Tuesday, July 16, 2013

ബിജുരാധാകൃഷ്ണനുമായി സംസാരിച്ചത് ഏതു പ്രതിരോധ രഹസ്യം: എം എ ബേബി

അടച്ചിട്ട മുറിയില്‍ ബിജുരാധാകൃഷ്ണനുമായി ഒരു മണിക്കൂറോളം സംസാരിച്ചത് ഏതു പ്രതിരോധ രഹസ്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ആവശ്യപ്പെട്ടു. സത്യപ്രതിജ്ഞചെയ്ത മന്ത്രിമാര്‍ക്ക്, ചില കാര്യങ്ങള്‍ പറയില്ലെന്നു പറയാന്‍ അവകാശമുണ്ട്. രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്നം, സുഹൃദ് രാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കുന്നവ, പ്രതിരോധ രഹസ്യം എന്നിവയാണ് അവ. ഇതില്‍ ഏതെങ്കിലുമാണോ ബിജു രാധാകൃഷ്ണനുമായി ചര്‍ച്ച ചെയ്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. തലസ്ഥാന ജില്ലയുടെ വികസനം മുരടിപ്പിക്കുന്നതിനെതിരെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ എല്‍ഡിഎഫ് നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹത്തിന്റെ 15-ാം ദിവസത്തെ സമരം ഉദ്ഘാടനംചെയ്യുകയായിരുന്നു ബേബി.
തട്ടിപ്പിന്റെ വികസനംമാത്രമാണ് കേരളത്തില്‍. ഇതിന് ഊര്‍ജമായി സരിതോര്‍ജവുമുണ്ട്. നാടു മുഴുവന്‍ നശിപ്പിച്ചിട്ട് ഇപ്പോള്‍ മുഖം മിനുക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. മുഖമുണ്ടെങ്കിലേ അത് മിനുക്കാനാവൂ. പ്രതിസ്ഥാനത്തു നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിസര്‍ക്കാരിന് എന്ത് പ്രതിഛായയാണുള്ളത്. യുഡിഎഫ് ഭരണത്തില്‍ പദ്ധതികള്‍ കൊണ്ടുവരാന്‍ തനിക്ക് ധൈര്യമില്ലെന്ന് ആന്റണി പറഞ്ഞപ്പോള്‍തന്നെ ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമായിരുന്നു. ഈ സര്‍ക്കാരിന്റെ വികസന വിരുദ്ധതയെക്കുറിച്ചായിരുന്നു ആന്റണിയുടെ പരാമര്‍ശം. അന്നു രാജിവച്ചിരുന്നെങ്കില്‍ സരിതോര്‍ജത്തിന്റെ ഭാഗമായി രാജി വക്കേണ്ടതിന്റെ മാനക്കേട് ഒഴിവാക്കാമായിരുന്നു. രാജിയുടെ കാര്യത്തില്‍ ആന്റണി സ്വീകരിച്ച പാത പിന്തുടരാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകുന്നില്ല. കേരളത്തിലേത് അധഃപതിച്ച ഭരണമാണെന്ന് ആര്‍ച്ച് ബിഷപ് സൂസപാക്യംപോലും പറഞ്ഞു. ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമോയെന്ന് അദ്ദേഹംതന്നെ തീരുമാനിക്കണമെന്നും തിരുമേനിക്ക് പറയേണ്ടി വന്നില്ലേ എന്നും ബേബി പറഞ്ഞു.

നുണപരിശോധനയ്ക്ക് മുഖ്യമന്ത്രി തയ്യാറാകണം: ചെറിയാന്‍ ഫിലിപ്പ്

തിരു: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത നായരെ താന്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നത് വിശ്വാസയോഗ്യമല്ലാത്തതിനാല്‍ നുണപരിശോധനയ്ക്ക് സ്വയം തയ്യാറാകണമെന്ന് ചെറിയാന്‍ ഫിലിപ്പ് ആവശ്യപ്പെട്ടു.മുഖ്യമന്ത്രി വിവിധ സ്ഥലങ്ങളില്‍ വച്ച് സരിതയെ പലതവണ കാണുകയും തന്റെ ആറു സഹായികളുടെ ഫോണില്‍ സരിതയുമായി നിരവധി പ്രാവശ്യം സംസാരിക്കുകയും ചെയ്ത തെളിവുകള്‍ ലഭ്യമായിട്ടും പൊലീസ് മുഖ്യമന്ത്രിയെ ചോദ്യംചെയ്യാത്തത് ഒളിച്ചുകളിയുടെ ഭാഗമാണ്. പാമൊലിന്‍ കേസില്‍ വിജിലന്‍സ് അന്വേഷണസംഘം അന്ന് കെ കരുണാകരന്റെ മൊഴിയെടുത്തിരുന്നെന്നും ചെറിയാന്‍ ഫിലിപ്പ് വ്യക്തമാക്കി.

നൂറിലേറെ തവണ സരിതയെ വിളിച്ച എസ്ഐക്കെതിരെ അന്വേഷണമില്ല

സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായരെ നൂറിലേറെ തവണ ഫോണില്‍ വിളിക്കുകയും നിരവധി എസ്എംഎസ് അയക്കുകയും ചെയ്ത പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐക്കെതിരായ അന്വേഷണം അട്ടിമറിച്ചു. എറണാകുളം സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐയും പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗവുമായ സുരേഷ്ബാബുവിനെതിരെയുള്ള അന്വേഷണമാണ് രാഷ്ട്രീയസ്വാധീനത്താല്‍ ഉപേക്ഷിച്ചത്. സരിതയെ ഫോണില്‍ വിളിച്ചവരുടെ പട്ടിക പുറത്തുവന്നപ്പോഴാണ് എസ്ഐയുടെ വിവരവും പുറത്തായത്. എസ്ഐക്കെതിരെ വകുപ്പുതല അന്വേഷണം നടത്തുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും വേണ്ടെന്നുവച്ചതായാണ് വിവരം. സരിത അറസ്റ്റിലാകുംമുമ്പാണ് സുരേഷ്ബാബു പലതവണ ഫോണില്‍ വിളിച്ചത്. എന്നാല്‍, ഒരു കേസ് ഒത്തുതീര്‍ക്കുന്നതിന് വിളിച്ചു എന്ന മറുപടിയാണ് സുരേഷ്ബാബു നല്‍കിയത്. ഇത് അംഗീകരിച്ച് മേല്‍നടപടികള്‍ ഉപേക്ഷിക്കുകയായിരുന്നു. ഫോണ്‍ വിളിയെകുറിച്ചോ ഇവര്‍ തമ്മിലുള്ള ബന്ധത്തെകുറിച്ചോ അന്വേഷിക്കാന്‍ തയ്യാറായിട്ടില്ല. എസ്എംഎസ് സന്ദേശങ്ങളും പരിശോധിച്ചിട്ടില്ല. രാഷ്ട്രീയസ്വാധീനമുള്ള സുരേഷ് ഏതെങ്കിലും നേതാവിനുവേണ്ടിയാണൊ സരിതയെ വിളിച്ചത് എന്നും സംശയമുണ്ട്.

ശാലുവിന് ഒരു കേസ് കൂടി

കൊച്ചി: കൊലക്കേസ് പ്രതി ബിജുരാധാകൃഷ്ണനെ രക്ഷപ്പെടാന്‍ സഹായിച്ചതിന് സിനിമാ സീരിയല്‍ നടി ശാലുമേനോനെതിരെ മറ്റൊരുകേസ് കൂടി ചുമത്തി. ബിജുരാധാകൃഷ്ണനൊപ്പം സോളാര്‍ തട്ടിപ്പ്കേസില്‍ പ്രതിയായ ശാലുമേനോന്‍ ഇപ്പോള്‍ അട്ടകുളങ്ങര വനിതാ ജയിലില്‍ റിമാന്‍ഡിലാണ്.

പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കെ ബിജുരാധാകൃഷ്ണനെ കാറില്‍ തൃശൂര്‍ വരെ കൊണ്ടുവിടുകയും ചെന്നെയിലേക്ക് രക്ഷപ്പെടാന്‍ തന്റെ മൊബൈല്‍ ഫോണ്‍ നല്‍കുകയും ചെയ്തതായി ശാലു തന്നെ വെളിപ്പെടുത്തിയിരുന്നു. കേസില്‍ മൂന്നാംപ്രതിയാക്കി പെരുമ്പാവൂര്‍ പൊലീസാണ് കേസെടുത്തത്.

ശാലുവിന് 71 ലക്ഷത്തിന്റെ വസ്തു ഇടപാട്: അന്വേഷകര്‍ പീഡിപ്പിക്കുന്നതിനെതിരെ ഇടപാടുകാരന്‍ ഹൈക്കോടതിയില്‍

ചങ്ങനാശേരി: നടി ശാലുമേനോനുമായി വസ്തു ഇടപാടിനായി കരാറില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ സോളാര്‍ തട്ടിപ്പുകേസ് അന്വേഷണസംഘം പീഡിപ്പിക്കുന്നതായി ജ്വല്ലറി ഉടമ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ചങ്ങനാശേരി അറയ്ക്കല്‍ ജ്വല്ലറി ഉടമ വാഴപ്പള്ളി അറയ്ക്കപ്പറമ്പില്‍ നിധിന്‍ നിവാസില്‍ ശെല്‍വരാജാണ്് ഹര്‍ജി നല്‍കിയത്. ഹൈക്കോടതി പൊലീസിനോട് വിശദീകരണം തേടി. ശാലുമേനോന് 71 ലക്ഷം രൂപയ്ക്ക് വസ്തു കൈമാറുന്നതിന് നേരത്തെ ശെല്‍വരാജ് കരാറിലെത്തിയിരുന്നു. അഡ്വാന്‍സായി ഏഴു ലക്ഷം രൂപ ശാലു നല്‍കി. ശാലുവിന്റെ വീടിനോട് ചേര്‍ന്നുള്ള പതിമൂന്നര സെന്റ് സ്ഥലവും വീടും വാങ്ങാനാണ് അഡ്വാന്‍സ് നല്‍കിയത്. ഇതിനുശേഷമാണ് സോളാര്‍ തട്ടിപ്പ് കേസില്‍ ശാലു അറസ്റ്റിലായത്. ശാലു അഡ്വാന്‍സ് നല്‍കിയ ഏഴു ലക്ഷം രൂപ ഹാജരാക്കാന്‍ ശെല്‍വരാജിനോട് പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുകയാണ്. ആ പണം മറ്റാവശ്യങ്ങള്‍ക്കായി ചെലവഴിച്ചെന്നും ഹാജരാക്കാനാവില്ലെന്നും ശെല്‍വരാജ് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നിട്ടും നിരന്തരം പീഡനം തുടര്‍ന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.

പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കേസില്‍ സരിതയെ ഹാജരാക്കി

പത്തനംതിട്ട: നേരത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന കേസില്‍ സരിത എസ് നായരെ കോടതിയില്‍ ഹാജരാക്കി. കോഴഞ്ചേരിയിലെ സ്വകാര്യ പണമിടമാട് സ്ഥാപനത്തിലെ മാനേജരായി ജോലിചെയ്യവെ ഇടപാടുകാരില്‍നിന്ന് പണംതട്ടിയ കേസില്‍ 2007 ലാണ് കോടതി സരിതയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. തിങ്കളാഴ്ച പത്തനംതിട്ട ജഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്)യില്‍ ഹാജരാക്കിയ ഇവരെ 29 വരെ റിമാന്‍ഡ്ചെയ്തു. 2003-2005 കാലത്താണ് തട്ടിപ്പ് നടത്തിയത്. കേരള ഹൗസിങ് ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ നന്ദിനി എസ് നായര്‍ എന്ന പേരിലാണ് സരിത അറിയപ്പെട്ടിരുന്നത്. നിക്ഷേപകരുടെ പണം വ്യാജ ഒപ്പിട്ട് തട്ടിയെടുത്തെന്നാണ് കേസ്.

deshabhimani

No comments:

Post a Comment