Wednesday, July 3, 2013
എസ്എഫ്ഐ മാര്‍ച്ചുകള്‍ക്കുനേരെ പൊലീസ് നരനായാട്ട്
സ്വാശ്രയ എന്‍ജിനിയറിങ് പ്രവേശനത്തില്‍ മാനേജ്മെന്റുകളുമായുള്ള സര്‍ക്കാര്‍ ഒത്തുകളി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ നേതൃത്വത്തില്‍ താലൂക്ക് ഓഫീസിലേക്ക്മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികളെ പൊലീസ് ക്രൂരമായി തല്ലിച്ചതച്ചു. കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനുനേരെയാണ് പൊലീസ് അക്രമം അഴിച്ചുവിട്ടത്. ആദ്യം ജലപീരങ്കിയും പിന്നീട് പ്രകോപനമില്ലാതെ നടത്തിയ ലാത്തിച്ചാര്‍ജിലും 10 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം എ മുഹമ്മദ് ഫസല്‍, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം അനീഷ് എം മാത്യു, ജില്ലാ ജോയിന്റ് സെക്രട്ടറി അഖിലേഷ് എം മാത്യു, എന്‍ എ അശ്വന്ത്, സി സുര്‍ജിത്, ഗസല്‍ ജലീല്‍, അരവിന്ദ് ഉണ്ണി, സച്ചിന്‍ കുര്യാക്കോസ്, അമല്‍ ജോസ്, ടി എ റഫ്നാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പ്രകടനം താലൂക്ക് ഓഫീസിനു മുന്നില്‍ എത്തിയപ്പോള്‍ത്തന്നെ ജലപീരങ്കി പ്രയോഗിച്ചു. വിദ്യാര്‍ഥികള്‍ പിരിഞ്ഞുപോകാതിരുന്നപ്പോള്‍ അവരുടെ കൈയിലുണ്ടായിരുന്ന കൊടി തട്ടിയെടുത്തശേഷം ബാരിക്കേഡിനുള്ളില്‍ വളഞ്ഞിട്ടുതല്ലി. ലാത്തിയടിയേറ്റു വീണവരെ ബൂട്ടിട്ടുചവിട്ടി. ഗുരതര പരിക്കേറ്റ ഗസല്‍, അനീഷ്, അഖിലേഷ് എന്നിവരെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. കൊടി എടുക്കാനെത്തിയ എസ്എഫ്ഐ ജില്ലാ സെക്രട്ടറി മുഹമ്മദ് ഫസലിനെ ലാത്തി ഒടിയുന്നതുവരെ തല്ലി. പിന്നീട് പൊലീസ് ജീപ്പിലിട്ടും ആംബുലന്‍സിലിട്ടും മര്‍ദനം തുടര്‍ന്നു. ഇതിനെതിരെ വിദ്യാര്‍ഥികള്‍ പൊലീസില്‍ പരാതി നല്‍കി. ലോ കോളേജ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം എസ്എഫ്ഐ കേന്ദ്രകമ്മിറ്റി അംഗം പി ജി സുബിദാസ് ഉദ്ഘാനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ് സ്വാതി അധ്യക്ഷയായി.
കാഞ്ഞങ്ങാട്: എസ്എഫ്ഐ നേതൃത്വത്തില്‍ ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസിലേക്ക് നടത്തിയ വിദ്യാര്‍ഥി മാര്‍ച്ചിനുനേരെ പൊലീസ് നരനായാട്ട്. മാര്‍ച്ച് താലൂക്ക് ഓഫീസിന്റെ പ്രധാന കവാടത്തിനടുത്തെത്തിയ ഉടന്‍ ഹൊസ്ദുര്‍ഗ് സിഐ ബാബു പെരിങ്ങേത്ത്, എസ്ഐ ഇ വി സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളെ തല്ലിച്ചതക്കുകയായിരുന്നു. ഒരു പ്രകോപനവുമില്ലാതെയായിരുന്നു ലാത്തിച്ചാര്‍ജ്. മുന്‍നിരയിലുണ്ടായ നേതാക്കളെ ഗേറ്റ് അടച്ചിട്ട് താലൂക്ക് ഓഫീസ് വളപ്പിനകത്തിട്ടും പുറത്ത് സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ കെഎപിക്കാര്‍ സംഘംചേര്‍ന്നും ഭീകരമായി മര്‍ദിച്ചു. സാരമായി പരിക്കേറ്റവരെ മണിക്കൂറുകള്‍ക്കുശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ചിനെ നേരിടാന്‍ കണ്ണീര്‍വാതക ഷെല്ലുകളും ഗ്രനേഡും തോക്കുമുള്‍പ്പെടെയുള്ള വന്‍ സന്നാഹത്തോടെയാണ് പൊലീസ് നിലയുറപ്പിച്ചത്. കൊല്ലം: വിദ്യാര്‍ഥികള്‍ കൊല്ലം താലൂക്ക്ഓഫീസിലേക്കു നടത്തിയ മാര്‍ച്ചില്‍ പൊലീസ് തേര്‍വാഴ്ച. മാര്‍ച്ചില്‍ പങ്കെടുത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ നേര്‍ക്ക് ഗ്രനേഡും കണ്ണീര്‍വാതക ഷെല്ലും പ്രയോഗിച്ചു. പ്രകോപനമില്ലാതെ നടത്തിയ ആക്രമണത്തില്‍ പതിനഞ്ചോളം വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റു. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. 17പേരെ കള്ളക്കേസില്‍ കുടുക്കി.
ഗ്രനേഡും കണ്ണീര്‍വാതക ഷെല്ലും പ്രയോഗിച്ചതിനെത്തുടര്‍ന്ന് ചിതറിയോടിയ വിദ്യാര്‍ഥികളെ പിന്തുടര്‍ന്നും പൊലീസ് കണ്ണീര്‍വാതകഷെല്‍ പൊട്ടിച്ചു. ഇത് പൊട്ടിത്തെറിച്ച് ഒരുഭാഗം ജില്ലാ ആശുപത്രിയോടുചേര്‍ന്നുള്ള വിക്ടോറിയ ആശുപത്രിയില്‍ വീണു. ഏറെനേരം ആശുപത്രിപരിസരം പുകപടലങ്ങളാല്‍ മൂടി. കൊല്ലം എസ്എന്‍ കോളേജിനു സമീപത്തുനിന്നാണ് മാര്‍ച്ച് തുടങ്ങിയത്. ചിന്നക്കടവഴി എത്തിയ മാര്‍ച്ചില്‍ നൂറുകണക്കിനു വിദ്യാര്‍ഥികള്‍ പങ്കെടുത്തു. താലൂക്ക് ഓഫീസിനു മുന്നില്‍ എആര്‍ ക്യാമ്പില്‍നിന്നടക്കം നൂറിലേറെ പൊലീസുകാരെ വിന്യസിച്ചിരുന്നു. ഓഫീസിനു മുന്നില്‍ ബാരിക്കേഡ് ഉയര്‍ത്തി പൊലീസ് മാര്‍ച്ച് തടഞ്ഞു. ഇവിടെ മുദ്രാവാക്യം മുഴക്കിനിന്ന വിദ്യാര്‍ഥികളെ പ്രകോപനമില്ലാതെയാണ് പൊലീസ് ആക്രമിച്ചത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment