Wednesday, July 17, 2013

ലാവ് ലിന്‍ കുറ്റപത്രം വിഭജിച്ചു

വിചാരണക്കോടതിയില്‍ ഹാജരാകാത്ത ലാവ് ലിന്‍ കമ്പനി, മുന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ക്ലൗഡ് ട്രെന്‍ഡല്‍ എന്നിവരെ മാറ്റിനിര്‍ത്തി ലാവ് ലിന്‍ കേസിന്റെ കുറ്റപത്രം വിഭജിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് കുറ്റപത്രം വിഭജിച്ചത്. കേസില്‍ നിന്നും ഒഴിവാക്കണമെന്ന സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ആവശ്യം 31ന് കോടതി പരിഗണിക്കും. ലാവ് ലിന്‍ കമ്പനിയ്ക്ക് സമന്‍സ് അയക്കാത്തത് സിബിഐയുടെ വീഴ്ചയാണെന്നും കോടതി വിലയിരുത്തി.

വിചാരണ കോടതിയില്‍ ഹാജരാകാത്ത ലാവ് ലിന്‍ കമ്പനി, ക്ലൗസ് ട്രെന്‍ഡല്‍ എന്നിവരുടെ വിചാരണ വിഭജിച്ച് നടത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കാനും മറ്റുള്ളവരുടെ വിചാരണ ത്വരിതപ്പെടുത്താനും സിബിഐ പ്രത്യേക കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. പിണറായി വിജയന്‍, വൈദ്യുതിബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പി എ സിദ്ധാര്‍ഥമേനോന്‍ എന്നിവര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ ജസ്റ്റിസ് സി ടി രവികുമാറായിരുന്നു കേസ് വിഭജിക്കാന്‍ വിധിച്ചത്. കേസ് വേഗം തീര്‍ക്കണമെന്ന ആവശ്യം ന്യായമാണെന്ന് കോടതി വിലയിരുത്തിയിരുന്നു. വേഗത്തിലുള്ള വിചാരണ ഭരണഘടനാപരമായ അവകാശമാണെന്ന് കോടതി ചുണ്ടിക്കാട്ടി. എ ആര്‍ ആന്തുലേ കേസിലും പി രാമചന്ദ്ര റാവു വേഴ്സസ് കര്‍ണാടക സര്‍ക്കാര്‍ കേസിലും ഉണ്ടായ സുപ്രീംകോടതി വിധികള്‍ ഉദ്ധരിച്ചായിരുന്നു ഹൈക്കോടതി വിധി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേസ് പരിഗണിച്ച് സിബിഐ പ്രത്യേക കോടതി കേസ് രണ്ടായി വിഭജിക്കുകയായിരുന്നു.

കനഡയിലുള്ള ലാവ് ലിന്‍ കമ്പനിയും ക്ലൗസ് ട്രെന്‍ഡലും വിചാരണ ആരംഭിക്കുന്നതിനുമുമ്പ് കോടതിയില്‍ ഹാജരായാല്‍ വിചാരണ ഒരുമിച്ചു നടത്തുന്നതിന് തടസ്സമില്ലെന്ന് ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കനഡയിലുള്ള ഇവരെ വിചാരണയ്ക്ക് എത്തിക്കാന്‍ ആവശ്യമായ നടപടി പൂര്‍ത്തിയാക്കുന്നതിന് സിബിഐക്കു വിചാരണ കോടതി നിരവധി അവസരങ്ങള്‍ നല്‍കിയതായി കോടതി ഉത്തരവില്‍ വ്യക്തമാക്കി. എന്നാല്‍ ഇവരെ ഇന്ത്യയിലെത്തിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇവരെ വിചാരണയ്ക്കായി വിട്ടുകിട്ടണമെന്ന കേന്ദ്രസര്‍ക്കാരിന്റെ അപേക്ഷ കനേഡിയന്‍ സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും ഇക്കാര്യത്തില്‍ എപ്പോള്‍ തീരുമാനം ഉണ്ടാകുമെന്ന് പറയാനാവില്ലെന്നുമുള്ള സിബിഐ വാദവും കോടതി തള്ളിയിരുന്നു. കുറ്റവാളികളെ പരസ്പരം കൈമാറാനുള്ള നടപടിക്രമങ്ങള്‍ പാലിച്ച് ഇവരെ വിചാരണക്കെത്തിക്കാന്‍ സിബിഐ കോടതി 2012 ആഗസ്ത് 16ന് രണ്ടുമാസം അനുവദിച്ചിരുന്നു. പിന്നീട് സമയം രണ്ടുതവണ നീട്ടി നല്‍കുകയും ചെയ്തു. ഇവര്‍ കോടതിയില്‍ ഹാജരായിട്ടില്ലെന്ന കാരണത്താല്‍ മറ്റുള്ളവരുടെ വിചാരണ വൈകിക്കാനാവില്ലെന്നും ഹൈക്കോടതി വിലയിരുത്തിയിരുന്നു.

deshabhimani

No comments:

Post a Comment