Wednesday, July 17, 2013

കാപട്യത്തിലോ അതിജീവനം

സിപിഐ എമ്മിനെക്കുറിച്ചാകുമ്പോള്‍ കേട്ടുകേള്‍വികളും ഊഹാപോഹങ്ങളും പടുസങ്കല്‍പ്പങ്ങളും "വിശ്വസനീയ" വാര്‍ത്തയായി അവതരിപ്പിക്കാമെന്ന ബൂര്‍ഷ്വാമാധ്യമങ്ങളുടെ അഹന്തയാണ്, പശ്ചിമ ബംഗാളിലെ പാര്‍ടി അക്കൗണ്ടിനെക്കുറിച്ച് വന്ന വാര്‍ത്തകള്‍ ആവര്‍ത്തിച്ച് തെളിയിക്കുന്നത്. പശ്ചിമബംഗാളില്‍ പാര്‍ടി സംസ്ഥാന സെക്രട്ടറി ബിമന്‍ബസുവിന്റെയും നിരുപംസെന്നിന്റെയും പേരിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ട് സംബന്ധിച്ചാണ്, തൃണമൂല്‍ കോണ്‍ഗ്രസ് തെറ്റിദ്ധാരണ പരത്തിയതും അത് ഏറ്റെടുത്ത് ബംഗാളിലെ ആനന്ദ് ബസാര്‍ പത്രികയും കേരളത്തിലെ മലയാള മനോരമയും വാര്‍ത്ത രചിച്ചതും. സിപിഐ എം ശേഖരിക്കുന്ന ഫണ്ടും അംഗത്വവരിയും പാര്‍ടി ലെവിയും കൈയും കണക്കുമില്ലാത്തതാണെന്നും അത് കോണ്‍ഗ്രസ് പോലുള്ള ബൂര്‍ഷ്വാ പാര്‍ടികളുടെ ശൈലിയിലാണ് കൈകാര്യം ചെയ്യുന്നതെന്നുമുള്ള തെറ്റിദ്ധാരണയുടെ ഉല്‍പ്പന്നമാണ് ആ വാര്‍ത്ത. അതിലുപരി, ബോധപൂര്‍വം തെറ്റിദ്ധാരണ പരത്താനുള്ള ശ്രമവുമാണത്.

സിപിഐ എം മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ് പാര്‍ടിയാണ്. ഇന്ത്യയില്‍ ഭരണഘടനാനുസൃതം പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ടികളില്‍ സുതാര്യമായ സാമ്പത്തിക ഇടപാടുകള്‍ കാത്തുസൂക്ഷിക്കുന്നതും അനര്‍ഹമായ ഫണ്ട് സ്വീകരിക്കാത്തതുമായ പാര്‍ടികള്‍ ഏറെയൊന്നും വേറെയില്ല. കോര്‍പറേറ്റുകള്‍ക്ക് വിടുവേലചെയ്തും അവരില്‍നിന്ന് കണക്കില്ലാത്ത പണംപറ്റിയും കൂറ്റന്‍ അഴിമതി നടത്തിയും പണം കുന്നുകൂട്ടുന്ന കോണ്‍ഗ്രസിനെയും ബിജെപിയെയും പോലുള്ള ബൂര്‍ഷ്വാ പാര്‍ടികളുമായി സിപിഐ എമ്മിനെ താരതമ്യപ്പെടുത്താന്‍ കഴിയില്ല. അതുകൊണ്ടുതന്നെയാണ്, നാട്ടില്‍ ജനങ്ങളെ ബാധിക്കുന്ന ഏതു പ്രശ്നം ഉയര്‍ന്നുവന്നാലും എങ്ങനെ സിപിഐ എം പ്രതികരിക്കുന്നു എന്ന് ജനങ്ങള്‍ ഉറ്റുനോക്കുന്നത്. ജനങ്ങളെ മാത്രം മുന്നില്‍ കണ്ടുള്ള, കോര്‍പറേറ്റുകളുടെ വിലക്കുകളില്ലാത്ത പ്രതികരണം സിപിഐ എമ്മില്‍നിന്നുണ്ടാകുമെന്ന ഉറച്ച ബോധ്യമാണ് ആ പ്രതീക്ഷയ്ക്ക് കാരണം. അവിശ്വസനീയമായ അഴിമതികളിലും സാമ്പത്തികത്തട്ടിപ്പുകളിലും അധികാര ദുര്‍വിനിയോഗത്തിലും ആറാടിനില്‍ക്കുന്ന ബൂര്‍ഷ്വാപാര്‍ടികളെയും സിപിഐ എമ്മിനെയും ഒരു നുകത്തില്‍കെട്ടാനും "എല്ലാം കണക്ക്" എന്ന ബോധം ജനങ്ങളില്‍ സൃഷ്ടിക്കാനുമുള്ള നിരന്തരശ്രമങ്ങളില്‍ ഏറ്റവുമൊടുവിലത്തേതാണ് "ഫണ്ട് വിവാദം".

കേരളത്തില്‍ സിപിഐ എമ്മിന്റെ "സ്വത്തുകണക്കില്‍" സഹകരണസ്ഥാപനങ്ങളുടെ ആസ്തിയടക്കം ഉള്‍പ്പെടുത്തി പലരും ഇന്നും കണക്കുപറയാറുണ്ട്. നിരവധി സഹകാരികള്‍ ഒത്തൊരുമിച്ച്, സാമൂഹ്യ സേവനാര്‍ഥം സ്ഥാപിക്കുന്ന ആശുപത്രികളടക്കമുള്ള സ്ഥാപനങ്ങളുടെ സ്വത്തുവകകള്‍ പാര്‍ടിയുടേതാണെന്ന പച്ചക്കള്ളം പ്രചരിപ്പിച്ച് അവര്‍ സായുജ്യമടയുകയാണ്. രാജ്യത്തെ നിയമങ്ങള്‍ക്കും സഹകരണതത്വങ്ങള്‍ക്കുമനുസരിച്ച് പ്രവര്‍ത്തിക്കുന്ന സഹകരണസ്ഥാപനങ്ങള്‍ കര്‍ഷകരെ കടക്കെണിയില്‍നിന്ന് രക്ഷപ്പെടുത്താനും വട്ടിപ്പലിശക്കാരുടെയും ലാഭകേന്ദ്രീകൃത സ്ഥാപനങ്ങളുടെയും കൊള്ളയെ ചെറുക്കാനുമുള്ളതാണ് എന്ന പ്രാഥമികധാരണപോലും പരണത്തുവച്ചാണ് ഇത്തരം പ്രചാരണങ്ങളുണ്ടാകുന്നത്. സിപിഐ എമ്മിന് ഫണ്ട് വരുന്നത് ഒരു കോര്‍പറേറ്റിന്റെയും അനുതാപത്തില്‍നിന്നല്ല; ഒരഴിമതിയുടെയും ചാലിലൂടെയല്ല.

അംഗത്വവരിയായി ഓരോ പാര്‍ടി അംഗവും സ്ഥാനാര്‍ഥി അംഗവും പ്രതിവര്‍ഷം രണ്ടുരൂപവീതം നല്‍കുന്നു. പാര്‍ടിയില്‍ ചേരുന്ന സമയത്തോ ഓരോ വര്‍ഷവും മാര്‍ച്ച് മാസം അവസാനിക്കുന്നതിന് മുമ്പോ ഈ വരിസംഖ്യ നല്‍കാത്തപക്ഷം അംഗത്വപട്ടികയില്‍നിന്ന് ആ അംഗത്തിന്റെ പേര് നീക്കംചെയ്യപ്പെടും. വരിസംഖ്യ മുഴുവന്‍ പാര്‍ടിബ്രാഞ്ചോ ഘടകമോ പാര്‍ടികമ്മിറ്റികളിലൂടെ കേന്ദ്രകമ്മിറ്റിയെ ഏല്‍പ്പിക്കും. കേന്ദ്രകമ്മിറ്റി നിശ്ചയിക്കുന്ന പ്രകാരം പ്രതിമാസലെവി എല്ലാ പാര്‍ടിഅംഗങ്ങളും അടയ്ക്കണം. നിശ്ചിതസമയത്തെ തുടര്‍ന്ന് മൂന്നുമാസം കഴിഞ്ഞിട്ടും ലെവി അടയ്ക്കാത്ത ആളുകളുടെ പേര് പാര്‍ടി അംഗത്വപട്ടികയില്‍നിന്ന് നീക്കും. ലെവിനിരക്കുകള്‍ കേന്ദ്രകമ്മിറ്റി തീരുമാനിക്കുന്നതാണ്. അത് ഓരോരുത്തരുടെയും വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. ലോക്കല്‍-ഏരിയ, ജില്ലാ-സംസ്ഥാന കമ്മിറ്റികള്‍ക്ക് ലെവി വിഹിതം ലഭിക്കുകയും അത് പാര്‍ടി പ്രവര്‍ത്തനത്തിനായി വിനിയോഗിക്കുകയും ചെയ്യുന്നു. പൊളിറ്റ്ബ്യൂറോ സാമ്പത്തികകാര്യ ഉപസമിതി രൂപീകരിച്ച്, 10,000 രൂപ വരെയുള്ള സാമ്പത്തികകാര്യങ്ങളെയും ചെലവുകളെയും സംബന്ധിച്ച് തീരുമാനങ്ങളെടുക്കുകയും 10,000 രൂപയില്‍ അധികരിക്കുന്ന ചെലവുകളുണ്ടാകുന്ന സാമ്പത്തികകാര്യങ്ങള്‍ പിബിയുടെ പരിഗണനയ്ക്ക് വിടുകയും ചെയ്യും. സാമ്പത്തികകാര്യ ഉപസമിതി സിസിയുടെയും സിസി സ്ഥാപനങ്ങളുടെയും ത്രൈമാസ കണക്കുകള്‍ പിബിക്ക് സമര്‍പ്പിക്കും. പിബി അംഗീകരിച്ച വാര്‍ഷിക കണക്കുകള്‍ പാര്‍ടി ഭരണഘടന വ്യവസ്ഥചെയ്യുന്ന രീതിയില്‍ അംഗീകാരത്തിനായി കേന്ദ്രകമ്മിറ്റിക്ക് സമര്‍പ്പിക്കും. പാര്‍ടി പത്രങ്ങളുടെയും മറ്റു സ്ഥാപനങ്ങളുടെയും അര്‍ധവാര്‍ഷിക കണക്കുകള്‍ ഈ ഉപസമിതിയാണ് പരിശോധിക്കുക. പാര്‍ടി ഭരണഘടനയും ചട്ടങ്ങളും ഇക്കാര്യങ്ങളെല്ലാം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അണുവിട വ്യതിചലിക്കാതെയാണ് ഇവ പ്രാവര്‍ത്തികമാകുന്നത്. അതുകൊണ്ടുതന്നെയാണ്, ബൂര്‍ഷ്വാ പാര്‍ടികള്‍ക്ക് സ്വപ്നംകാണാന്‍ കഴിയാത്ത രീതിയില്‍ സിപിഐ എമ്മിന്റെ ഫണ്ട് കൈകാര്യം ചെയ്യപ്പെടുന്നതും കണക്കുകള്‍ നിയമാനുസൃതവും സുതാര്യവുമാകുന്നതും.

പശ്ചിമ ബംഗാളിലെ പാര്‍ടി അക്കൗണ്ടും ഫണ്ടും ഇതില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല. അത് ഏതെങ്കിലും നേതാക്കളുടെ സ്വകാര്യസ്വത്തല്ല; സംസ്ഥാനകമ്മിറ്റിയുടേത് തന്നെയാണെന്ന് പാര്‍ടി പൊളിറ്റ്ബ്യൂറോ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളുടെയും കണക്കുകള്‍ ഒരുമിച്ച് ചേര്‍ത്താണ് ആദായനികുതി വിഭാഗത്തിന് നല്‍കാറുള്ളത്. അതില്‍ പശ്ചിമബംഗാള്‍ സംസ്ഥാനകമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടും ഉള്‍പ്പെടും. കണക്കില്ലാത്ത വിദേശ നിക്ഷേപവും രഹസ്യഫണ്ടും കൈകാര്യം ചെയ്യുന്ന തൃണമൂല്‍ കോണ്‍ഗ്രസിനും മലയാള മനോരമയെപ്പോലുള്ള ബൂര്‍ഷ്വാ മാധ്യമങ്ങള്‍ക്കും ഇത് മനസ്സിലാകില്ല. ചിട്ടിഫണ്ട് തട്ടിപ്പിലും ജനദ്രോഹനയങ്ങളിലും മുഖംനഷ്ടപ്പെട്ട തൃണമൂല്‍കോണ്‍ഗ്രസിനും സോളാര്‍ അഴിമതിയില്‍ ആടിയുലയുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനും മൃതസഞ്ജീവനിയാകും എന്ന് ധരിച്ചാണ് കള്ളപ്രചാരണം മാധ്യമങ്ങള്‍ ഏറ്റെടുത്തത്. ഇത്തരം കാപട്യങ്ങളും കല്‍പ്പിതകഥകളും മനോരമയ്ക്ക് ഉപ്പുകൂട്ടാതെ വിഴുങ്ങാം- അത് ജനങ്ങള്‍ വിശ്വസിക്കുമെന്നുമാത്രം കരുതരുത്.

deshabhimani editorial

No comments:

Post a Comment