Sunday, July 14, 2013

മുഖ്യമന്ത്രി സൈബര്‍ യുഗത്തിലെ വലിയ നുണയന്‍: ബിനോയ് വിശ്വം

തൃശൂര്‍: അത്യാധുനിക സാങ്കേതിക വിദ്യകളടങ്ങിയ സൈബര്‍ യുഗത്തിലെ ഏറ്റവും വലിയ നുണയനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാറിയെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം. ലോകോത്തര സൈബര്‍ സാങ്കേതിക വിദഗ്ധരുടെ നിരീക്ഷണങ്ങള്‍ കൂട്ടിചേര്‍ത്ത് താനുയര്‍ത്തുന്ന 11 ചോദ്യങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.

ഇപ്പോള്‍ ഉയര്‍ന്ന വിവാദത്തില്‍ ഏറ്റവും നിര്‍ണായകമായ തെളിവാണ് സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക്. മുഖ്യമന്ത്രി നിയമസഭയിലും പുറത്തും പറഞ്ഞ നുണകളെല്ലാം ഹാര്‍ഡ് ഡിസ്‌ക് പരിശോധിച്ചാല്‍ വെളിച്ചത്താകും. ഇതുവരെയും ഹാര്‍ഡ് ഡിസ്‌ക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല. ആധികാരികമായ തെളിവ് പരിശോധിക്കാന്‍ മുഖ്യമന്ത്രി നിയോഗിച്ച രണ്ട് പേര്‍ സൈബര്‍ കുറ്റാന്വേഷണ രംഗത്ത് ഏതെങ്കിലും തരത്തില്‍ പ്രാവീണ്യം തെളിയിച്ചവരല്ല. ഈ രംഗത്ത് ആധികാരികമായ നിലയും വിലയുമുള്ള സി-ഡാക്കിനെയോ അതിലെ വിദഗ്ധരെയോ അന്വേഷണത്തിന് നിയോഗിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാട് സംശയങ്ങളെ വര്‍ധിപ്പിക്കുന്നു.

സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌കിലെ തെളിവുകള്‍ ഇതിനകം കുറ്റവാളികളുടെ സങ്കേതമായ മുഖ്യമന്ത്രിയുടെ ഓഫീസ് ഡിലീറ്റ് ചെയ്തിട്ടുണ്ടാകാമെന്നാണ് സംശയിക്കുന്നത്. ആദ്യം നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞത് തന്റെ ഓഫീസിലെ സിസിടിവിയില്‍ ലൈവ് മാത്രമാണ് റെക്കോര്‍ഡിങ് ഇല്ലെന്നാണ്. 14 ദിവസത്തിനുശേഷം ഇതെല്ലാം ഓട്ടോമാറ്റിക്കായി മാഞ്ഞുപോകുമെന്നും പിന്നീട് പറഞ്ഞു. മുഖ്യമന്ത്രിയുടെ നുണകള്‍ തന്റെ സാങ്കേതികമായ ചോദ്യങ്ങളെ ബലപ്പെടുത്തുന്നുവെന്നും ബിനോയ് വിശ്വം സൂചിപ്പിച്ചു.

സൈബര്‍ യുഗത്തില്‍ ഇങ്ങനെ നുണപറഞ്ഞ് മുഖ്യമന്ത്രി സ്വയം കുറ്റവാളിയാണെന്ന് ബോധ്യപ്പെടുത്തുകയാണ്. ഏറെ കൊട്ടിഘോഷിക്കപ്പെട്ട യുഎന്‍ അവാര്‍ഡ് സംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ വെബ്‌സൈറ്റുകള്‍ പരിശോധിച്ചാല്‍ ചിലത് ബോധ്യമാകും. 'യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ ഉമ്മന്‍ചാണ്ടിയെ കാത്തിരിക്കുന്നു' എന്നായിരുന്നു ഇവിടെ പ്രചരിച്ച മഹത്‌വാക്യം. മുപ്പതിലധികം വരുന്ന അണ്ടര്‍ സെക്രട്ടറിമാരിലൊരാളില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയാണ് മുഖ്യമന്ത്രിക്ക് അവിടെനിന്ന് മടങ്ങേണ്ടിവന്നത്.

സ്വയം പ്രചാരത്തിന്റെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയേക്കാള്‍ 'വലിയവനായ' നരേന്ദ്രമോഡിപോലും യുഎന്‍ അവാര്‍ഡിന്റെ മഹത്വം എത്രത്തോളമെന്ന് മനസിലാക്കി അധികം പ്രചാരം നല്‍കിയില്ല. യുഎന്‍ അവാര്‍ഡുകളുടെ ചട്ടങ്ങള്‍ അവരുടെ വെബ് സൈറ്റില്‍ പറയുന്നുണ്ട്. അവാര്‍ഡിന് നിര്‍ദേശിക്കപ്പെടുന്നതും നിര്‍ദേശിക്കുന്നതും ഒരാള്‍തന്നെയാണെങ്കില്‍ അര്‍ഹതയില്ലെന്നതാണ്. ഉമ്മന്‍ചാണ്ടിയുടെ കാര്യത്തില്‍ ഈ ചട്ടം ലംഘിക്കപ്പെട്ടിരിക്കുന്നു. ഉമ്മന്‍ചാണ്ടി തലവനായ സംസ്ഥാന സര്‍ക്കാരാണ് 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ ഓഫിസിനുവേണ്ടി അവാര്‍ഡിന് നാമനിര്‍ദേശം നല്‍കിയതെന്നും ബിനോയ് വിശ്വം പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജിക്കായി സമൂഹമാകെ സമരത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ്  അംഗവും നിയസഭാകക്ഷി സെക്രട്ടറിയുമായ അഡ്വ. വി എസ് സുനില്‍കുമാര്‍ എം എല്‍ എ, സിപിഐ സംസ്ഥാന കൗണ്‍സിലംഗം പി ബാലചന്ദ്രന്‍ എന്നിവരും ബിനോയ് വിശ്വത്തിനൊപ്പമുണ്ടായിരുന്നു.

ഉമ്മന്‍ചാണ്ടിയുടെ കത്ത് സരിതയ്ക്കുള്ള വക്കാലത്ത്: സുനില്‍കുമാര്‍

തൃശൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കത്ത് സരിത എസ് നായര്‍ക്ക് വേണ്ടിയുള്ള വക്കാലത്താണെന്ന് സിപിഐ നിയമസഭാ സെക്രട്ടറി അഡ്വ.വി എസ് സുനില്‍കുമാര്‍ എം എല്‍ എ. സരിത എസ് നായരും ബിജു രാധാകൃഷ്ണനും എത്രകോടി തട്ടിച്ചുവെന്ന അന്വേഷണത്തിനേക്കാള്‍, എല്‍ഡിഎഫ് ഹര്‍ത്താലില്‍ എത്രകോടി നഷ്ടമായെന്ന് അന്വേഷിക്കാനാണ് മുഖ്യമന്ത്രിക്ക് തിടുക്കം.
കോടികളുടെ തട്ടിപ്പ് നടന്നത് ജോപ്പന്റെയോ ജിക്കുവിന്റെയോ ഓഫിസിലല്ല. മുഖ്യമന്ത്രിയുടെ ഓഫിസില്‍ ആളുകളെത്തുന്നത് ഉമ്മന്‍ചാണ്ടിയെ കാണാനാണ്. സോളാര്‍ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനുമായി താന്‍ സംസാരിച്ചെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ സമ്മതിച്ചിട്ടുണ്ട്. കേസിലെ രണ്ടാം പ്രതിയായ സരിത എസ് നായരെ മുഖ്യമന്ത്രി കണ്ടുവെന്നോ സംസാരിച്ചെന്നോ എന്നതിലേക്ക് മാത്രം ചര്‍ച്ചയൊതുക്കുന്നതാണ് സിസിടിവി പ്രശ്‌നം. രണ്ടാം പ്രതിയുമായും മുഖ്യമന്ത്രിക്ക് ബന്ധമുണ്ടായിരുന്നെന്ന് തെളിയിക്കുന്ന സിസിടിവി പരിശോധിക്കേണ്ടത് രാഷ്ട്രീയ സമിതിയല്ലെന്നും വി എസ്  സുനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഹൈദരാബാദിലെ ഫോറന്‍സിക് സംവിധാനങ്ങളും അതിലെ വിദഗ്ധരെയെയും ഉപയോഗപ്പെടുത്തണം. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടന്നിട്ടുള്ള സിസിടിവി മറിമായത്തില്‍ പ്രതിപക്ഷത്തെയും കൂടി പങ്കാളിയാക്കാനുള്ള കുതന്ത്രമാണ് രാഷ്ട്രീയ സമിതിവഴി മുഖ്യമന്ത്രി മെനഞ്ഞെടുക്കുന്നത്. സുപ്രീം കോടതി വിധിക്ക് വിരുദ്ധമാണ് ഇപ്പോള്‍ മുഖ്യമന്ത്രി നിയോഗിക്കുന്ന സമിതിയുടെ പരിശോധന. ഒരു കേസിലെ തൊണ്ടിമുതല്‍ പരിശോധിക്കാന്‍ ജനപ്രതിനിധി സഭക്കോ സഭ നിയോഗിക്കുന്ന പ്രത്യേക സമിതിക്കോ അധികാരമില്ലെന്നാണ് സുപ്രീം കോടതിയുടെ വിധി.

ശ്രീധരന്‍ നായരല്ല, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമാണ് നിരന്തരം വാക്കുകള്‍ മാറ്റിപറയുന്നത്. ഏതാനും സ്ത്രീകളിലേക്ക് സോളാര്‍ തട്ടിപ്പ് കേസ് ഒതുക്കാനാണ് ശ്രമങ്ങള്‍. അതിന് അനുവദിക്കില്ല. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഉമ്മന്‍ചാണ്ടി മാറിനിന്ന് ജുഡീഷ്യല്‍തലത്തിലുള്ള അന്വേഷണത്തെ നേരിടണം. ടൈറ്റാനിയം കേസില്‍ ആരോപണം വന്നപ്പോള്‍ നിയമസഭയില്‍ ചര്‍ച്ചചെയ്യാന്‍ തയ്യാറായ മുഖ്യമന്ത്രി എന്തുകൊണ്ട് സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചക്ക് സമ്മതിക്കുന്നില്ല. ഒമ്പത് തവണയാണ് ഇതുസംബന്ധിച്ച വ്യത്യസ്ഥ വെളിപ്പെടുത്തലുകള്‍ നിയമസഭയിലുന്നയിച്ചത്. സോളാര്‍ കേസിനപ്പുറം സമൂഹത്തെ ബാധിക്കുന്ന വിലക്കയറ്റവും കാലവര്‍ഷക്കെടുതിയും അടക്കം ദിനംപ്രതി നിയമസഭയില്‍ അടിയന്തിരപ്രമേയമായി കൊണ്ടുവന്നു. സ്പീക്കര്‍ അനുമതി നല്‍കിയ പ്രമേയങ്ങളില്‍ ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ ഭയന്നു. സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാവാതിരുന്നതിന്റെ ഉത്തരവാദിത്തം പ്രതിപക്ഷത്തിനല്ലെന്നും വി എസ് സുനില്‍കുമാര്‍ പറഞ്ഞു.

janayugom

No comments:

Post a Comment