Wednesday, July 17, 2013

സോളാര്‍ തട്ടിപ്പ്: ഹൈക്കോടതി കേസ്ഡയറി പരിശോധിക്കും

സോളാര്‍ തട്ടിപ്പു സംബന്ധിച്ച അന്വേഷണത്തിന്റെ കേസ്ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. അഡ്വക്കറ്റ് ജനറല്‍ കേസ്ഡയറി കോടതിക്കു കൈമാറി. കേസ് ഡയറി പരിശോധിക്കാനുള്ള കോടതി തീരുമാനം, കേരളത്തെ പിടിച്ചുലച്ച സോളാര്‍ തട്ടിപ്പിന്റെ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവാകും.

മുഖ്യമന്ത്രിയുടെ സഹായിയായ, പ്രതി ടെന്നിജോപ്പന്റെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വാദം പൂര്‍ത്തിയാക്കിയ ഘട്ടത്തിലാണ് ജസ്റ്റിസ് എസ് എസ് സതീശചന്ദ്രന്‍ കേസ്്ഡയറി ഹാജരാക്കാന്‍ അഡ്വക്കറ്റ് ജനറലിനോട് ആവശ്യപ്പെട്ടത്. അന്വേഷണത്തിന്റെ വിശദാംശങ്ങളും സാക്ഷിമൊഴികളും അടങ്ങുന്നതാണ് കേസ്ഡയറി. അന്വേഷണത്തിലെ പോരായ്മകളും വീഴ്ചകളും സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘത്തിനെതിരെ നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് കേസ്ഡയറി കോടതി പരിശോധിക്കുന്നത്. പരാതിക്ക് കാരണമായ ഇടപാടുകള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് വേദിയായതും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലിംരാജ്, പിഎ ജിക്കുമോന്‍ ജേക്കബ് എന്നിവരുമായി പ്രതികള്‍ ഫോണ്‍ വിളിച്ചതിന്റെ തെളിവുകള്‍ ലഭിച്ചിട്ടും ഇവരെ അറസ്റ്റ്ചെയ്യാത്തതും വിവാദമായ സാഹചര്യത്തിലാണ് കേസ് അന്വേഷണം കോടതി പരിശോധിക്കുന്നത്.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവവികാസങ്ങളില്‍ മൂകസാക്ഷിയായി നോക്കിനില്‍ക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം പിആര്‍ഡി മുന്‍ ഡയറക്ടര്‍ ഫിറോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ബിജു രാധാകൃഷ്ണന്റെയും സരിതയുടെയും ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായ ടെന്നി ജോപ്പന് നേരത്തെ അറിയാമായിരുന്നെന്ന് ചൊവ്വാഴ്ച്ച ജാമ്യഹര്‍ജിയുടെ വാദത്തിനിടെ അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിലെ പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ ഇരുവരുടെയും ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് ജോപ്പന് മുന്‍കൂട്ടി വിവരം നല്‍കിയിരുന്നു. അതു വകവയ്ക്കാതെയാണ് സരിതയും ബിജുവുമായി ജോപ്പന്‍ ഇടപാടുകള്‍ നടത്തിയത്. ജോപ്പനെ വിശ്വസിച്ചാണ് സോളര്‍ തട്ടിപ്പുകേസിലെ പരാതിക്കാരന്‍ ബിജുവിനും സരിതയ്ക്കും പണം നല്‍കിയത്. ഇടപാടില്‍ ജോപ്പന് സാമ്പത്തികനേട്ടം ഉണ്ടായിട്ടുണ്ടെന്നും ഇയാളുടെ ക്വാര്‍ട്ടേഴ്സിലും തിരുവല്ലയിലെ വീട്ടിലും ബിജു രാധാകൃഷ്ണന്‍ എത്താറുണ്ടായിരുന്നുവെന്നും ജോപ്പന്റെ ഭാര്യ അന്വേഷണസംഘത്തിനു മൊഴി നല്‍കിയിട്ടുണ്ടെന്നും എജി വിശദീകരിച്ചു.

ബിജുവും സരിതയും ജോപ്പനുമായി ടെലിഫോണില്‍ ബന്ധപ്പെട്ടതിനും തെളിവു ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുന്നതിനാല്‍ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും എജി ആവശ്യപ്പെട്ടു. ബിജുവിന്റെ മൊഴിയിലും ജോപ്പന്റെ പങ്ക് സംബന്ധിച്ച് വിവരങ്ങളുണ്ട്. തട്ടിപ്പിന്റെ ഗൂഢാലോചനയില്‍ പ്രതിക്ക് പങ്കുണ്ടെന്ന് കരുതേണ്ടിയിരിക്കുന്നുവെന്നും എജി വാദിച്ചു. അതേസമയം സോളാര്‍ തട്ടിപ്പില്‍ ജോപ്പന് സാമ്പത്തികനേട്ടമുള്ളതായി പരാതിക്കാരന്‍ ശ്രീധരന്‍നായര്‍ക്ക് ആക്ഷേപമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിരവധി ആളുകള്‍ ദിവസവും എത്താറുണ്ടെന്നും ഇവര്‍ ആരൊക്കെയാണെന്ന് അന്വേഷിക്കാറില്ലെന്നും ജോപ്പന്റെ അഭിഭാഷകന്‍ പി വിജയഭാനു വാദിച്ചു. റിമാന്‍ഡില്‍ കഴിയുന്ന ശാലുമേനോന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പ്രോസിക്യൂഷന്റെ നിലപാട് അറിയുന്നതിന് വെള്ളിയാഴ്ചത്തേക്കു മാറ്റി.

deshabhimani

No comments:

Post a Comment