Sunday, July 14, 2013

കേരളത്തില്‍ 58 ശതമാനം പേരും പുറത്താകും

രണ്ടാം യുപിഎ സര്‍ക്കാര്‍ വന്‍ പ്രചാരണം നല്‍കി നടപ്പാക്കുന്ന ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍നിന്ന് കേരളത്തില്‍ 58 ശതമാനം പേരും പുറത്താകും. 42 ശതമാനത്തിനു മാത്രമേ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇവര്‍ക്ക് എപിഎല്‍ നിരക്കിലെങ്കിലും ഭക്ഷ്യധാന്യം ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിച്ചതായും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയും വിളിച്ചുചേര്‍ത്ത കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ആഗസ്ത് 20 മുതല്‍ ഭക്ഷ്യസുരക്ഷാപദ്ധതി നടപ്പാക്കാന്‍ ധാരണയായി. എന്നാല്‍, കേരളത്തില്‍ ഈ സമയത്തിനകം പദ്ധതി തുടങ്ങാമെന്ന ഉറപ്പുനല്‍കിയില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാന ഭക്ഷ്യമന്ത്രിയും ഉദ്യോഗസ്ഥരും അടുത്തയാഴ്ച ഡല്‍ഹിയിലെത്തി കേന്ദ്ര ഭക്ഷ്യസഹമന്ത്രി കെ വി തോമസുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തും. ഇതിനുശേഷമേ പദ്ധതി കേരളത്തില്‍ നടപ്പാക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകൂ. പദ്ധതി നടപ്പാക്കുമ്പോള്‍ സംസ്ഥാനത്ത് 58 ശതമാനവും പുറത്താകുന്ന സ്ഥിതിയുണ്ട്. നൂറുശതമാനം പേര്‍ക്കും നിയമപരമായി റേഷന്‍ ആനുകൂല്യം ഉറപ്പാക്കിയ സംസ്ഥാനമാണ് കേരളം. ഭക്ഷ്യസുരക്ഷാപദ്ധതി നടപ്പാക്കുമ്പോഴും ഇതില്‍ മാറ്റമുണ്ടാകരുതെന്ന് അഭ്യര്‍ഥിച്ചു.

നിലവില്‍ കിലോഗ്രാമിന് 6.20 മുതല്‍ 8.90 വരെ നിരക്കിലാണ് കേന്ദ്രത്തില്‍നിന്ന് ഭക്ഷ്യധാന്യം ലഭിക്കുന്നത്. 8.90 രൂപ എപിഎല്‍ നിരക്കാണ്. ഭക്ഷ്യസുരക്ഷാപദ്ധതിയില്‍ വരാത്ത 58 ശതമാനം പേര്‍ക്കായി 8.90 രൂപ നിരക്കില്‍ അരി അനുവദിക്കണമെന്ന ആവശ്യം കേന്ദ്രം തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. ഭക്ഷ്യധാന്യം റേഷന്‍കടകളില്‍ എത്തിക്കാനുള്ള ചരക്കുകൂലി സംസ്ഥാനങ്ങള്‍ വഹിക്കണമെന്നാണ് ഭക്ഷ്യസുരക്ഷാ ഓര്‍ഡിനന്‍സിലുള്ളത്. ഈ ഇനത്തില്‍ കേരളത്തിന് വര്‍ഷംതോറും 270 കോടി രൂപ ചെലവുവരും. ഇത് വലിയ ബാധ്യതയാണ്. ചെലവില്‍ അമ്പതുശതമാനം കേന്ദ്രം വഹിക്കണമെന്ന ആവശ്യവും കേന്ദ്രം തത്വത്തില്‍ അംഗീകരിച്ചു. പദ്ധതി വന്നാലും അരി കിലോഗ്രാമിന് ഒരുരൂപ പദ്ധതി തുടരും. ഭക്ഷ്യധാന്യം സൂക്ഷിക്കാന്‍ താലൂക്കുതലം വരെ ഗോഡൗണുകള്‍ വേണമെന്നും നിയമത്തിലുണ്ട്. നിലവില്‍ സ്വകാര്യ ഗോഡൗണുകളും മറ്റുമാണ് ആശ്രയം. താലൂക്കുതലത്തില്‍ ഗോഡൗണുകള്‍ ഒരുക്കാന്‍ 178 കോടി രൂപയെങ്കിലും വേണം. ഈ തുക നബാര്‍ഡില്‍ നിന്ന് ഗ്രാമീണ പശ്ചാത്തലസൗകര്യ വികസനനിധി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വായ്പയായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതായും ഉമ്മന്‍ചാണ്ടി പറഞ്ഞു.

deshabhimani

No comments:

Post a Comment