Tuesday, July 16, 2013

ടൗണ്‍ പ്ലാനിങ് ഓഫീസില്‍ എംഎല്‍എ വക \"ഷോ\"

കെഎസ്ആര്‍ടിസിയുടെ പത്തനംതിട്ട ബസ്സ്റ്റേഷന്റെ ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്സിന്റെ നിര്‍മാണത്തിന് ഇതുവരെയും കാട്ടാത്ത ഉത്സാഹവുമായി ആറന്മുള എംഎല്‍എ ജില്ലാ ടൗണ്‍ പ്ലാനിങ് ഓഫീസിലെത്തി ടൗണ്‍ പ്ലാനറെ വിറപ്പിച്ചു. പദ്ധതിയുടെ പ്ലാന്‍ അംഗീകരിച്ച് ചീഫ് ടൗണ്‍ പ്ലാനര്‍ക്ക് അയയ്ക്കാന്‍ താമസിച്ചു എന്ന് ആരോപിച്ചായിരുന്നു കെ ശിവദാസന്‍ നായര്‍ എംഎല്‍എ തിങ്കളാഴ്ച ടൗണ്‍ പ്ലാനിങ് ഓഫീസിലെത്തി "ഷോ" കാണിച്ചത്. പകല്‍ 1.45 ഓടെയാണ് എംഎല്‍എ ഒരുസംഘം കോണ്‍ഗ്രസുകാരോടൊപ്പം എത്തിയത്. മാധ്യമ പ്രവര്‍ത്തകരെ മുന്‍കൂട്ടി അറിയിച്ചായിരുന്നു വരവ്. എല്‍ഡിഎഫ് ഭരണകാലത്ത് അനുവദിച്ച 40 കോടിയുടെ ബൃഹത് പദ്ധതി അട്ടിമറിച്ചപ്പോഴും പുതുതായി യുഡിഎഫ് കൊണ്ടുവന്ന ഷോപ്പിങ് കോംപ്ലക്സ് പദ്ധതിയെ കുറിച്ച് ആലോചിച്ച് രണ്ടു വര്‍ഷം അടയിരുന്നപ്പോഴും കാണിക്കാത്ത ഉത്സാഹമാണ് എംഎല്‍എ തിങ്കളാഴ്ച കാഴ്ചവെച്ചത്. പദ്ധതി സംബന്ധിച്ച പ്ലാനിന്റെ ഫയല്‍ ഇന്നു തന്നെ ചീഫ് ടൗണ്‍ പ്ലാനര്‍ക്ക് അയയ്ക്കണമെന്ന് പറഞ്ഞ് എംഎല്‍എ ടൗണ്‍ പ്ലാനര്‍ എന്‍ കെ രാജുവിന്റെ മുറിയില്‍ ഇരുന്നു. ഫയല്‍ അയയ്ക്കുന്ന നടപടികള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും ഉടന്‍ അയയ്ക്കുമെന്നും ടൗണ്‍ പ്ലാനര്‍ പറഞ്ഞെങ്കിലും അയയ്ക്കാതെ മടങ്ങില്ലെന്നായി എംഎല്‍എ. ഇതിനിടെ ചുറ്റുംകൂടിയ മാധ്യമ പ്രവര്‍ത്തകരോട് ഓഫീസില്‍ അനാവശ്യമായി ഫയല്‍ താമസിപ്പിക്കുകയാണെന്നും ഉദ്യോഗസ്ഥരുടെ വിളയാട്ടമാണെന്നും എംഎല്‍എ പറഞ്ഞു. തുടര്‍ന്ന് ഫയല്‍ തപ്പിയെടുത്ത ഉദ്യോഗസ്ഥര്‍ വൈകിട്ട് നാലോടെ ഫയല്‍ അയയ്ക്കാമെന്ന് പറഞ്ഞതോടെ എംഎല്‍എ മടങ്ങി.

എന്നാല്‍, പദ്ധതിയുടെ പ്ലാന്‍ ഏപ്രില്‍ 17നാണ് ജില്ലാ ടൗണ്‍ പ്ലാനിങ് ഓഫീസില്‍ ആദ്യം ലഭിച്ചതെന്ന് ടൗണ്‍ പ്ലാനര്‍ എന്‍ കെ രാജന്‍ പറഞ്ഞു. ഇതിലെ കുറവ് പരിഹരിച്ച് നല്‍കുന്നതിന് മെയ് 10ന് നഗരസഭയ്ക്ക് കൈമാറി. ഇത് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ജൂലൈ ഒന്നിനാണ് ടൗണ്‍ പ്ലാനിങ് ഓഫീസില്‍ മടങ്ങിയെത്തിയത്. ഈ പ്ലാന്‍ ചീഫ് ഓഫീസിലേക്ക് അയയ്ക്കുന്ന നടപടികള്‍ നടന്നുവരികയായരുന്നുവെന്നും എന്‍ കെ രാജു പറഞ്ഞു. മാത്യു ടി തോമസ് ഗതാഗത മന്ത്രിയായിരുന്നപ്പോഴാണ് പത്തനംതിട്ട ഡിപ്പോയ്ക്ക് ബസ്ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്സിനായി 40 കോടി രൂപയുടെ പദ്ധതി അനുവദിച്ചത്. കെഎസ്ആര്‍ടിസിക്ക് മുടക്കുമുതലില്ലാതെ 50 ശതമാനം വരുമാനം ലഭിക്കുന്ന തരത്തിലായിരുന്നു പദ്ധതി. ഷോപ്പുകള്‍, റസ്റ്റോറന്റ്, കാന്റീന്‍, ഫുഡ്കോര്‍ട്ട്, ഷോപ്പിങ് ആര്‍ക്കേഡ്, യാത്രക്കാര്‍ക്കായി വിശ്രമ മുറികള്‍, അന്വേഷണ വിഭാഗം, ക്ലോക്ക് റൂം, സെക്യൂരിറ്റി ഓഫീസ്, ടോയ്ലെറ്റുകള്‍, വാടകയ്ക്ക് കൊടുക്കാന്‍ കഴിയുന്ന മുറികള്‍, കാര്‍ പാര്‍ക്കിങ് തുടങ്ങിയ സൗകര്യങ്ങളോടെയുള്ള ബസ്ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്സായിരുന്നു വിഭാവനം ചെയ്തത്. അന്ന് ശിവദാസന്‍ നായര്‍ എംഎല്‍എ ഇതിനെതിരായിരുന്നു. ഇതോടൊപ്പം അനുവദിച്ച തിരുവല്ലയിലെ ഷോപ്പിങ് കോംപ്ലകസ് നിര്‍മാണം അന്തിമഘട്ടത്തിലായി. പിന്നീട് യുഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ എട്ടു കോടി രൂപയുടെ പുതിയ പദ്ധതി വിഭാവനം ചെയ്തു. ഇതുവരെയും ഇക്കാര്യത്തില്‍ ശ്രദ്ധപുലര്‍ത്താതിരുന്ന ആറന്മുള എംഎല്‍എ വെളിപാട് ഉണ്ടായപോലെ തിങ്കളാഴ്ച നടത്തിയ പ്രകടനം രാഷ്ട്രീയ നേട്ടത്തിനുവണ്ടി മാത്രമാണെന്ന് ടൗണ്‍ പ്ലാനിങ് ഓഫീസിലെ ജീവനക്കാര്‍ അടക്കം പറയുന്നു. ശബരിമല തീര്‍ഥാടനകാലത്ത് ലക്ഷക്കണക്കിന് യാത്രക്കാരെത്തുന്ന പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ഡിപ്പോയുടെ ദുരവസ്ഥ എക്കാലവും ചര്‍ച്ചയാണ്.

deshabhimani

No comments:

Post a Comment