Thursday, July 18, 2013

കുത്തകകള്‍ക്ക് ബാങ്ക് ലൈസന്‍സ് നല്‍കരുത്: ഐക്യവേദി

കുത്തക വ്യവസായ ഗ്രൂപ്പുകള്‍ക്ക് ബാങ്ക് തുടങ്ങാന്‍ ലൈസന്‍സ് നല്‍കരുതെന്നാവശ്യപ്പെട്ട് പൊതുമേഖലാ ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും യോജിച്ച പ്രക്ഷോഭത്തിലേക്ക്. ബാങ്ക് ദേശസാല്‍ക്കരണത്തിന്റെ 45-ാം വാര്‍ഷികദിനമായ 19ന് യൂണിയനുകളുടെ ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ 10 ലക്ഷം ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും അവകാശദിനമായി ആചരിക്കുമെന്ന് ഐക്യവേദി സംസ്ഥാന കണ്‍വീനര്‍ സി ഡി ജോസണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബാങ്ക് ലയനനീക്കം ഉപേക്ഷിക്കുക, ബാങ്കിങ് സേവനങ്ങളുടെ പുറംകരാര്‍വല്‍ക്കരണം അവസാനിപ്പിക്കുക, കിട്ടാക്കടം തിരിച്ചുപിടിക്കുക, സ്വകാര്യ പണമിടപാടു സ്ഥാപനങ്ങള്‍ നിരോധിക്കുക എന്നീ ആവശ്യങ്ങളുമുന്നയിച്ചാണ് അവകാശദിനാചരണം. അന്ന് സംസ്ഥാന വ്യാപകമായി റാലിയും പൊതുയോഗവും സംഘടിപ്പിക്കും. സാമ്പത്തികമാന്ദ്യത്തില്‍ അമേരിക്ക ഉള്‍പ്പെടെ ലോകത്തെമ്പാടും ബാങ്കുകള്‍ തകര്‍ന്നെങ്കിലും ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയത് പൊതുമേഖലാ ബാങ്കിങ് സംവിധാനമാണ്.

അതിനിടെയാണ് ബാങ്ക് ദേശസാല്‍ക്കരണത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് കേന്ദ്രസര്‍ക്കാര്‍ നീങ്ങുന്നത്. ടാറ്റ, ബിര്‍ള, അംബാനി, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങി 26 ഗ്രൂപ്പുകളാണ് സ്വകാര്യബാങ്ക് ലൈസന്‍സിന് അപേക്ഷ നല്‍കിയിരിക്കുന്നത്. വര്‍ധിച്ചുവരുന്ന കിട്ടാക്കടങ്ങളുടെ ഭൂരിഭാഗവും കോര്‍പറേറ്റുകളുടേതാണ്. അവ തിരിച്ചുപിടിക്കാന്‍ നടപടി ഉണ്ടാകണമെന്ന് ഐക്യവേദി ആവശ്യപ്പെട്ടു. ജനകീയ പൊതുമേഖലാ ബാങ്കിങ് വിപുലീകരിക്കണമെന്നും ജനവിരുദ്ധ ബാങ്കിങ് പരിഷ്കാരങ്ങള്‍ ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ ആഭിമുഖത്തില്‍ ദേശവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്നും സി ഡി ജോസണ്‍ പറഞ്ഞു. വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് ഷാജു ആന്റണി, പി വി മോഹനന്‍, ടി എം പ്രകാശ്, ജി ശ്രീകുമാര്‍, കെ ജെ ജോസഫ്, വി ബി അനന്തനാരായണന്‍, ശ്രീഗുരൂവായൂരപ്പന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment