Thursday, July 18, 2013

മൃഗശാലയില്‍ ഒന്നരവര്‍ഷത്തിനിടെ ചത്തത് നൂറിലേറെ മൃഗങ്ങള്‍

തലസ്ഥാനത്തെ മൃഗശാലയില്‍ മൃഗങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ നൂറിലേറെ മൃഗങ്ങളാണ് മൃഗശാല അധികൃതരുടെ കെടുകാര്യസ്ഥതയെത്തുടര്‍ന്ന് ചത്തൊടുങ്ങുന്നത്. ലക്ഷങ്ങള്‍ വിലവരുന്നതും അപൂര്‍വ ജനുസില്‍പ്പെട്ടതുമായ മൃഗങ്ങളാണ് ആവശ്യമായ ചികിത്സ ലഭിക്കാതെയും അശാസ്ത്രീയമായ പരിചരണം മൂലവും അകാലത്തില്‍ ചത്തൊടുങ്ങുന്നത്. ഒരാഴ്ചയ്ക്കിടെ മാത്രം 16 മൃഗങ്ങള്‍ ചത്തു. അറുനൂറോളം മൃഗങ്ങളുണ്ടായിരുന്നിടത്ത് ഇപ്പോള്‍ അഞ്ഞൂറോളം മൃഗങ്ങളേ മൃഗശാലയില്‍ അവശേഷിക്കുന്നുള്ളൂ.

സംസ്ഥാനത്തെ ഏറ്റവും പ്രശസ്തമായ മൃഗശാലയില്‍ മൃഗങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുമ്പോഴും വകുപ്പുമന്ത്രി പി കെ ജയലക്ഷ്മി മൃഗശാലയിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. മൃഗശാലയെ നാശത്തിലേക്ക് തള്ളിവിട്ട് നഗരത്തിലെ ഈ കണ്ണായ സ്ഥലം റിയല്‍ എസ്റ്റേറ്റ് താല്‍പ്പര്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള ചരടുവലികളാണ് അണിയറയില്‍ നടക്കുന്നതെന്ന് ആക്ഷേപമുണ്ട്. സ്ഥലപരിമിതിയുണ്ടെന്നു പറഞ്ഞ് നഗരത്തിനു പുറത്തേക്ക് മൃഗശാല മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബോധപൂര്‍വമുള്ള അനാസ്ഥയാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും ആരോപണമുണ്ട്. കഴിഞ്ഞദിവസം രണ്ടാഴ്ചമാത്രം പ്രായമുള്ള ഹിപ്പോപൊട്ടാമസും രണ്ട് മാനും ചത്തിരുന്നു. ഹിപ്പോപൊട്ടാമസിനെ തള്ള അബദ്ധത്തില്‍ ചവിട്ടിക്കൊന്നതാണെന്നായിരുന്നു അധികൃതരുടെ വിശദീകരണം. മാനുകള്‍ ചത്തത് അണുബാധയേറ്റാണെന്നുമായിരുന്നു വിശദീകരണം.

deshabhimani

No comments:

Post a Comment