Thursday, July 18, 2013

മനോരമയുടെ പൊളിഞ്ഞ ധനസ്ഥാപനത്തിന്റെ ഒത്തുതീര്‍പ്പ് സുപ്രീംകോടതി തള്ളി

മലയാള മനോരമയുടെയും എംആര്‍എഫിന്റെയും തണലില്‍ വളര്‍ന്ന ഇന്റഗ്രേറ്റഡ് ഫിനാന്‍സ് കമ്പനി ലിമിറ്റഡ് (ഐഎഫ്സി) എന്ന തട്ടിപ്പ് ധനകാര്യസ്ഥാപനം പൊളിഞ്ഞശേഷം നിക്ഷേപകരുമായുണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാര്‍ നിലനില്‍ക്കുന്നതല്ലെന്ന് സുപ്രീംകോടതി. നിക്ഷേപം സ്വീകരിക്കുന്നത് വിലക്കി റിസര്‍വ് ബാങ്ക് ഐഎഫ്സിക്ക് അയച്ച നോട്ടീസ് നിക്ഷേപകരില്‍ നിന്ന് മറച്ചുവച്ച നടപടി അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസുമാരായ എസ് എസ് നിജ്ജാറും പിനാകി ചന്ദ്രഘോഷും ഉള്‍പ്പെട്ട ബെഞ്ച് വിധിച്ചു.

സ്ഥാപനം പൊളിഞ്ഞപ്പോള്‍ റിസര്‍വ് ബാങ്ക് കൈക്കൊണ്ട നടപടികളില്‍നിന്ന് രക്ഷപ്പെടാനാണ് ഐഎഫ്സി നിക്ഷേപകരുമായി ഒത്തുതീര്‍പ്പിലെത്തിയെന്ന് പ്രചരിപ്പിച്ചത്. യഥാര്‍ഥത്തില്‍ നിക്ഷേപകരുടെ പേരില്‍ കമ്പനിതന്നെ ചെന്നൈയില്‍ വിളിച്ചു ചേര്‍ത്ത യോഗമാണ് ധാരണയ്ക്ക് അംഗീകാരം നല്‍കിയത്. തുടര്‍ന്ന് യഥാര്‍ഥ നിക്ഷേപകര്‍ ചേര്‍ന്ന് കമ്പനിക്കെതിരെ ചെന്നൈ ഹൈക്കോടതിയെ സമീപിച്ചു. സിംഗിള്‍ ബെഞ്ച് കമ്പനിയുണ്ടാക്കിയ ധാരണ അംഗീകരിച്ചെങ്കിലും ഡിവിഷന്‍ ബെഞ്ച് തള്ളി. തുടര്‍ന്നാണ് കമ്പനി സുപ്രീംകോടതിയെ സമീപിച്ചത്.

ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായി 1983 ലാണ് ഐഎഫ്സി രജിസ്റ്റര്‍ചെയ്തത്. മനോരമ ഗ്രൂപ്പും എംആര്‍എഫും തങ്ങളുടെ പ്രൊമോട്ടര്‍മാരാണെന്ന് കമ്പനി പ്രചരിപ്പിച്ചു. ഇത് മനോരമ നിഷേധിച്ചിട്ടില്ല. മനോരമയുടെ മുന്‍ ചീഫ്എഡിറ്റര്‍ കെ എം മാത്യുവിന്റെ സഹോദരന്‍ കെ എം ഫിലിപ്പായിരുന്നു ആദ്യകാല ചെയര്‍മാന്‍. മനോരമയുടെ സ്വന്തം സ്ഥാപനമെന്ന നിലയിലാണ്കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഐഎഫ്സിയുടെ ഇടപാട് വളര്‍ന്നത്. കേരളത്തിന് അകത്തും പുറത്തുമായി 32 ബ്രാഞ്ചും നൂറുകണക്കിന് ജീവനക്കാരും ഇരുപതിനായിരത്തോളം ഓഹരി ഉടമകളും കമ്പനിക്കുണ്ടായിരുന്നു. രണ്ട് ഓഹരി വിപണികളില്‍ കമ്പനി ഓഹരി ലിസ്റ്റ് ചെയ്തു.

1995-96 കാലത്താണ് കമ്പനി തകര്‍ച്ചയിലേക്ക് നീങ്ങിയത്. പത്രം, ടയര്‍ വ്യവസായങ്ങളിലേക്ക് പണം വഴി മാറ്റിയതാണ് തകര്‍ച്ചയ്ക്ക് കാരണമെന്ന് നിക്ഷേപകരില്‍ ഒരു വിഭാഗം പറയുന്നു. നിക്ഷേപകരുടെ പരാതി ഉയര്‍ന്നപ്പോള്‍ റിസര്‍വ് ബാങ്ക് നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടാണ് പുറത്തുവന്നത്. 2004 മാര്‍ച്ച് 31 ലെ കണക്കുപ്രകാരം കമ്പനി 100 കോടിയിലേറെ നഷ്ടത്തിലാണെന്നു കണ്ടെത്തി. 21 കോടി ലാഭമെന്നാണ് ഈ ഘട്ടത്തില്‍ കമ്പനി അവകാശപ്പെട്ടത്. ആകെ ആസ്തിയുടെ 15 ശതമാനത്തിലേറെ പല സ്ഥാപനങ്ങള്‍ക്കും നല്‍കിയിട്ടുണ്ടെന്നും കിട്ടാക്കടം 156 കോടി രൂപയ്ക്ക് മുകളിലാണെന്നും കണ്ടെത്തി. ആകെ വായ്പയുടെ 70 ശതമാനത്തോളം കിട്ടാക്കടമായിരുന്നു. നിക്ഷേപം ധൂര്‍ത്തടിക്കപ്പെട്ടുവെന്ന് ബോധ്യപ്പെട്ട റിസര്‍വ് ബാങ്ക് കമ്പനി കൂടുതല്‍ നിക്ഷേപം സ്വീകരിക്കുന്നത് 2005 ല്‍ വിലക്കി. നിക്ഷേപകര്‍ക്ക് എത്രയും വേഗം മുടക്കുമുതല്‍ തിരിച്ചുനല്‍കാനും സ്വത്തുക്കള്‍ വില്‍ക്കുകയോ കൈമാറുകയോ ഈടുവയ്ക്കുകയോ ചെയ്യരുതെന്നും നിര്‍ദേശിച്ചു. ഈ നിയന്ത്രണങ്ങളില്‍നിന്ന് രക്ഷപ്പെടാനാണ് നിക്ഷേപകരുമായി ധാരണയിലെത്തിയെന്ന പ്രചാരണം കമ്പനി നടത്തിയത്.
(എം പ്രശാന്ത്)

deshabhimani

No comments:

Post a Comment