Sunday, July 14, 2013

ഉമ്മന്‍ചാണ്ടിക്ക് സോണിയയുടെ താക്കീത്

സോളാര്‍ അഴിമതിയില്‍പ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ താക്കീത്. സര്‍ക്കാരിന്റെ പോക്ക് ഈ നിലയ്ക്കാണെങ്കില്‍ തലപ്പത്ത് അധികനാള്‍ തുടരാനാകില്ലെന്ന് ഉമ്മന്‍ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയില്‍ സോണിയ വ്യക്തമാക്കി. സര്‍ക്കാരിന്റെ പ്രവര്‍ത്തനശൈലി മാറ്റണമെന്നാവശ്യപ്പെട്ട സോണിയ, പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരവെ യുഡിഎഫ് സര്‍ക്കാര്‍ അഴിമതിയിലും അനാശാസ്യങ്ങളിലും മുങ്ങിത്താഴുന്നതില്‍ സോണിയ കടുത്ത അതൃപ്തി അറിയിച്ചു. മുഖ്യമന്ത്രി എന്നനിലയില്‍ വീഴ്ചകളില്ലെന്ന് വിശദീകരിക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചെങ്കിലും സോണിയ അംഗീകരിച്ചില്ല. അഞ്ചാംമന്ത്രി പ്രശ്നംമുതലിങ്ങോട്ട് മുഖ്യമന്ത്രി എന്നനിലയില്‍ ഉമ്മന്‍ചാണ്ടി സ്വീകരിച്ച തീരുമാനങ്ങള്‍ കോണ്‍ഗ്രസിന് ദോഷമായെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചിട്ടുള്ളതെന്ന് സോണിയ തുറന്നടിച്ചു. സര്‍ക്കാരിന്റെ തലവന്‍ എന്നനിലയില്‍ കോണ്‍ഗ്രസിനെ ഐക്യത്തോടെ കൊണ്ടുപോകുന്നതില്‍ ഉമ്മന്‍ചാണ്ടിക്ക് പാളിച്ച സംഭവിച്ചുവെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് അധ്യക്ഷ. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഇത്രയേറെ ആള്‍ക്കാര്‍ എങ്ങനെ തട്ടിപ്പുസംഘത്തിന്റെ ഒത്താശക്കാരായെന്ന ചോദ്യവും ഉമ്മന്‍ചാണ്ടിക്ക് നേരിടേണ്ടിവന്നു. സ്റ്റാഫിനെയും സഹായികളെയും മറ്റും നിശ്ചയിക്കുമ്പോള്‍ സൂക്ഷ്മത പാലിക്കണമെന്നും ഇനിയൊരവസരം ഉണ്ടാകില്ലെന്നും സോണിയ മുന്നറിയിപ്പ് നല്‍കി.
സര്‍ക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള നടപടിസംബന്ധിച്ച് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായും സോണിയ കൂടിക്കാഴ്ച നടത്തും. പ്രതിസന്ധിയില്‍നിന്ന് പുറത്തുവരുന്നതിന് മന്ത്രിസഭയില്‍ അഴിച്ചുപണി അനിവാര്യമാണെന്ന് സോണിയ ഗാന്ധി നിര്‍ദേശിക്കുന്നു. അഴിച്ചുപണി ഏതുരീതിയില്‍ വേണമെന്ന് സംസ്ഥാന നേതാക്കളുമായി കൂടിയാലോചിക്കാന്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് തിരുവനന്തപുരത്തെത്തും. വാസ്നിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടി. മുഖ്യമന്ത്രി ഉടന്‍ രാജിവയ്ക്കണമെന്ന ആവശ്യം സോണിയ മുന്നോട്ടുവച്ചിട്ടില്ലെങ്കിലും അന്വേഷണഘട്ടത്തില്‍ ഉമ്മന്‍ചാണ്ടി കൂടുതല്‍ പ്രതിരോധത്തിലായാല്‍ കേന്ദ്രനേതൃത്വത്തിന്റെ നിലപാട് മാറും.

മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും മറ്റുമെതിരായ ആക്ഷേപങ്ങള്‍ സംസ്ഥാന പൊലീസ്തന്നെ അന്വേഷിക്കുന്നത് അനൗചിത്യമാണെന്ന അഭിപ്രായം ചില മുതിര്‍ന്ന കേന്ദ്രനേതാക്കള്‍ക്കുണ്ട്. ഇത്രയേറെ വിവാദം ഉയര്‍ന്നിട്ടും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനത്ത് തുടരുന്നത് കേരളത്തിലെ ചില പ്രത്യേക സാഹചര്യങ്ങള്‍ കാരണമാണെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. ശനിയാഴ്ച വൈകിട്ടായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷയുമായി ഉമ്മന്‍ചാണ്ടിയുടെ കൂടിക്കാഴ്ച. പ്രതിരോധമന്ത്രി എ കെ ആന്റണി, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് എന്നിവരുമായും കൂടിക്കാഴ്ച നടത്തി. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷയെ ധരിപ്പിച്ചതായി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി നീങ്ങണമെന്ന് സോണിയഗാന്ധി നിര്‍ദേശിച്ചു. മന്ത്രിസഭാ അഴിച്ചുപണി ചര്‍ച്ചാവിഷയമായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
(എം പ്രശാന്ത്)

മുഖ്യമന്ത്രിയെ ചോദ്യംചെയ്യണം: പന്ന്യന്‍

തിരു: സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിയെ ചോദ്യംചെയ്യണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തട്ടിപ്പുവീരന്മാരെ സംരക്ഷിക്കാനും തെളിവു നശിപ്പിക്കാനും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മത്സരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസി ടിവിയുടെ ഹാര്‍ഡ് ഡിസ്ക് ഇതുവരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടില്ല. സരിതയും കൂട്ടരും പത്തുകോടിയുടെ തട്ടിപ്പേ നടത്തിയുള്ളൂഎന്ന മുഖ്യമന്ത്രിയുടെ വാദം തട്ടിപ്പ് ലഘൂകരിക്കാനാണ്. ബിജുരാധാകൃഷ്ണനുമായി കൊച്ചിയില്‍ ചര്‍ച്ച നടത്തിയത് എന്താണെന്ന് മുഖ്യമന്ത്രി പുറത്തുപറഞ്ഞിട്ടില്ല. ഇതെല്ലാം പുറത്തുവരാന്‍ മുഖ്യമന്ത്രിയെ ചോദ്യംചെയ്യണം. ഗ്രനേഡ് പൊട്ടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലായ വി എസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷനേതാക്കളോട് വിവരം തിരക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറായില്ല. കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷിന്റെ തട്ടിപ്പിലെ പങ്കിനെക്കുറിച്ച് അന്വേഷിക്കണം. മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം ഭയക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും പന്ന്യന്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment