Saturday, October 20, 2012

"ഞങ്ങളെ തീവ്രവാദികളാക്കി, വെള്ളം ചോദിച്ചപ്പോള്‍ മൂത്രം കുടിക്കാന്‍ പറഞ്ഞു"


11 മണിക്കൂര്‍ പീഡനം; യാത്രക്കാരെ എയര്‍ ഇന്ത്യ തടവിലാക്കി

പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളുമുള്‍പ്പെടെയുള്ള ഇരുനൂറിലേറെ ഗള്‍ഫ് യാത്രക്കാരെ എയര്‍ ഇന്ത്യ 11 മണിക്കൂറിലേറെ തടവിലാക്കി പീഡിപ്പിച്ചു. പൈലറ്റിന്റെ സന്ദേശത്തെത്തുടര്‍ന്ന് വിമാനറാഞ്ചികളായി മുദ്രകുത്തി യാത്രക്കാരെ സിഐഎസ്എഫുകാരും മര്‍ദിച്ചു, പൊലീസ് കള്ളക്കേസില്‍ കുടുക്കി. അബുദാബി-കൊച്ചി എയര്‍ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരാണ് ക്രൂര പീഡനത്തിനിരയായത്. യാത്രക്കാരെ നെടുമ്പാശേരിക്കു പകരം തിരുവനന്തപുരത്ത് ഇറക്കിവിടാന്‍ ശ്രമിച്ചതോടെയാണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്.

വ്യാഴാഴ്ച രാത്രി 9.55ന് പുറപ്പെടേണ്ട വിമാനം മൂന്നുമണിക്കൂര്‍ വൈകിയാണ് അബുദാബിയില്‍നിന്ന് പറന്നുയര്‍ന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ നെടുമ്പാശേരിയിലെത്തിയെങ്കിലും മോശം കാലാവസ്ഥയെന്നു പറഞ്ഞ്് തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടു. ആറരയോടെ തിരുവനന്തപുരത്തി. കാലാവസ്ഥ അനുകൂലമായാലുടന്‍ നെടുമ്പാശേരിയിലേക്ക് പോകുമെന്നാണ് അറിയിച്ചത്. അരമണിക്കൂറിനുള്ളില്‍ മടങ്ങുമെന്നും അറിയിച്ചു. അല്‍പ്പം കഴിഞ്ഞതോടെ അധികൃതരുടെ ഭാവം മാറി. യാത്രക്കാര്‍ വിമാനത്തില്‍നിന്നിറങ്ങണമെന്നും സ്വന്തംചെലവില്‍ റോഡ് മാര്‍ഗം കൊച്ചിയിലേക്ക് പോകണമെന്നും ആവശ്യപ്പെട്ടു. ഇതോടെ യാത്രക്കാര്‍ ക്ഷുഭിതരായി. ഇതിനിടെ വിമാനത്തിനുള്ളില്‍ കുടിവെള്ളവിതരണംപോലും നിര്‍ത്തി.

ഡ്യൂട്ടി കഴിഞ്ഞതിനാല്‍ പൈലറ്റ് വിമാനം പറപ്പിക്കാന്‍ തയ്യാറാകാത്തതാണ് പ്രശ്നത്തിനിടയാക്കിയതെന്നാണ് എയര്‍ ഇന്ത്യ അധികൃതരുടെ വിശദീകരണം. ഇതിനിടയിലാണ് കോക്പിറ്റിലേക്ക് യാത്രക്കാര്‍ അതിക്രമിച്ചു കയറിയെന്നും വിമാനം റാഞ്ചാന്‍ ശ്രമിക്കുന്നെന്നും പൈലറ്റ് രൂപാലി വാങ്മോര്‍ എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് സന്ദേശമയച്ചത്. ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനം വളഞ്ഞു. അടിയന്തരസാഹചര്യങ്ങള്‍ നേരിടാനുള്ള ഒരുക്കങ്ങളും നടത്തി. മറ്റ് വിമാനത്താവളങ്ങളിലേക്കും മുന്നറിയിപ്പ് അയച്ചു. തുടര്‍ന്ന് വിമാനത്തിനുള്ളിലേക്ക് ഇരച്ചുകയറിയ സിഐഎസ്എഫുകാര്‍ രണ്ടു യാത്രക്കാരെ കൈയേറ്റംചെയ്തു. തുടര്‍ന്ന് വലിച്ചിഴച്ചിട്ടു. വെള്ളം ആവശ്യപ്പെട്ട കുട്ടികളോടും സ്ത്രീകളോടും ഇവര്‍ അപമരയാദമായി പെരുമാറി. "റാഞ്ചല്‍" വിവരമറിഞ്ഞ് ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ആന്റി ഹൈജാക്കിങ് വിങ് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. തുടര്‍ന്ന് ഉയര്‍ന്ന എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ യാത്രക്കാരുമായി സംസാരിച്ചു. നെടുമ്പാശേരിയിലല്ലാതെ ഇറങ്ങില്ലെന്ന് യാത്രക്കാര്‍ തറപ്പിച്ചുപറഞ്ഞു. തുടര്‍ന്നാണ് 1.50ന് വിമാനം നെടുമ്പാശേരിയിലേക്ക് പുറപ്പെട്ടത്. വിമാനം നെടുമ്പാശേരിയിലെത്തിപ്പോള്‍ ആറു പേരെ ചോദ്യംചെയ്യാനായി വിമാനത്താവള അധികൃതര്‍ വീണ്ടും തടഞ്ഞുവച്ചു. ഇതും യാത്രക്കാരുടെ കടുത്ത പ്രതിഷേധത്തിനിടയാക്കി.

പാസ്പോര്‍ട്ട് രേഖകള്‍ പരിശോധിച്ചതിനുശേഷമാണ് ഇവരെ മോചിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് യാത്രക്കാര്‍ക്കെതിരെ വലിയതുറ പൊലീസ്് കേസെടുത്തു. എയര്‍ഇന്ത്യയുടെയും പൈലറ്റിന്റെയും പരാതിയെത്തുടര്‍ന്നാണ് കേസ്. സംഭവത്തെപ്പറ്റി ഡിജിപി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. യാത്രക്കാര്‍ക്കെതിരെ പൈലറ്റ് നല്‍കിയ പരാതിയെക്കുറിച്ചും യാത്രക്കാര്‍ക്ക് പരാതിയുണ്ടെങ്കില്‍ അതേക്കുറിച്ചും ഡിജിപി അന്വേഷിക്കും. എയര്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെപ്പറ്റി വ്യോമയാന ഡയറക്ടര്‍ ജനറല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

"ഞങ്ങളെ തീവ്രവാദികളാക്കി, വെള്ളം ചോദിച്ചപ്പോള്‍ മൂത്രം കുടിക്കാന്‍ പറഞ്ഞു"

കൊച്ചി: ""ജീവിക്കാന്‍വേണ്ടി പണിയെടുക്കാന്‍ പോയ ഞങ്ങളെ തീവ്രവാദികളാക്കി, വിമാനറാഞ്ചികളാക്കി. ഇനിയാരും എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ കയറരുത്"". 10 മണിക്കൂര്‍ പീഡാനുഭവങ്ങള്‍ക്കുശേഷം കൊച്ചിയില്‍ ഇറങ്ങിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരുടെ രോഷവും സങ്കടവും അണപൊട്ടി. ""ഇരുപത്തൊന്നു കൊല്ലമായി അബുദാബിയില്‍ ജോലിചെയ്യുന്നു. നാട്ടിലേക്കു വരുമ്പോള്‍ ഉണ്ടാകുന്ന അനുഭവം മഹാ കഷ്ടംതന്നെ. ഇതുപോലൊരു ദുരന്തം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല"".

വിമാനത്തിനുള്ളില്‍ പൊലീസ് തടയുകയും ചോദ്യംചെയ്യുകയും ചെയ്ത തൃശൂര്‍ ഒല്ലൂര്‍ സ്വദേശി അബ്ദുള്‍ ഖാദറിന് സങ്കടം സഹിക്കാനാവുന്നില്ല. അബ്ദുള്‍ ഖാദറിനെയും മറ്റ് അഞ്ചുപേരെയും നെടുമ്പാശേരി വിമാനത്താവളത്തില്‍ പൊലീസ് തടഞ്ഞുവയ്ക്കുകയും പാസ്പോര്‍ട്ട് പിടിച്ചുവാങ്ങി ചോദ്യംചെയ്യുകയുമായിരുന്നു. ""നരകയാതനയായാണ് അനുഭവിച്ചത്. ഒരുതുള്ളി വെള്ളംപോലും തന്നില്ല. വെള്ളം ചോദിച്ച എന്നോട് മൂത്രം കുടിച്ചോളാനാണ് പറഞ്ഞത്. വിമാനത്തിനുള്ളില്‍ കയറിയാണ് യാത്രക്കാരെ പൊലീസ് മര്‍ദിച്ചത്. സിഐഎസ്എഫ് മാത്രമല്ല, കേരള പൊലീസും കണക്കാണ്""- അബ്ദുള്‍ഖാദറിന്റെ രോഷം തിളച്ചുമറിഞ്ഞു. പകരം പൈലറ്റ് വരാതെ പുറത്തിറങ്ങാന്‍ പറ്റില്ലെന്ന് എല്ലാവരും ചേര്‍ന്നാണ് വനിതാ പൈലറ്റിനോടു പറഞ്ഞത്. എന്നാല്‍ മുന്നില്‍ നിന്ന ഞങ്ങളെ ആറുപേരെ മാത്രം പൊലീസ് കൈയേറ്റം ചെയ്തുവെന്ന് തൃശൂര്‍ സ്വദേശി തോംസണ്‍ പറഞ്ഞു. ""എവിടെ പ്രവാസി മന്ത്രി? എവിടെ കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍? കാണുന്നില്ലേ മന്ത്രിമാരെ നിങ്ങളീ ക്രൂരത? ഇതൊരു ജനാധിപത്യ രാജ്യമല്ലേ? എന്തിനാണ് പ്രവാസികളോട് ഈ ക്രൂരത. ആരും ഇനി ദയവുചെയ്ത് എയര്‍ ഇന്ത്യയില്‍ കയറരുത്. നിങ്ങളുടെയും ഗതി ഇതുതന്നെയാകും""- തോംസണ്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഞങ്ങളുടെ പാസ്പോര്‍ട്ടുകള്‍ വാങ്ങി എന്തൊക്കെയോ കുറിച്ചെടുത്തു. കേസെടുക്കില്ലെന്ന് ഞങ്ങള്‍ക്ക് ആരും ഒരു ഉറപ്പും നല്‍കിയിട്ടില്ല. പൈലറ്റിനും പൊലീസുകര്‍ക്കുമെതിരെ പരാതി നല്‍കുമെന്നും തോംസണ്‍ പറഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരയ്ക്ക് എത്തേണ്ട വിമാനം ആറരയ്ക്കാണ് നെടുമ്പാശേരിയില്‍ എത്തിയത്. മഞ്ഞാണെന്നും തിരുവനന്തപുരത്ത് ഇറക്കിയശേഷം രാവിലെ പത്തോടെ കൊച്ചിയില്‍ത്തന്നെ തിരിച്ചിറക്കുമെന്നുമാണ് പൈലറ്റ് പറഞ്ഞതെന്ന് യാത്രക്കാര്‍ ഒന്നടങ്കം പറഞ്ഞു.

പക്ഷേ തിരുവനന്തപുരത്തെത്തിയപ്പോള്‍ പൈലറ്റിന്റെ സ്വഭാവം മാറി. ഡ്യൂട്ടിസമയം കഴിഞ്ഞെന്നും താന്‍ മടങ്ങുകയാണെന്നും ഇനി റോഡ് മാര്‍ഗം പോകാനുമായിരുന്നു പ്രതികരണം. ഇതോടെ പകരം പൈലറ്റ് വരാതെ പോകാന്‍പറ്റില്ലെന്നു പറഞ്ഞ് യാത്രക്കാര്‍ പ്രതിഷേധിച്ചു. അല്ലാതെ തങ്ങള്‍ ആരെയും കൈയേറ്റം ചെയ്തിട്ടില്ല. പൈലറ്റ് പൊലീസിന് തെറ്റായ വിവരമാണ് കൈമാറിയതെന്നും തൃശൂര്‍ സ്വദേശി ജോസഫും വി പി ഉസ്മാനും പറഞ്ഞു.

പച്ചവെള്ളവും റൊട്ടിയും മാത്രമാണ് ആകെ നല്‍കിയത്. ഗര്‍ഭിണികളും ആറുമാസം പ്രായമുള്ള കുട്ടികളും വിമാനത്തില്‍ ഉണ്ടായിരുന്നു. എല്ലാവരെയും അവഗണിച്ചു. തിരുവനന്തപുരത്ത് നിര്‍ത്തിയിട്ടപ്പോള്‍ വിമാനത്തില്‍ എസിപോലും ഉണ്ടായിരുന്നില്ല. നെടുമ്പാശേരിയില്‍ വ്യാഴാഴ്ച രാത്രിമുതല്‍ വിമാനത്തില്‍ വരുന്നവരെ കാത്തുനിന്ന ബന്ധുക്കളും വലഞ്ഞു. അധികംപേരും വയനാട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍നിന്നുള്ളവരായിരുന്നു.
(ജിജോ ജോര്‍ജ്)

deshabhimani 201012

6 comments:

  1. ""ജീവിക്കാന്‍വേണ്ടി പണിയെടുക്കാന്‍ പോയ ഞങ്ങളെ തീവ്രവാദികളാക്കി, വിമാനറാഞ്ചികളാക്കി. ഇനിയാരും എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ കയറരുത്"". 10 മണിക്കൂര്‍ പീഡാനുഭവങ്ങള്‍ക്കുശേഷം കൊച്ചിയില്‍ ഇറങ്ങിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരുടെ രോഷവും സങ്കടവും അണപൊട്ടി. ""ഇരുപത്തൊന്നു കൊല്ലമായി അബുദാബിയില്‍ ജോലിചെയ്യുന്നു. നാട്ടിലേക്കു വരുമ്പോള്‍ ഉണ്ടാകുന്ന അനുഭവം മഹാ കഷ്ടംതന്നെ. ഇതുപോലൊരു ദുരന്തം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല"".

    ReplyDelete
  2. .................shme....Bloody.....@#$%^&&
    nariya raShtreYakkare ningaLith kanUnnilee @%%$#@**....
    aRenKilum helmattillathe baIke odikkuNnodo nokk..athinu Kollam narIya pOlicum oaRu baranaVUm..eLLm kanaKKa..

    ReplyDelete
  3. നമ്മളൊക്കെ പണ്ടേ ഒഴിവാക്കിയ പരീക്ഷണം ആണ് ഇത് പത്തോ നൂറോ ദിര്ഹംക കൂടിയാലും വേറെ വെല്ല വിമാനത്ത്തിലും കയറി നാട് പിടിക്കാന്‍ നോക്കലാണ് ഉചിതം. വൈകിപ്പറക്കലും വഴിയിലിറക്കലും മുഖമുദ്രയാക്കിയ ഈ ശകടത്തെ ബഹുഭൂരിപക്ഷം മലയാളി സമൂഹവും പണ്ടേ ഒഴിവാക്കിയതാണ് നിവൃത്തിയില്ലാത്ത വെല്ല അടിയന്തിര ഘട്ടങ്ങളിലെങ്ങാനും (മറ്റു വഴിയൊന്നും ഇല്ലെങ്കില്‍) നടത്താവുന്ന ഒരു പരീക്ഷണമാണ് ഈ ശവപ്പേടകത്തിന്റെ ചിറകില്‍ കേറുക എന്ന സാഹസം എന്നിട്ടും ഇങ്ങനെ സംഭവിക്കല്‍ ഒരു തുടര്ക്ക ഥയാവുമ്പോള്‍ അതിനു കൊടി പിടിക്കാന്‍ നമ്മുടെ സംസ്ഥാന ക്രമസമാധാനയും കൈകോര്ക്കു മ്പോള്‍ . വിമാനം റാഞ്ചാന്‍ ശ്രമിച്ചെന്ന വ്യാജ സന്ദേശം അയച്ചത് കേവലം ഒരു വനിതാ പൈലറ്റിന്റെ അപക്വമായ ഒരു നടപടിയായി കാണാനും ഇനിയും ഈ മഹാരാജന്റെ ചിറകിലേറി നിര്വൃതിയടയാനായി കാത്തിരിക്കുന്ന ഒരു ന്യൂനപക്ഷം (ആ ന്യൂന പക്ഷത്തില്‍ നമ്മളാരെങ്കിലും ഉണ്ടോ എന്ന് ആത്മ വിമര്ശിനത്തിനു മുതിരുക) പ്രവാസികളോട് ഒരു ചെറിയ അഭ്യര്ത്ഥ ന ഇവനെ ഇനിയെങ്കിലും ബഹിഷ്ക്കരിക്കുക

    ReplyDelete
  4. I swear I won'd be travelling in AIR INDIA any more. They are doing this only for middle east travelers only. In European sector they are giving good flights and good service. And these things happens only in Kerala. Because our ministers are the foot lickers of the central ministry.They don't have the guts to get there rights from the central ministry. Shame on our ministers.

    ReplyDelete
  5. റണ്‍ വെയില്‍ ലാന്‍ഡ്‌ ചെയ്താലുടന്‍ സീറ്റില്‍ നിന്നും എണീറ്റ് പുറത്തു ചാടാന്‍ ബഹളം വെക്കുന്ന കാഴ്ച ഗള്‍ഫില്‍ നിന്നും വരുന്ന വിമാനങ്ങളില്‍ ഒരു സ്ഥിരം കാഴ്ചയാണ് . ഇതിനെ വിമര്‍ശിക്കുന്ന ചില ലേഖനങ്ങളും ഞാന്‍ വായിച്ചിട്ടുണ്ട് . തീര്‍ച്ചയായും ഇത് തിരുത്തേണ്ടത് തന്നെയാണെന്നാണെന്റെ പക്ഷവും . എന്നാല്‍ നീണ്ട ഇടവേളക്ക് ശേഷം തന്റെ സ്വന്തം മണ്ണില്‍ കാലു കുത്താനൊരു ങ്ങുന്ന ഒരു പാവം പ്രവാസിയുടെ മനസ്സില്‍ തന്നെ കാത്തു വിമാന താവളത്തിന് പുറത്തു തിക്കി തിരക്കുന്ന ഉറ്റവരുടെയും ഉടയവരുടെയും മുഖം മാത്രമേ കാണൂ . മറ്റൊന്നും ചിന്തിക്കാനില്ലാത്ത ഒരു പ്രത്യേക നിമിഷങ്ങളാണ് അതെന്നു ഒരു പ്രവാസിക്ക് മാത്രമേ അറിയൂ . ഇത്തരത്തിലുള്ള ഒരു കൂട്ടം സധുക്കളില്‍ നിന്നും കൊച്ചിക്കുള്ള കാശും വാങ്ങി ഡ്യൂട്ടി തീര്‍ന്നെന്നും പറഞ്ഞു തിരുവനന്തപുരത്ത് ഇറക്കി അവിടെ നിന്നും കൊച്ചിയിലേക്ക്‌ വണ്ടി കയറാന്‍ പറയുന്ന എയര്‍ ഇന്ത്യ ജീവനക്കാരോട്‌ പ്രതിഷേധം അറിയിക്കാന്‍ പോലും ഒരു സാദാരണ പ്രവാസിക്ക്‌ അവകാശമില്ലേ ?
    ഇത്തരം ചെറ്റത്തരതിനെതിരെ പ്രതിഷേധിക്കുമ്പോള്‍ അവരെ തീവ്ര വാദികള്‍ എന്ന് മുദ്ര കുത്തി വിമാനം ഹൈജാക്ക്‌ ചെയ്യാന്‍ പോകുന്നു എന്ന മട്ടില്‍ പരിഭ്രാന്തി പരത്തിയ വനിതാ പൈലറ്റ്‌ പോലുള്ളവരാണ് യഥാര്‍ത്ഥത്തില്‍ ഈ കമ്പനിയെ ഹൈജാക്ക്‌ ചെയ്തിരിക്കുന്നത് എന്ന് സര്‍ക്കാരുകള്‍ എന്ന് മനസ്സിലാക്കുമോ അന്ന് മാത്രമേ ഇതിനൊരു പരിഹാരമാകൂ .
    പ്രിയ പ്രവാസി സുഹൃതുക്കളെ , എയര്‍ ഇന്ത്യയെ ബഹിഷ്കരിക്കുക എന്നത് നമ്മുടെ എല്ലാവരുടെയും ഒരു ആഗ്രഹമാണെങ്കിലും എല്ലാവര്ക്കും അതിനു കഴിയാറില്ല . എന്നിരുന്നാലും നമ്മുടെ യാത്രയില്‍ നമ്മുടെ അവകാശങ്ങള്‍ക്കെതിരില്‍ ഇത്തരം ജീവനക്കാര്‍ മുന്നോട്ടു വന്നാല്‍ പ്രതികരിക്കാന്‍ എല്ലാ യാത്രക്കാരും മുന്നോട്ട് വരണം .കേവലം നേതൃത്വം കൊടുക്കുന്നവര്‍ക്ക് മാത്രമല്ല മുഴുവന്‍ യാത്രക്കര്‍ക്കെതിരെയും അവര്‍ കേസ് എടുക്കട്ടെ .

    ReplyDelete
  6. യാത്രക്കാരുടെ മോശം പെരുമാറ്റത്തെതുടര്‍ന്നാണ് വെള്ളിയാഴ്ച അബുദാബി- കൊച്ചി എയര്‍ ഇന്ത്യാ എക്സ്പ്രസ് തിരുവനന്തപുരത്ത് ഇറക്കിയതെന്ന് വ്യോമയാനമന്ത്രി അജിത് സിങ്. സംയമനം പാലിക്കേണ്ട യാത്രക്കാര്‍ കോക്പിറ്റില്‍ കയറി ഭീതിപരത്തി. തുടര്‍ന്നാണ് പൈലറ്റ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. ഹൈജാക്ക് ബട്ടണ്‍ അമര്‍ത്തിയിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ, അബുദാബി- കൊച്ചി എയര്‍ ഇന്ത്യാ എക്സ്പ്രസ് തിരുവനന്തപുരത്ത് ഇറക്കിയശേഷമുണ്ടായ സംഭവങ്ങളെപ്പറ്റി സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ നിയോഗിച്ച സംഘം അന്വേഷണം ആരംഭിച്ചു. പ്രാഥമികറിപ്പോര്‍ട്ട് ഞായറാഴ്ച സമര്‍പ്പിച്ചേക്കും. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ജോലിയില്‍നിന്ന് മാറിനില്‍ക്കാന്‍ പൈലറ്റ് രൂപാലി വാഗ്മറെയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആറ് യാത്രക്കാരെയും തിരുവനന്തപുരത്ത് വിളിച്ചുവരുത്തി ചോദ്യംചെയ്തേക്കും. പൈലറ്റ് നല്‍കിയ പരാതിയില്‍ വലിയതുറ പൊലീസും അന്വേഷണം തുടങ്ങി.

    ReplyDelete