന്നു വിദ്യാചരണ്‍ ശുക്ലയെന്ന വി സി ശുക്ല. കഴിഞ്ഞ രണ്ടു ദശാബ്ദമായി സംസ്ഥാന രാഷ്ട്രീയത്തില്‍ ഒതുങ്ങിപ്പോയ വി സി ശുക്ല ഒരു കാലത്ത് ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിലെ കിരീടം വയ്ക്കാത്ത രാജാവായിരുന്നു. മധ്യപ്രദേശിന്റെ ഭാഗമായിരിക്കെ ഛത്തീസ്ഗഢ് മേഖലയിലെ 90 നിയമസഭാ സ്ഥാനാര്‍ഥികളെയും 11 ലോക്സഭാ സ്ഥാനാര്‍ഥികളെയും തെരഞ്ഞെടുത്തിരുന്നത് വി സി ശുക്ലയായിരുന്നു. അച്ഛന്‍ രവിശങ്കര്‍ശുക്ലയാണ് മധ്യപ്രദേശിലെ ആദ്യ മുഖ്യമന്ത്രി. ജ്യേഷ്ഠന്‍ ശ്യാംചരണ്‍ ശുക്ലയും മുഖ്യമന്ത്രിയായി. അതേസമയം, ദേശീയരാഷ്ടീയത്തില്‍ മേധാവിത്വം ഉറപ്പിക്കാനാണ് വി സി ശുക്ല ശ്രമിച്ചത്. 1957ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 28-ാം വയസ്സില്‍ മഹാസമുന്ദ് മണ്ഡലത്തില്‍നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1990കളിലാണ് ഛത്തീസ്ഗഢിലേക്ക് തിരിച്ചു വരുന്നത്. ഈ കാലയളവില്‍ ഒമ്പതുതവണ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ദീര്‍ഘകാലം കേന്ദ്രമന്ത്രിയായി.
വി സി ശുക്ലയെ ലോകം അറിയുന്നതും ഓര്‍മിക്കുന്നതും ഇന്ദിരാഗാന്ധിയുടെ കാലത്ത് വാര്‍ത്താപ്രക്ഷേപണ മന്ത്രിയെന്ന നിലയിലാണ്. അടിയന്തരാവസ്ഥക്കാലത്ത് ഐ കെ ഗുജ്റാളിനെ മാറ്റിയാണ് വി സി ശുക്ലയെ വാര്‍ത്താപ്രക്ഷേപണ മന്ത്രിയാക്കിയത്. ഇന്ത്യയെന്നാല്‍ ഇന്ദിരയാണെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ ദേവകാന്ത് ബറുവയുടെ മുദ്രാവാക്യം അപ്പടി അംഗീകരിച്ച വി സി ശുക്ല വിനീതദാസനായി പ്രവര്‍ത്തിച്ചു. പിന്നീട് സഞ്ജയ്ഗാന്ധിയുടെ അടുക്കള ക്യാബിനറ്റിലെ പ്രമുഖനായി. പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയും, "കിസ കുര്‍സി കാ" എന്ന സിനിമ നിരോധിക്കുകയും പ്രിന്റുകള്‍ മുഴുവന്‍ നശിപ്പിക്കുകയും ചെയ്തതിലൂടെയുമാണ് ശുക്ല കുപ്രസിദ്ധനായത്. അന്ന് ആകാശവാണിയുടെ ഓരോ വാര്‍ത്തയും വി സി ശുക്ല പരിശോധിച്ചിരുന്നു. പത്രവാര്‍ത്തയും ലേഖനങ്ങളും മുഖപ്രസംഗങ്ങളും മന്ത്രാലയത്തിന്റെ നേരിട്ടുള്ള അനുമതിയുണ്ടായാല്‍ മാത്രമേ പ്രസിദ്ധീകരിക്കാവുവെന്ന് നിഷ്കര്‍ഷിച്ചു. മുംബൈയില്‍ കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച കിഷോര്‍കുമാറിന്റെ പാട്ടുകള്‍ ആകാശവാണിയില്‍ പ്രക്ഷേപണംചെയ്യുന്നത് നിരോധിക്കാനും ശുക്ല തയ്യാറായി. താന്‍ പിന്തുണയ്ക്കുന്ന ഭരണാധികാരിയുടെ നല്ലവശംമാത്രമേ പുറത്തുവരാവൂവെന്ന ഹിറ്റ്ലറുടെ അനുയായി ഗീബല്‍സിന്റെ അതേ ദൗത്യമാണ് വി സി ശുക്ലയും നിര്‍വഹിച്ചത്. ഇതിനെത്തുടര്‍ന്ന് "ഇന്ത്യന്‍ ഗീബല്‍സ്" എന്ന പേരും ശുക്ലയ്ക്ക് ലഭിച്ചു.
എന്നാല്‍, അടിയന്തരാവസ്ഥയ്ക്കുശേഷം ശുക്ലയ്ക്ക് കോണ്‍ഗ്രസില്‍ സ്വാധീനം തുടരാനായില്ല. രാജീവ്ഗാന്ധി ശുക്ലയെ അടുപ്പിച്ചില്ല. നരസിംഹറാവുവില്‍നിന്നും സമാന അനുഭവമാണ് ഉണ്ടായത്. ഇതിനെത്തുടര്‍ന്നാണ് ഛത്തീസ്ഗഢില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കാന്‍ ശുക്ല തീരുമാനിച്ചത്. ഛത്തീസ്ഗഢ് സംസ്ഥാന രൂപീകരണം ലക്ഷ്യമാക്കി സംഘര്‍ഷ സമിതിക്ക് രൂപം നല്‍കിയ ശുക്ലയുടെ പ്രതീക്ഷ മുഴുവന്‍ പുതിയ സംസ്ഥാനം രൂപീകരിച്ചാല്‍ മുഖ്യമന്ത്രിയാകാമെന്നായിരുന്നു. എന്നാല്‍, സോണിയ ഗാന്ധി തെരഞ്ഞെടുത്തത് കോണ്‍ഗ്രസ് വക്താവായ അജിത് ജോഗിയെ. ജോഗി അഴിമതിക്കാരനാണെന്ന് പരസ്യമായി പറഞ്ഞ ശുക്ല ഹൈക്കമാന്‍ഡ് തീരുമാനത്തെ വെല്ലുവിളിച്ചു. പ്രത്യേക പാര്‍ടിയുണ്ടാക്കി 2003 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. ഇത് കോണ്‍ഗ്രസിന്റെ പരാജയത്തിന് വഴിയൊരുക്കി. എന്നാല്‍, ഒരു രാഷ്ട്രീയപാര്‍ടിയെന്ന നിലയില്‍ പിടിച്ചു നില്‍ക്കാനായില്ല. എന്‍സിപിയിലും ബിജെപിയിലും ചേക്കേറിയെങ്കിലും വീണ്ടും കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി.
(വി ബി പരമേശ്വരന്‍)
deshabhimani
No comments:
Post a Comment